പൂക്കോട്ടുപാടം വിഗ്രഹം തകര്‍ക്കല്‍: രാജാറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിയെ വലയിലാക്കാന്‍ സഹായിച്ചത് ക്ഷേത്രകമ്മിറ്റിയുടെ സമയോചിത ഇടപെടല്‍

കലാപാഹ്വാനവും മുസ്ലിം-കമ്മ്യൂണിസ്റ്റ് വിഭാഗങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണവും ഒരു ഭാഗത്ത് പടര്‍ന്നുപിടിക്കവെ, എത്രയും വേഗം പ്രതിയെ പിടികൂടി സംഘപരിവാര്‍ ശക്തികള്‍ക്ക് തിരിച്ചടി നല്‍കാന്‍ പൊലീസിനായി. പൊലിസ് ഉദ്യോഗസ്ഥരുടെ ഈ നീക്കങ്ങള്‍ക്കു സഹായകമായത് ക്ഷേത്രകമ്മിറ്റിയുടെ സമയോചിത ഇടപെടലായിരുന്നുവെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടി.

പൂക്കോട്ടുപാടം വിഗ്രഹം തകര്‍ക്കല്‍: രാജാറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിയെ വലയിലാക്കാന്‍ സഹായിച്ചത് ക്ഷേത്രകമ്മിറ്റിയുടെ സമയോചിത ഇടപെടല്‍

മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്വത്ത് മഹാദേവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിലെ പ്രതി രാജാറാം മോഹന്‍ദാസ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാജാറാമിനെതിരെ ഐപിസി 451 (അതിക്രമിച്ചുകയറല്‍), 153 (വിദ്വേഷം വളര്‍ത്തല്‍), 295 (ആരാധനാലയങ്ങളില്‍ കടന്നുകയറി നാശനഷ്ടം വരുത്തി വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കുക) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കലാപാഹ്വാനവും മുസ്ലിം-കമ്മ്യൂണിസ്റ്റ് വിഭാഗങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണവും ഒരു ഭാഗത്ത് പടര്‍ന്നുപിടിക്കവെ, എത്രയും വേഗം പ്രതിയെ പിടികൂടി സംഘപരിവാര്‍ ശക്തികള്‍ക്ക് തിരിച്ചടി നല്‍കാന്‍ പൊലീസിനായി. പൊലിസ് ഉദ്യോഗസ്ഥരുടെ ഈ നീക്കങ്ങള്‍ക്കു സഹായകമായത് ക്ഷേത്രകമ്മിറ്റിയുടെ സമയോചിത ഇടപെടലായിരുന്നുവെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടി.

റംസാന്‍ ഒന്നായ ഇന്നലെ പുലര്‍ച്ചെയാണ് രാജാറാം മോഹന്‍ദാസ് ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിലുകള്‍ക്കുള്ളിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം തകര്‍ത്തത്. ശ്രീകോവിലിനു സമീപമുള്ള നിര്‍മാല്യക്കല്ല് ഇളക്കിയെടുത്താണ് ഇയാള്‍ വിഗ്രഹങ്ങള്‍ ഇടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.

ഈ സമയം ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ചുറ്റമ്പലത്തിന്റെ ഓടിളകിയ നിലയില്‍ കണ്ടത്. പിന്നീട് അകത്തുകയറി നോക്കുമ്പോഴാണ് ശ്രീകോവിലുകളുടെ വാതില്‍ പൊളിച്ച് വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി കാണുന്നത്. തുടര്‍ന്ന്, പ്രദേശത്തു പരിശോധന നടത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ രാജാറാമിനെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.

തൃശൂരിലേക്കുള്ള ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ക്ഷേത്രത്തിനു മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ രാജാറാമിനെ പിടികൂടി ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തിക്കുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന്, അവിടെയുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ വിവരമറിയിക്കുകയും ഇദ്ദേഹമെത്തി രാജാറാമിന്റെ മമ്പാടുള്ള വീടിന്റെ വിലാസം കുറിച്ചെടുക്കുകയും ചെയ്തു. പിന്നീട്, സംഭവമറിഞ്ഞ് നാട്ടുകാര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയതോടെ ബഹളമുണ്ടാകുകയും ഇതിനിടെ ഇയാള്‍ ഇവിടെ നിന്നും രക്ഷപെടുകയുമായിരുന്നു.

ഇതോടെ, സിവില്‍ പൊലീസ് ഓഫീസര്‍ പൂക്കോട്ടുംപാടം പൊലീസിനെ വിവരമറിയിക്കുകയും അവര്‍ നിലമ്പൂര്‍ സിഐ ദേവസ്യക്ക് ഇത് കൈമാറുകയുമായിരുന്നു. അധികം താമസിയാതെ തന്നെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജാറാമിന്റെ മമ്പാട്ടെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നുവെന്ന് ഡിവൈഎസ്പി മോഹനചന്ദ്രന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. എംഎല്‍എ പി വി അന്‍വര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗവും ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. എന്നാല്‍, പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഉച്ചയോടെ തന്നെ പ്രതിയെ പിടികൂടി സാമുദായിക കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടകള്‍ക്കു തടയിടാന്‍ പൊലീസിനായി.

ഏഴെട്ടുവര്‍ഷമായി ഇയാള്‍ മമ്പാട്ട് മൂന്നാലു വീടുകളിലായി മാറി മാറി താമസിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിലേക്ക് പ്രതിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്നു കൃത്യമായി ബോധ്യമാകണമെങ്കില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അത് നടന്നുവരികയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം മോഹനചന്ദ്രന്‍, വണ്ടൂര്‍ സിഐ എ ജെ ജോണ്‍സണ്‍, നിലമ്പൂര്‍ സി ഐ കെ എം ദേവസ്യ, എടക്കര സിഐ സന്തോഷ്, എസ്‌ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി പി ശിവദാസന്‍ തുടങ്ങിയവരാണുള്ളത്. എംഎസ്പി ക്യാംപിലേതുള്‍പ്പെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.