ലൈവ് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ മാവോയിസ്റ്റുകളാക്കി; ജാതിമതിലിൽ ആർഎസ്എസ് അജണ്ട നടപ്പാക്കി പൊലീസ്

വടയമ്പാടിയിൽ പൊലീസ് അതിക്രമം ലൈവ് ചെയ്ത ന്യൂസ് പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരി, ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജ​ഗോപാൽ എന്നിവരെയാണ് ആർഎസ്എസ് അജണ്ട നടപ്പാക്കി പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈവ് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ മാവോയിസ്റ്റുകളാക്കി; ജാതിമതിലിൽ ആർഎസ്എസ് അജണ്ട നടപ്പാക്കി പൊലീസ്

എറണാകുളം വടയമ്പാടിയിൽ ആർഎസ്എസ് നിർമിച്ച ജാതി മതിലിനെതിരെ കേരളാ പുലയമഹാസഭ നടത്തുന്ന സമരത്തിനു നേർക്കുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മാവോയിസ്റ്റുകളാക്കി അറസ്റ്റ് ചെയ്തു. ന്യൂസ് പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരി, ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജ​ഗോപാൽ എന്നിവരെയാണ് രാമമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അതിക്രമം ന്യൂസ് പോർട്ടിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അഭിലാഷ്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്നു പുലർച്ചെ അഞ്ചരയോടെ റവന്യൂ അധികൃതരോടൊപ്പം സമരപ്പന്തലിലേക്ക് ഇരച്ചെത്തിയ പൊലീസ് സമരക്കാർക്കു നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. ഈ സമയം അവിടെയെത്തുകയും റിപ്പോർട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു ഇരുവരും. സമരക്കാരെ ആക്രമിച്ച് പന്തൽ അടിച്ചുതകർത്ത പൊലീസ് സമരസമിതി കൺവീനറും കെപിഎംഎസ് നേതാക്കളുമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകരേയും അറസ്റ്റ് ചെയ്തത്.

അതേസമയം, അറസ്റ്റിലായ മാധ്യമപ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് രാമം​ഗലം സിഐ സാജൻ സേവ്യറുടെ ആരോപണം. കളക്ടറുടെ ഉത്തരവനുസരിച്ച് കുന്നത്തുനാട് താലൂക്ക് തഹസീൽദാർ സമരപ്പന്തൽ പൊളിക്കാൻ എത്തിയപ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തങ്ങൾ അവിടെയെത്തിയതെന്നും പൊലീസ് നാരദാ ന്യൂസിനോടു പറഞ്ഞു.‍ പൊതുസ്ഥലത്ത് നിർമിച്ച സമരപ്പന്തൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത ഉയർത്തിയിരുന്നു. സമരപ്പന്തൽ മുമ്പ് ഒരുതവണ ആരോ കത്തിച്ചിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യം ഉത്സവത്തിനിടെ ഉണ്ടായാൽ ​​ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാ​ഗ്രത പാലിച്ചതെന്നാണ് സിഐയുടെ ഭാഷ്യം.

കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച തഹസീൽദാരെ തടയാൻ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ സമരക്കാരിൽ ഒരാൾ ആത്മഹത്യക്കും ശ്രമിച്ചു. സമരപ്പന്തലിൽ നിന്നു കണ്ട പുറത്തുനിന്നെത്തിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോൾ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ നിറ്റാ ജലാറ്റിൻ അടക്കമുള്ള കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി. ഇതേ തുടർന്ന് ഇവരുടെ ഫോട്ടോകൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കെെമാറിയിരിക്കുകയാണ്.

ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂക്ഷ്മ പരിശോധനകൾ നടക്കുന്നത്. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ, ഞാറ്റുവേല സാംസ്കാരിക സംഘം എന്നിവയുടെ പ്രവർത്തകരുമാണ് ഇവർ. ചേലക്കുളത്ത് കഴിഞ്ഞദിവസം നടന്ന ഞാറ്റുവേലയുടെ പരിപാടിയിലും ഇവർ പങ്കെടുത്തിരുന്നതായും ഇരുവരും മാധ്യമപ്രവർത്തകരാണ് എന്നു തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സിഐയുടെ വാദം. പോരാട്ടം അടക്കമുള്ള പുറത്തുനിന്നുള്ള സംഘങ്ങൾ സമരത്തിന് ഉള്ളിലുണ്ട്. ഇന്ന് സമരപ്പന്തൽ പൊളിക്കുമ്പോൾ ഒമ്പത് ലിറ്റർ ഡീസൽ പന്തലിൽ നിന്ന് കണ്ടെത്തിയതായും സിഐ പറയുന്നു.

എഞ്ചിനീയറിങ് പൂർത്തിയാക്കിയ അഭിലാഷ് കണ്ണൂർ സ്വദേശിയും അനന്തു എറണാകുളം സ്വദേശിയുമാണ്. മനുഷ്യാവകാശ സമര രം​ഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ഇരുവരും. ​ഹൈദ്രാബാദ് സർവ്വകലാശാലയിൽ ​ഗവേഷക വിദ്യാർത്ഥി കൂടിയായ അനന്തു രാജ​ഗോപാൽ ഒരാഴ്ചയായി ഞങ്ങളുടെ പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ആളാണെന്നും സ്റ്റാഫ് റിപ്പോർട്ടർ അല്ലെന്നും ഡെക്കാൻ ക്രോണിക്കിൾ എക്സിക്യുട്ടീവ് എഡിറ്റർ കെ ജെ ജേക്കബ് നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>