നാരദ ന്യൂസ് ഇംപാക്ട്; ജിഷ്ണു കേസ് പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം നാട് വളഞ്ഞു

കോളേജിലെ ഇന്‍വിജിലേറ്ററായ പ്രവീണാണ് കോപ്പിയടിച്ചു എന്നാരോപിച്ച് ജിഷ്ണുവിനെ പരീക്ഷാ ഹാളില്‍ നിന്ന് പിടികൂടിയത്

നാരദ ന്യൂസ് ഇംപാക്ട്; ജിഷ്ണു കേസ് പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം നാട് വളഞ്ഞു

ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി സി പി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നാട് വളഞ്ഞു. പ്രവീണ്‍ നാട്ടില്‍ത്തന്നെയുണ്ടെന്ന നാരദ ന്യൂസ് എക്‌സ്‌ക്ലുസീവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാലക്കാട് എസ് പി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ സിഐ ഹംസയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാട് വളഞ്ഞിരിക്കുന്നത്.

ചെറുതുരുത്തി എസ്ഐ പത്മരാജന്‍, പഴയന്നൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശശീന്ദ്രന്‍, തൃശ്ശൂര്‍ വനിതാ സെല്ലിലെ ഉദയ ചന്ദ്രിക എന്നിവരാണ് മറ്റു സംഘാംഗങ്ങള്‍.

പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രവീണ്‍ സ്വന്തം നാടായ പാലക്കാട് പൊല്‍പ്പള്ളിയില്‍ സൈ്വര്യവിവാരം നടത്തുന്നതായുള്ള വാര്‍ത്ത നാരദ ഇന്നലെയാണ് പുറത്തുവിട്ടത്. പ്രവീണ്‍ നാട്ടിലെ ബാങ്കിലെത്തി പണം പിന്‍വലിക്കുക കൂടി ചെയ്തിട്ടും പോലീസ് സംഭവമറിഞ്ഞില്ലെന്ന വിവരം നാരദ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.

ആകെ അ‍ഞ്ചുപ്രതികളുള്ള കേസിൽ മൂന്നാംപ്രതിയും കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേൽ ഇന്ന് അറസ്റ്റിലായിരുന്നു. ഇയാളെ അൽപസമയത്തിനകം തൃശൂർ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്യും.

നേരത്തെ, ഒന്നാംപ്രതിയും നെഹ്രു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ പി കൃഷ്ണദാസും രണ്ടാംപ്രതിയും കോളേജ് പിആർഒയുമായ സഞ്ജിത് വിശ്വനാഥനുമാണ് അറസ്റ്റിലായിരുന്നത്. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ വിട്ടയച്ചിരുന്നു. അ‍ഞ്ചാം പ്രതി ഡിപിൻ ആണ് ഇനി അറസ്റ്റിലാവാനുള്ളത്. എന്നാല്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലില്ല.