പിണറായി പാര്‍ട്ടിക്ക് ഭാരമാണോയെന്ന് തുറന്നടിച്ച് കവി സച്ചിദാനന്ദന്‍

അതിരപ്പള്ളി, ജേക്കബ് തോമസ്, ലോക്‌നാഥ് ബഹ്‌റ, മോറല്‍ പോലീസിങ്ങ് തുടങ്ങിയവയും തന്റെ പ്രതികരണത്തിന് കാരണമെന്ന് സച്ചിദാനന്ദന്‍ വിശദീകരിക്കുന്നു

പിണറായി പാര്‍ട്ടിക്ക് ഭാരമാണോയെന്ന് തുറന്നടിച്ച് കവി സച്ചിദാനന്ദന്‍

കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക് പിന്നാലെ പിണറായി വിജയനെതിരെ പരസ്യപ്രതികരണം നടത്തി കവി സച്ചിദാനന്ദനും. 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഭാരമായി മാറുകയാണോ?' എന്നാണ് സച്ചിദാനന്ദന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.


ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം മാത്രമല്ല പ്രതികരണത്തിന് കാരണമെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം. ഈ ജനകീയ സര്‍ക്കാരിനെ തകര്‍ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ആ ലക്ഷ്യം തകര്‍ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- എന്നു പറഞ്ഞ ഷഫീക്കിനോട് വേറെ ആരും തകര്‍ക്കേണ്ടി വരില്ലെന്നു തോന്നുന്നു എന്ന് സച്ചിദാനന്ദന്‍ തിരിച്ചടിക്കുന്നു.


ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന് പോലീസിന്റെ തെറ്റുകളെ ന്യായീകരിക്കാന്‍ കഴിയുമോ? എല്ലാ അടിച്ചമര്‍ത്തലുകളും സഹിച്ചും സ്വന്തം വംശത്തിലെ ഒരു ഇരയെ വേട്ടയാടുന്നതിനെ അനുകൂലിച്ചും ഭരണവ്യവസ്ഥയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇക്കാര്യത്തെ എതിര്‍ക്കാന്‍ ധാര്‍മികമായി അവകാശമില്ല- മറ്റൊരു പോസ്റ്റില്‍ സച്ചിദാനന്ദന്‍ പറയുന്നു

സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന വിധം സെറ്റു ചെയ്ത പോസ്റ്റിലാണ് സച്ചിദാനന്ദന്‍റെ തുറന്നു പറച്ചിലുകള്‍