ചട്ടങ്ങളെ മാറ്റുമെന്ന് മോഹിപ്പിച്ചവര്‍ വന്നിട്ടും ചട്ടദുഷ്ടത: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കവി കെജിഎസ്

അന്ധധാര്‍ഷ്ട്യവുമായി അധികാരം മഹിജയേയും കൂട്ടരേയും നേരിട്ട രീതി അത്യന്തം നിന്ദ്യം; ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും പൊലീസ് നേരിട്ട രീതിയെക്കുറിച്ച് പ്രതിഷേധ സ്വരമുയര്‍ത്തി കവി കെ.ജി ശങ്കരപ്പിള്ള.

ചട്ടങ്ങളെ മാറ്റുമെന്ന് മോഹിപ്പിച്ചവര്‍ വന്നിട്ടും ചട്ടദുഷ്ടത: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കവി കെജിഎസ്

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന തിരഞ്ഞെടുപ്പ് വാചകത്തെ പരോക്ഷമായി പരിഹസിച്ച് കവി കെ.ജി ശങ്കരപ്പിള്ള. കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയോടും ബന്ധുക്കളോടും പൊലീസ് പെരുമാറിയ രീതിയെ അപലപിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശങ്കരപ്പിള്ള ഇടതുപക്ഷ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

സഹനത്തിനൊരു ന്യായം വേണം. ആ ന്യായം കെട്ടാല്‍ മനുഷ്യര്‍ കലാപത്തിനിറങ്ങും. ജിഷ്ണുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ അമ്മ മഹിജയും ഉറ്റവരുo സഹിച്ചത് വളരെ കൂടുതല്‍ . നീതിക്ക് വേണ്ടിയാണ് , രാഷട്രീയ ഷോയ്ക്ക് വേണ്ടിയല്ല, അവര്‍ തെരുവിലിറങ്ങിയത്. തെരുവില്‍ അവര്‍ ഏതാനും പേര്‍. അവരെ തുണയ്ക്കുന്നവര്‍ നാട്ടില്‍ വളരെ ഏറെപ്പേര്‍. നീതിക്കെതിരേ നിയമത്തിന്റെ അന്ധധാര്‍ഷ്ട്യവുമായി അധികാരം മഹിജയേയും കൂട്ടരേയും നേരിട്ട രീതി അത്യന്തം നിന്ദ്യം, ക്രൂരം- ശങ്കരപ്പിള്ള പറയുന്നു.

മനുഷ്യാവകാശ വിരുദ്ധവും സംസ്‌കാര വിരുദ്ധവുമായ പോലീസ് പെരുമാറ്റം ഇതാദ്യത്തെയല്ല; അവസാനത്തെയാവാന്‍ വഴിയുണ്ടോ? ചട്ടങ്ങളെ മാറ്റുമെന്ന് മോഹിപ്പിച്ചവര്‍ വന്നിട്ടും ചട്ടദുഷ്ടത വര്‍ദ്ധിക്കുന്നേയുള്ളൂ. നീതി പ്രതീക്ഷ മങ്ങുന്നേയുള്ളൂ. ജനകീയ ഇച്ഛ, പ്രതിഷേധം, പ്രതിരോധസംസ്‌കാരം, തുടങ്ങിയവ വിപ്ലവകവിത പോലെ ക്ഷണികജ്വലനത്തില്‍ മായുന്നേയുള്ളൂ- അദ്ദേഹം ഒര്‍മ്മിപ്പിക്കുന്നു