മുസ്ലിം സമുദായസംഘടനകൾ കാണാതെ പോയ ദാരിദ്ര്യവും ഇല്ലായ്മയും; റഫ്‌സീനയുടെ ആത്മഹത്യ നൽകുന്ന സൂചന

എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ' എന്ന് റഫ്‌സീന എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുസ്ലിം സമുദായസംഘടനകൾ സ്വന്തം വിഭാഗത്തിലെ ദാരിദ്രവും ഇല്ലായ്മയും പുറംലോകത്തോട് പറയാനോ അത്തരം അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യാനോ തയ്യാറാവാതിരിക്കുന്നതിന്റെ ഇരയാണ് റഫ്‌സീന

മുസ്ലിം സമുദായസംഘടനകൾ കാണാതെ പോയ ദാരിദ്ര്യവും ഇല്ലായ്മയും; റഫ്‌സീനയുടെ ആത്മഹത്യ നൽകുന്ന സൂചന

പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മാലൂരിലെ റഫ്‌സീന ആത്മഹത്യ ചെയ്തത് ഇല്ലായ്മകളെത്തുടർന്ന്. കണ്ണൂർ മട്ടന്നൂരിനു സമീപം മാലൂരിലെ നിട്ടാറമ്പ് ലക്ഷം വീട് കോളനിയിലെ ഒറ്റമുറി വീട്ടിലാണ് റഫ്‌സീന സ്വപ്‌നങ്ങൾ ബാക്കിയാക്കി ആത്മഹത്യ ചെയ്തത്.

ശിവപുരം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ റഫ്‌സീന ബയോളജി ഗ്രൂപ്പിൽ 1200ൽ 1180 മാർക്ക് നേടിയിരുന്നു. കഴിഞ്ഞ ദിവസം റിസൾട്ട് വന്നതോടെ പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റഫ്‌സീനയുടെ വീട്ടിലെത്തുകയും വീടിന്റെ അവസ്ഥയെക്കുറിച്ചും ഇല്ലായ്മകളെക്കുറിച്ചും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

വിഷയം മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് മാത്രമാണ് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ റഫ്‌സീനയുടെ അവസ്ഥ മനസ്സിലാക്കുന്നത്.

തന്റെ ഇല്ലായ്മകളെ ഒരിക്കലും പുറംലോകത്തെ അറിയിക്കുകയോ ആരോടും സഹായം അഭ്യർത്ഥിക്കുകയോ ചെയ്യാതെ മികച്ച രീതിയിൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുട്ടിയായിരുന്നു റഫ്‌സീന.


Maloor

ബുധനാഴ്ച രാവിലെ 11-ന് മാലൂര്‍ മുസ്ലിം പള്ളി കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം നിട്ടാറമ്പ് കോളനിയിലെത്തി റഫ്‌സീനയെ കണ്ട് പള്ളി കമ്മിറ്റിയുടെഅടിയന്തര സഹായധനം കൈമാറിയിരുന്നു. തികഞ്ഞ സന്തോഷത്തിലായിരുന്നു ആ സമയത്തെല്ലാം റഫ്‌സീനയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് അഞ്ചു മണിയോടെ മാതാവ് വീട്ടില്‍ വന്നപ്പോഴാണ് മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മരണവിവരമറിഞ്ഞ് നാടൊന്നാകെ നിട്ടാറമ്പിലേക്ക് ഒഴുകിയെത്തി. റഫ്‌സീനയുടെ തുടര്‍പഠനത്തിന് വിദേശങ്ങളില്‍നിന്നുപോലും ഒട്ടേറെപേര്‍ സഹായവാഗ്ദാനവുമായി മുന്നോട്ടുവരുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

'എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ' എന്ന് റഫ്‌സീന എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുസ്ലിം സമുദായസംഘടനകൾ സ്വന്തം വിഭാഗത്തിലെ ദാരിദ്രവും ഇല്ലായ്മയും പുറംലോകത്തോട് പറയാനോ അത്തരം അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യാനോ തയ്യാറാവാതിരിക്കുന്നതിന്റെ ഇരയാണ് റഫ്‌സീന

Story by