വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്നു ബന്ധുക്കള്‍; നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം

എംജിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. വാര്‍ഷിക പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് മാനേജ്‌മെന്റ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു..

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്നു ബന്ധുക്കള്‍; നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം

വര്‍ക്കല അയിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന വാര്‍ഷികപരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് മാനസികമായി പീഢിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പ്രക്ഷോഭമാരംഭിച്ചു. ബന്ധുക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു.

പരീക്ഷക്ക് തോറ്റ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കഴിഞ്ഞദിവസം മാനേജ്‌മെന്റ് സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അര്‍ജുനെയും ഇവര്‍ക്കൊപ്പം വിളിപ്പിച്ചു. കോപ്പിയടിച്ചാണ് അര്‍ജുന്‍ ജയിച്ചതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ ആരോപണം. സിബിഎസ്ഇയെ ഇക്കാര്യമറിയിക്കുമെന്നും മൂന്നുവര്‍ഷത്തേക്ക് ഡീ ബാര്‍ ചെയ്യുമെന്നും പോലീസിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി എസ് രാജീവ്, മറ്റു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ വെച്ച് അര്‍ജുനെ അധിക്ഷേപിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരികെ വീട്ടിലെത്തിയപ്പോള്‍ മുതല്‍ അര്‍ജുന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. വൈസ് പ്രിന്‍സിപ്പല്‍ രാജീവിനെ പ്രതിയാക്കി കേസെടുക്കണമെന്നതുള്‍പ്പെടെയാണ് ബന്ധുക്കളുടെ ആവശ്യം. ഇവരുടെ ആരോപണങ്ങള്‍ സഹപാഠികളും ശരിവെക്കുന്നു.

എന്നാല്‍ മാര്‍ച്ച് 10 ന് നടന്ന ഐടി പരീക്ഷയില്‍ അര്‍ജുന്‍ കോപ്പിയടിച്ചതായി കണ്ടെത്തിയെന്നും ഇതേത്തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കുക മാത്രമാണുണ്ടായതെന്നുമാണ് സ്‌കൂളധികൃതരുടെ വിശദീകരണം.

Read More >>