'പ്ലാസ്റ്റിക് വിഭവങ്ങളുമായി' വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് മെസ്; പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന് വിദ്യാർത്ഥികൾ; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു

ഹോസ്റ്റലിലെ മോശം ഭക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരിക്കുന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം ഉന്നത ഉദ്യോഗസ്ഥ ഇതേ കോളേജിലെ പിടിഎ അംഗമാണ്. കാന്റീനിൽ നിന്നും കാലാവധി കഴിഞ്ഞ ശീതളപാനീയം കഴിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലും ഇവർ കുറ്റപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തന്നെയാണ്. ഇവരുടെ നേതൃത്വത്തിലാണ് ഹോസ്റ്റൽ കറിയിൽ നിന്നും പ്ലാസ്റ്റിക് ലഭിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നത്.

പ്ലാസ്റ്റിക് വിഭവങ്ങളുമായി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് മെസ്; പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന് വിദ്യാർത്ഥികൾ; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു

എല്ലാത്തിനും വിദ്യാർത്ഥികളിൽ നിന്നും പിഴയീടാക്കി വാർത്തകളിൽ നിറഞ്ഞ കണ്ണൂർ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ മെസ്സിലെ ഭക്ഷണത്തിൽ നിന്നും പ്ലാസ്റ്റിക് ലഭിക്കുന്നതായി വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും അവഗണിക്കുകയാണ്.

ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിൽ നിന്നും വ്യാഴാഴ്ച രാവിലെയും രാത്രിയും പെൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സിൽ നിന്നും വെള്ളിയാഴ്ച രാത്രിയുമാണ് കറിയിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയുടെ ഭാഗങ്ങൾ ലഭിച്ചത്. കോളേജ് അധികൃതരുടെ നിസംഗതയെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർക്ക് വിദ്യാർത്ഥികൾ പരാതി നൽകി. രണ്ടു ദിവസങ്ങളിലായി തുടർച്ചയായി പ്ലാസ്റ്റിക് ലഭിച്ചത് ഒരേ ദിവസം പാചകം ചെയ്ത കറിയിൽ നിന്നാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. പഴകിയ ഭക്ഷണം നല്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ട്.


വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഏലിയാമ്മ നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടനെ രണ്ടു ഉദ്യോഗസ്ഥരെ കോളേജിലേക്ക് പരിശോധനക്കയച്ചതായും അവർ തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കുമെന്നും കോളേജ് സന്ദർശിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

ഇതിനു മുൻപ് കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങൾ കാന്റീനിൽ നിന്നും കഴിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തവണയും പരിശോധനക്കെത്തിയത്. പുറത്ത് നിന്നുള്ള ഒരു കച്ചവടക്കാരനാണ് കരാർ അടിസ്ഥാനത്തിൽ ശീതളപാനീയങ്ങൾ വിറ്റിരുന്നത്. ഉത്തരവാദിത്തം ഇയാളുടെ തലയിൽ മാത്രം കെട്ടിവച്ച് അന്ന് കോളേജ് അധികൃതർ തടിയൂരുകയായിരുന്നു. അതെ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോൾ പരിശോധന നടത്തിയത് എന്ന് സമ്മതിക്കുന്ന ഏലിയാമ്മ, കാന്റീൻ അന്നത്തെക്കാൾ മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നത് എന്നും അഭിപ്രായപ്പെടുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ കുട്ടി വിമൽ ജ്യോതിയിലെ വിദ്യാർത്ഥിയാണ്. ഭക്ഷണത്തിൽ നിന്നും പ്ലാസ്റ്റിക് കിട്ടിയ സംഭവത്തിൽ പരാതി നൽകിയ വിദ്യാർത്ഥിയെ തിരിച്ചു വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഭക്ഷണ പദാർത്ഥത്തിൽ കിടക്കുന്ന ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും ഏലിയാമ്മ നാരദാ ന്യൂസിനോട് പറഞ്ഞു.

മുൻപ് കാലാവധി തീർന്ന ശീതളപാനീയം വിറ്റ സംഭവത്തിൽ കുറ്റക്കാർ യഥാർത്ഥത്തിൽ വിദ്യാർത്ഥികളാണെന്നും എൻജിനീയറിങ് പഠിക്കുന്ന വിദ്യാർത്ഥി ശീതളപാനീയം കുടിക്കും മുൻപേ കാലാവധി തീർന്നതാണോ എന്ന് പരിശോധിക്കണമെന്നും ഏലിയാമ്മ പറയുന്നു. കാലാവധി കഴിഞ്ഞ ഭക്ഷണ പാനീയങ്ങൾ വിൽക്കരുതെന്ന് നിയമമില്ലെന്നും ഏലിയാമ്മ നാരദാ ന്യൂസിനോട് പറഞ്ഞു. ഔദ്യോഗിക പരിശോധന നടത്തുന്നതിന് പുറമെ ഇന്ന് നടക്കുന്ന പിടിഎ യോഗത്തിലും പങ്കെടുക്കുമെന്ന് ഏലിയാമ്മ നാരദാ ന്യൂസിനോട് പറഞ്ഞു.