തോട്ടം തൊഴിലാളികളുടെ ജീവിതം നരകതുല്യം; ലയങ്ങള്‍ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടം

ബ്രിട്ടീഷുകാര്‍ ടീ പ്ലാന്റിങ് ആരംഭിച്ച കാലത്താണ് ലയങ്ങളിലധികവും നിര്‍മിച്ചത്. ഓടും ആസ്ബറ്റോസ് ഷീറ്റും മേഞ്ഞ ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍പോലും സമയാസമയം നടപ്പാക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മഴക്കാലമെന്നാല്‍ തോട്ടംതൊഴിലാളികളെ സംബന്ധിച്ചിടത്തോളം കടുത്ത ദുരിതകാലമാണ്. തോട്ടങ്ങളില്‍ അട്ടയും പുഴുവും പാമ്പുമൊക്കെ വര്‍ധിക്കുന്നതിനൊപ്പം ചോര്‍ന്നൊലിക്കുന്ന ലയങ്ങളും. വീടിനു മുകളില്‍ പ്ലാസ്റ്റിക്കും ടര്‍പോളിനും വലിച്ചുകെട്ടിയാണ് ചോര്‍ച്ചയില്‍ നിന്ന് തൊഴിലാളികള്‍ രക്ഷതേടുന്നത്. ഓട്ടവീണ ചുമരുകളിലൂടെ ഇഴജന്തുക്കള്‍ അകത്തുകയറുന്നതും പതിവ് സംഭവം. വയറിങ് പഴകി ദ്രവിച്ച് അടര്‍ന്നു പോകുകയും അതിലൂടെ വൈദ്യുതി ആഘാതമുണ്ടാകുന്നതും യഥാസമയം മാനേജ്‌മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും നടപടിയൊന്നുമുണ്ടാകാറില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

തോട്ടം തൊഴിലാളികളുടെ ജീവിതം നരകതുല്യം; ലയങ്ങള്‍ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടം

ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച ഇടുങ്ങിയ മുറികളിലാണിപ്പോഴും ദുരിതത്തോട് പടവെട്ടി തോട്ടം തൊഴിലാളികളുടെ ജീവിതം. ടാറ്റ, കണ്ണന്‍ദേവന്‍, ഹാരിസണ്‍ മലയാളം തുടങ്ങിയ വന്‍കിട പ്ലാന്റേഷനുകളില്‍ മുതല്‍ ഇടത്തരം തേയിലത്തോട്ടങ്ങളില്‍ വരെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ലയജീവിതമാണ് ഏറെ ദുരിത പൂര്‍ണമായിത്തുടരുന്നത്. ലയങ്ങളേക്കാള്‍ ഭേദമാണ് കാലിത്തൊഴുത്തുകളെന്ന് തോന്നിക്കുന്നതാണ്

തൊഴിലാളികളുടെ കുടിയിരിപ്പുകള്‍. ഇതിലധികവും ഇടിഞ്ഞുപൊളിഞ്ഞനിലയിലാണ്. പകലന്തിയോളം തൊഴിലെടുത്ത് വീട്ടിലെത്തിയാലും മനഃസമാധാനത്തോടെയും സുരക്ഷിതമായും ഉറങ്ങാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. ലയത്തിന് അകത്താകട്ടെ ചെറിയൊരു ഇടുങ്ങിയ രണ്ടു മുറികളും അടുക്കളയും മാത്രം. ഭാര്യയും ഭര്‍ത്താവും മക്കളും മാതാപിതാക്കളുമൊക്കെയായി തിങ്ങിഞെരുങ്ങിയാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. വിവാഹം ചെയ്ത പെണ്‍കുട്ടിയും ഭര്‍ത്താവും വരുമ്പോള്‍ മാതാപിതാക്കള്‍ പലപ്പോഴും തൊട്ടടുത്ത വിറകു പുരയിലാവും ഉറക്കം.


വന്യമൃഗശല്യമുള്ള സ്ഥലമാണ് മൂന്നാറിലെയും വയനാട്ടിലെയും ബഹുഭൂരിഭാഗം തോട്ടപ്രദേശങ്ങളും. വന്യജീവികളുടെ ആക്രമണത്തിനിരയാകുന്ന തൊഴിലാളികളും കുറവല്ല. പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊുണ്ടുവന്നാലും കുറച്ചുകാലമെങ്കിലും മാതാപിതാക്കള്‍ പുറത്തുകിടക്കേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനോ അസുഖമോ പ്രായാധിക്യമുള്ള വ്യക്തിക്ക് വിശ്രമിക്കാനോ പോലും കഴിയാത്ത സ്ഥിതിവിശേഷം. ഇങ്ങനെയൊരു തെങ്ങിഞെരിഞ്ഞ ജീവിതത്താേടുള്ള പ്രതിഷേധത്തില്‍ നിന്നാണ് പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ സമരം നടത്തിയത്.

ബ്രിട്ടീഷുകാര്‍ ടീ പ്ലാന്റിങ് ആരംഭിച്ച കാലത്താണ് ലയങ്ങളിലധികവും നിര്‍മിച്ചത്. ഓടും ആസ്ബറ്റോസ് ഷീറ്റും മേഞ്ഞ ലയങ്ങളില്‍ അറ്റകുറ്റപണികള്‍പോലും സമയാസമയം നടപ്പാക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മഴക്കാലമെന്നാല്‍ തോട്ടംതൊഴിലാളികളെ സംബന്ധിച്ചിടത്തോളം കടുത്ത ദുരിതകാലമാണ്. തോട്ടങ്ങളില്‍ അട്ടയും പുഴുവും പാമ്പുമൊക്കെ വര്‍ധിക്കുന്നതിനൊപ്പം ചോര്‍ന്നൊലിക്കുന്ന ലയങ്ങളും. വീടിനു മുകളില്‍ പ്ലാസ്റ്റിക്കും ടാര്‍പോളിനും വലിച്ചുകെട്ടിയാണ് ചോര്‍ച്ചയില്‍ നിന്ന് തൊഴിലാളികള്‍ രക്ഷതേടുന്നത്.

ഓട്ടവീണ ചുമരുകളിലൂടെ ഇഴജന്തുക്കള്‍ അകത്തുകയറുന്നതും പതിവ് സംഭവം. വയറിങ് പഴകി ദ്രവിച്ച് അടര്‍ന്നു പോകുകയും അതിലൂടെ വൈദ്യുതി ആഘാതമുണ്ടാകുന്നതും യഥാസമയം മാനേജ്‌മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും നടപടിയൊന്നുമുണ്ടാകാറില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ടോയ്‌ലെറ്റ് സംവിധാനങ്ങളെവിടെയുംതന്നെ ഇവിടങ്ങളില്‍ ഫലപ്രദമല്ല. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞ് പൊട്ടിയൊഴുകുമ്പോള്‍ നീക്കം ചെയ്യേണ്ട തോട്ടിപ്പണികൂടി തൊഴിലാളികള്‍തന്നെ ചെയ്യണം. ശുദ്ധജലവും പലപ്പോഴും ഇവര്‍ക്ക് അപര്യാപ്തമാണ്.


രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ തോട്ടങ്ങളില്‍ വിശ്രമമില്ലാതെ തൊഴിലെടുക്കുന്ന തൊഴിലാളിക്കിപ്പോഴും പ്രതിദിന വേതനം ക്ഷേമബത്ത ഉള്‍പ്പെടെ 302 രൂപയാണ്. ഉച്ചവരെ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്കിപ്പോള്‍ കേരളത്തില്‍ 500ൽ കുറയാതെ വേതനം ലഭിക്കാറുണ്ട്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് തോട്ടംമേഖലയില്‍ വേതനപരിഷ്‌കരണം നടപ്പാക്കുക.

മിനിമം 27 കിലോ കൊളുന്തെടുക്കണം പ്രതിദിനം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ പ്രതിദിന വേതനത്തില്‍ 15 മുതല്‍ 25വരെയാണ് പരമാവധി കൂലി വര്‍ധനയുണ്ടാകുക. കൊളുന്തെടുക്കുന്നതും ചാക്കില്‍ നിറയ്ക്കുന്നതും അളവു തൂക്കം നടത്തുന്നതുമെല്ലാം ബഹുഭൂരിഭാഗം വരുന്ന സ്ത്രീതൊഴിലാളികള്‍ തന്നെ. പുരുഷന്‍മാരെ അപേക്ഷിച്ച് ഏറ്റവും ദുരിതം പേറുന്നത് സ്ത്രീത്തൊഴിലാളികള്‍ തന്നെയാണ്. മൂന്നാര്‍ സമരമുണ്ടായത് ഈ പശ്ചാത്തലത്തിലാണെങ്കിലും പഴയ അവസ്ഥയില്‍ നിന്നു കാര്യമായ മാറ്റങ്ങളൊന്നും തന്നെ തോട്ടംമേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവായ ജി ഗോമതി നാരദാ ന്യൂസിനോട് പറഞ്ഞു.


സ്ത്രീതൊഴിലാളികളുടെ അരയില്‍ക്കെട്ടിയ ചാക്കില്‍ കൊളുന്തു നിറഞ്ഞ് ഭാരം വര്‍ധിക്കുന്നതോടെ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ വേട്ടയാടുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഗര്‍ഭാശയരോഗങ്ങളും തോട്ടം തൊഴിലാളികള്‍ക്കിടയിലാണെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. മാര്‍ഗനിര്‍ദേശങ്ങളോ പ്രതിരോധ മാര്‍ഗങ്ങളുമില്ലാതെയാണ് തോട്ടങ്ങളില്‍ കീടനാശിനി തളിക്കുന്നത്. കീടനാശിനി തളിച്ച കൊളുന്തെടുക്കുന്നതിലൂടെ അര്‍ബുദം പോലുള്ള രോഗങ്ങളുടെ സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇഎസ്‌ഐ ആനുകൂല്യത്തിന്റെ പരിധിയില്‍ തോട്ടംതൊഴിലാളികളെ ഇതുവരെയും ഉള്‍പ്പെടുത്തിയിട്ടുമില്ല. എസ്റ്റേറ്റ് ഡിവിഷനുകളില്‍ ക്ലിനിക് സംവിധാനമുണ്ടെങ്കിലും ഇവിടെ സൗജന്യ ചികിത്സ തൊഴിലാളികള്‍ക്ക് ലഭിക്കുമ്പോഴും രോഗനിര്‍ണയവും വിദഗ്ധ ചികിത്സയുമൊക്കെ അപ്രാപ്യം.

ട്രേഡ് യൂണിയന്‍ നേതാക്കളുടെ മാനേജ്‌മെന്റുമായുള്ള ഒത്തുകളിയാണ് പൊമ്പിളൈ ഒരുമൈ സമരത്തില്‍ തൊഴിലാളികള്‍ ആരോപണമുന്നയിച്ച പ്രധാന വിഷയം. എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് പൊമ്പിളൈ ഒരുമൈയുടെ ആരോപണം. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പലപ്പോഴും ശക്തമായൊരു നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ആദ്യംമുതലേ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. 2013ല്‍ നടന്ന വേതനപരിഷ്‌കരണ ചര്‍ച്ചയില്‍തന്നെ ചില സംഘടനാ പ്രതിനിധികള്‍ സേവനഭാരം ഉയര്‍ത്തണമെന്ന എപികെയുടെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തത് അന്ന് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. മിനിമം വേജസ് ചെയര്‍മാന്റെ സിറ്റിങ്ങില്‍ പലപ്പോഴായും തൊഴിലാളികള്‍ വേതനം 500 രൂപയാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.


ആഴ്ച്ചയില്‍ 48 മണിക്കൂര്‍ തൊഴിലെടുക്കുമ്പോള്‍ ഒരുദിവസം അവധി നല്‍കണമെന്ന വ്യവസ്ഥ കാലങ്ങളായി തോട്ടംമേഖലയില്‍ നടപ്പാകാറില്ലെന്നതാണ് വാസ്തവം. ചെക്ക് റോള്‍ പരിശോധനയില്‍ ഇത് കണ്ടെത്തിയാലും ലേബര്‍ വകുപ്പ് നടപടിയൊന്നുമെടുക്കാറില്ല. ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ തോട്ടം ഉടമകള്‍ക്ക് അനുകൂല നിലപാടാണ് അധികൃതരുടേത്. നാലു വര്‍ഷത്തിനിടെ യുഡിഎഫ് സര്‍ക്കാര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ക്കെതിരെയുള്ള 72 കേസുകള്‍ പിന്‍വലിച്ചിരുന്നു. തൊഴിലാളി ചൂഷണത്തിനെതിരെ മുഖ്യധാരാ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പലപ്പോഴും അഡ്ജസ്റ്റമെന്റ് സമരങ്ങളാണെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞത് 8.33 ശതമാനം മുതല്‍ കൂടിയത് 20 ശതമാനം വാര്‍ഷിക ബോണസ് നല്‍കണമെന്നാണ് വ്യവസ്ഥ. നഷ്ടക്കഥ വിലപിച്ച് പരമാവധി 8.33 ശതമാന ബോണസ് നല്‍കിയാണ് തോട്ടം ഉടമകള്‍ തൊഴിലാളികളെ കാലങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചെറിയ ശതമാനം ബോണസ് കൂട്ടിനല്‍കുകയാണ് പതിവ്. ഒരു കിലോ പച്ചത്തേയിലയ്ക്കിപ്പോള്‍ പരമാവധി 15 രൂപയാണ് വില ലഭിക്കുന്നത്. ഇത് സാമാന്യം നഷ്ടമില്ലാത്ത വിലയാണെങ്കിലും തൊഴിലാളികളുടെ ആനുകൂല്യത്തിന്റെ കാര്യത്തില്‍ സമരം ചെയ്താല്‍ മാത്രമേ നല്‍കുകയുള്ളു. പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഉടമസ്ഥയിലുള്ള വയനാട്ടിലെ ചെമ്പ്ര എസ്റ്റേറ്റ് നഷ്ടക്കഥയുണ്ടാക്കി പൂട്ടിയതോടെ തൊഴിലാളികള്‍ പെരുവഴിയിലായിരുന്നു. ചെമ്പ്ര എസ്റ്റേറ്റ് ടൂറിസത്തിന് ഉപയോഗിക്കാനാണ് മാനേജ്‌മെന്റ് തന്ത്രപരമായി പൂട്ടിയത്.

ബ്രിട്ടീഷുകാരുടെ കാലത്തുള്ളതില്‍ നിന്ന് കാര്യമായ മാറ്റമില്ലാത്തൊരു മേഖലയുണ്ടെങ്കില്‍ അത് പ്ലാന്റേഷന്‍ മേഖലയാണ്. മൂന്നാറിലെയും വയനാട്ടിലെയും നിലമ്പൂരിലെയും നെല്ലിയാമ്പതിയിലെയുമെല്ലാം തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതം ഇപ്പോഴും സ്വതന്ത്ര്യലബ്ധിയ്ക്ക് മുമ്പുള്ളതിനു സമാനമെന്ന് ചുരുക്കം.