കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കില്ല; വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി

കൊലപാതകങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പിലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. അത് നടപ്പാക്കിയ മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു. 12 വയസുളള കുട്ടിമുതല്‍ 72 വയസുളള വയോധിക വരെ വെടിയേറ്റ് മരിച്ചു- പിണറായി മറുപടിയില്‍ പറയുന്നു...

കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കില്ല; വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി

കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികളെന്ന് കരുതുന്ന രണ്ടുപേര്‍ കസ്റ്റഡിയിലാണ്. കൂടാതെ പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. മറ്റുളളവരെ പിടിക്കാനുളള ഊര്‍ജിതശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരില്‍ അഫ്സ്പ പ്രായോഗികമല്ല. അഫ്സ്പ മനുഷ്യത്വ രഹിതമായ നിയമമാണെന്നും ഇതുസംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പിലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. അത് നടപ്പാക്കിയ മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു. 12 വയസുളള കുട്ടിമുതല്‍ 72 വയസുളള വയോധിക വരെ വെടിയേറ്റ് മരിച്ചു- പിണറായി മറുപടിയില്‍ പറയുന്നു.

അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു ജനാധിപത്യകക്ഷിക്ക് എങ്ങനെയാണ് ആവശ്യപ്പെടാന്‍ കഴിയുന്നത്. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒരു തിരിച്ചടിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിആര്‍പിസിയില്‍ വകുപ്പുകളുണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 14 പേര്‍ കൊല്ലപ്പെട്ടു എന്നുപറയുന്നത് തെറ്റാണെന്നും മറുപടിയില്‍ പറയുന്നു.

കോട്ടയത്ത് ബിജെപി കൗണ്‍സിലര്‍മാരെ ആക്രമിച്ച സംഭവത്തിലും രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൃത്യമായ നടപടികളിലൂടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. കണ്ണൂരില്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.