മെട്രോയുടെ ആദ്യ യാത്ര: ഇ ശ്രീധരനെ നൈസായി തേച്ചു; തേപ്പുകാരായി ഏലിയാസ് ജോര്‍ജും സൂപ്പര്‍ മുഖ്യമന്ത്രിയും

കേരളത്തിന്റെ സ്വപ്‌നത്തിലെ ആദ്യയാത്ര. മെട്രോ നിര്‍മ്മാണം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശില്‍പ്പിയായ ഇ ശ്രീധരനില്ല. ജില്ലയിലെ എംപിയടക്കം ജനപ്രതിനിധികളും ഒഴിവാക്കപ്പെട്ടു- അല്‍പ്പത്തത്തിന് ഇതിലും വലിയ ഉദാഹരണമെന്ത്?

മെട്രോയുടെ ആദ്യ യാത്ര: ഇ ശ്രീധരനെ നൈസായി തേച്ചു; തേപ്പുകാരായി ഏലിയാസ് ജോര്‍ജും സൂപ്പര്‍ മുഖ്യമന്ത്രിയും

കേരളത്തിന്റെ സ്വപ്‌നത്തിന്റെ സുദിനം- മെട്രോയുടെ ശരിക്കുള്ള ആദ്യയാത്ര. കേരളത്തിന്റെ മുഖ്യമന്ത്രി ആ സ്വപ്‌നത്തില്‍ സഞ്ചരിക്കുക എന്നാല്‍ അതിനര്‍ത്ഥം, കേരളം സഞ്ചരിക്കുന്നു എന്നു തന്നെ. ആ യാത്രയില്‍ തീര്‍ച്ചയായും ഒപ്പമുണ്ടാകേണ്ട ഒരാളെ കണ്ടില്ല, ഇ ശ്രീധരനെ. മെട്രോമാന്‍ എന്നാല്‍ അത് ശ്രീധരനാണ്. പക്ഷെ, മുഖ്യമന്ത്രിക്കു മുന്നേ ക്യാമറയില്‍ പതിയുന്ന വിധത്തില്‍ സീറ്റു പിടിച്ചത് മെട്രോയുടെ ഓപ്പറേറ്റിങ്ങിന്റെ ചുമതലക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏലിയാസ് ജോര്‍ജ്ജ്. ജില്ലയിലെ എംപിയേയും എംഎല്‍എമാരേയും ചിത്രത്തില്‍ നിന്നു പുറത്താക്കിയുള്ള അല്‍പ്പത്തത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി പി രാജീവ് ഉണ്ടായിരുന്നു. സിപിഎം ജില്ലാസെക്രട്ടറിക്ക് ശ്രീധരനിലും ജനപ്രതിനിധികളിലും പ്രാധാന്യം നല്‍കിയതെന്തിനെന്ന ചോദ്യത്തിന് ജനപ്രതിനിധികള്‍ തന്നെ ഉത്തരം നല്‍കുന്നു. ഏലിയാസ് ജോര്‍ജ്ജിനെ ഭരിക്കുന്ന 'സൂപ്പര്‍ മുഖ്യമന്ത്രി'യുണ്ടെന്ന്. പി രാജീവിനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.

Image Title

മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരനാണ് തന്റെ സൃഷ്ടിയായ മെട്രോ പരിശോധിക്കാനെത്തുന്ന മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരിക്കേണ്ടതെന്ന് ആര്‍ക്കാണ് അറിയാത്തത്. നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ പരിശോധിക്കാനെത്തുന്ന മുഖ്യമന്ത്രിക്ക് ഓരോന്നും വിശദീകരിച്ച് കൊടുക്കേണ്ടത് ശ്രീധരനാണല്ലോ. ആ സ്ഥാനത്തേയ്ക്ക് ഏലിയാസ് ജോര്‍ജ് കടന്നിരുന്നതിലെ അന്യായം ചോദ്യം ചെയ്യപ്പെടും.


അല്‍പ്പത്തം വ്യക്തമാണ്. ശ്രീധരനുണ്ടെങ്കില്‍ ചരിത്രത്തില്‍ പതിയുന്ന ആ ചിത്രത്തില്‍ പിണറായി വിജയനും ഇ ശ്രീധരനും മാത്രമാണ് ഉണ്ടാവുക. ഇയ്‌ൻറാള് ഞമ്മളാ എന്ന വിധം ഞെളിഞ്ഞിരിക്കാന്‍ ഏലിയാസ് ജോര്‍ജ്ജിനാവില്ല.


സമാനമായ ഒരു രംഗം എം ടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ സിനിമയിലുണ്ട്. പലപരീക്ഷണങ്ങളിലൂടെ കടന്ന് പെരുന്തച്ചന്‍ നിര്‍മ്മിച്ച വിഗ്രഹം, തച്ചനറിയാതെ പ്രതിഷ്ഠിയ്ക്കാനെടുത്തു. വിഗ്രഹത്തിന്റെ കണ്ണുകള്‍ തുറക്കുകയെന്ന അവസാന പണി ബാക്കിയായിരുന്നു. പക്ഷെ, കണ്ണുതുറക്കാന്‍ ശില്‍പ്പിയെ സമ്മതിച്ചില്ല. തൊട്ടശുദ്ധമാക്കരുത് മാറിനില്‍ക്കാന്‍ അധികാരികള്‍ കല്‍പ്പിച്ചു. മെട്രോയുടെ പെരുന്തച്ചനോടും ചെയ്തത് ഇതു തന്നെ. മലയാളിക്ക് ഈ കുറ്റം പൊറുക്കാനാവില്ല. ഇ ശ്രീധരനെ അങ്ങനെ പുറത്തു നിര്‍ത്താനുള്ളതല്ല. അദ്ദേഹം വെറുമൊരു കരാറുകാരനായിരുന്നില്ല. അനേകം പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്നാണ് മെട്രോയെ കൊച്ചിയില്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയത്. സമരം ചെയ്തും സ്ഥലം കൊടുക്കാതെയും തടസമുണ്ടാക്കിയപ്പോഴെല്ലാം മറികടന്നത് ശ്രീധരനിലെ കര്‍മ്മകുശലതയാണ്. ശ്രീധരനുണ്ടായിരുന്നില്ലെങ്കില്‍ മെട്രോ പേപ്പറിലെ വരമാത്രമായി അവശേഷിക്കുമായിരുന്നു.


മെട്രോയുടെ സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്ന്. മുഖ്യമന്ത്രി ആ ചടങ്ങ് ഉപേക്ഷിച്ചാണ് പ്രതിഷേധിച്ചത്. നടന്നിരുന്നുവെങ്കില്‍ സാമ്പറിലെ രണ്ടു വേകാത്ത മുഴുത്ത കഷണങ്ങള്‍ പോലെ മുഖ്യമന്ത്രിയുടെ ഇടവും വലവും സിപിഎം ജില്ലാ സെക്രട്ടറിയും എംഡിയും നില്‍ക്കുമായിരുന്നു. ആ ചിത്രം ജനപ്രതിനിധികളുണ്ടെങ്കില്‍ സാധ്യമാവില്ല.


കെ.വി തോമസ് മെട്രോസാധ്യമാക്കിയ കേന്ദ്രത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹം ആദ്യയാത്രയില്‍ ഉണ്ടാകേണ്ടിയിരുന്നു. ഏലിയാസ് ജോര്‍ജിനെതിരെ ഹൈബി ഈഡന്‍, വി കെ ഇബ്രാഹിം കുഞ്ഞ്, പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവര്‍ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് കൊടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.


ശ്രീധരന് അസൗകര്യമായതിനാലാണ്, ക്ഷണിക്കാഞ്ഞിട്ടല്ല എന്നു വാദിച്ചാലും ചെലവാകില്ല. അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും സൗകര്യപ്പെടുന്ന ദിവസമായിരുന്നു ഈ യാത്ര നടത്തേണ്ടിയിരുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും മെട്രോമാനും സഞ്ചരിക്കുന്ന ചിത്രമായിരുന്നു ശരിക്കും പതിയേണ്ടിയിരുന്നത്. നോക്കിക്കോളൂ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ദിവസം ഈ മെട്രോയില്‍ സഞ്ചരിക്കുകയാണെങ്കില്‍ ഒപ്പം ഇ ശ്രീധരനുണ്ടാകും. രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സര്‍വ്വ കക്ഷികളും പിന്തുണയ്ക്കുന്ന പേരുകളിലൊന്ന് ഇ ശ്രീധരന്റെയാണ്.


അല്‍പ്പത്തം കൊണ്ട് ഒഴിവാക്കായത് മഹാനായ ഒരു മലായാളിയെയാണ്. രാഷ്ട്രപതി സ്ഥാനത്തേയ്‌ക്കോ ഉപരാഷ്ട്രപതി സ്ഥാനത്തേയ്‌ക്കോ സര്‍വ്വകക്ഷികളും പിന്തുണയ്ക്കുന്ന ഒരാളെ. അതിനു മുന്നില്‍ ഒരു എംഡിയുടേയും സൂപ്പര്‍ മുഖ്യമന്ത്രിയുടേയും അല്‍പ്പത്തം സ്വയം പരിഹാസ്യരാക്കുന്നു എന്നേയുള്ളു.

കൊച്ചി മെട്രോ റെയില്‍ എന്ന പേജില്‍ ഇ ശ്രീധരനും ജനപ്രതിനിധികളും ഒഴിവാക്കപ്പെട്ട യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അമിത പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ കാണാം:


Image Title


Image Title


Image Title

Read More >>