എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; നിയമസഭ പ്രക്ഷുബ്‌ധം

നേരത്തെ മണിയുടെ വിവാദപ്രസംഗം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിനു അനുമതി തേടിയിരുന്നു. തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി അടിയന്തിര പ്രമേയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്.

എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; നിയമസഭ പ്രക്ഷുബ്‌ധം

വിവാദപ്രസംഗ വിഷയത്തിൽ എം എം മണിയെ ന്യായീകരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എം എം മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് വിവാദമുണ്ടാക്കുകയായാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ പ്രതിപക്ഷം ബഹളം വച്ച് പ്രതിഷേധിച്ചു.

ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി എം എം മണി എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുകയും മാണിയുടെ പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു. എം എം മണിക്ക് വിശദീകരണം നൽകാൻ സ്പീക്കർ അനുമതി നൽകിയത് കീഴ്വഴക്കമല്ലെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഭരണപക്ഷവും ബഹളം വച്ചതോടെ സഭ പ്രക്ഷുബ്‌ധമായി.

തന്റെ പ്രസംഗത്തിൽ സ്ത്രീയെയോ സ്ത്രീയുടെ പേരോ പറഞ്ഞിട്ടില്ലെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നും എം എം മണി പറഞ്ഞു. തന്റെ പ്രസംഗം ബോധപൂർവം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതിക്ക് പോലും തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാറുണ്ട് എന്നാൽ തനിക്കു അതുപോലും നിഷേധിക്കപ്പെടുകയാണെന്നു എം എം മണി വിശദീകരിച്ചു.

നേരത്തെ മണിയുടെ വിവാദപ്രസംഗ വിഷയം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിനു അനുമതി തേടിയിരുന്നു. തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി അടിയന്തിര പ്രമേയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്.