കുമ്മനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധം;ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്കെതിരായ ബിജെപി നീക്കം ജനാധിപത്യവിരുദ്ധമാണെന്നും കേരളത്തിൽ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുമ്മനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധം;ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനു ശേഷം സിപിഐഎം നടത്തുന്ന ആഹ്ളാദപ്രകടനമാണെന്ന് പറഞ്ഞായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്. ആഹ്ളാദപ്രകടനം എവിടെ നടന്നുവെന്ന് വ്യക്തമല്ല. കുമ്മനത്തിനെതിരെ ആവശ്യമെങ്കിൽ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കുമ്മനം രാജശേഖരൻ പുറത്തു വിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പ്രത്യേക സൈനികാവകാശ നിയമം നടപ്പാക്കേണ്ട ആവശ്യമില്ല. ഗവർണർക്കെതിരെയുള്ള ബിജെപി നീക്കം ജനാധിപത്യവിരുദ്ധമാണെന്നും കേരളത്തിൽ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു.ഗവർണർ ചെയ്തത് ഭരണഘടനാപരമായ ബാധ്യതയാണ്.ഗവർണറെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ആരോപണത്തിൽ ബിജെപി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരിൽ സമാധാന ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ബിജുവന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അക്രമവുമായി ബന്ധമില്ലെന്ന് പയ്യന്നൂർ ഏരിയാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പറയുമ്പോൾ എന്തിനാണ് കോൺഗ്രസിന് പൊള്ളലെന്നും പിണറായി വിജയൻ ചോദിച്ചു.

സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കർ ഈ ആവശ്യം നിരസിച്ചു. സർക്കാർ അധികാരത്തിലെത്തിയ ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read More >>