മുൻ സർക്കസ് കലാകാരന്മാരുടെ കണ്ണീരൊപ്പി മുഖ്യമന്ത്രി; പെൻഷൻ നൽകാൻ തുക അനുവദിച്ച് അതിവേഗം ഉത്തരവ്

ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന തലശേരിയിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഉൾപ്പെടെ നിരവധി സർക്കസ് കലാകാരന്മാർ ഉണ്ട്. ജീവിതത്തിന്റെ വലിയൊരു പങ്കും സർക്കസ് കൂടാരത്തിൽ ചിലവഴിക്കുന്ന ഇവർക്ക് പ്രായമാകുന്നതോടെ ജീവിതം ഇരുൾനിറഞ്ഞതാകും. പെൻഷൻ നൽകാൻ തുക അനുവദിച്ചത് ഇവർക്ക് വലിയൊരു ആശ്വാസമാകും.

മുൻ സർക്കസ് കലാകാരന്മാരുടെ കണ്ണീരൊപ്പി മുഖ്യമന്ത്രി; പെൻഷൻ നൽകാൻ തുക അനുവദിച്ച് അതിവേഗം ഉത്തരവ്

മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണൂർ സന്ദർശനത്തിനിടയിൽ മുൻ സർക്കസ് കലാകാരന്മാർ ഉന്നയിച്ച പരാതിയിൽ അതിവേഗ നടപടി. പഴയ സർക്കസ് കലാകാരന്മാർക്ക് സർക്കാർ നൽകിവരുന്ന ക്ഷേമപെൻഷൻ ലഭിക്കുന്നില്ല എന്നതായിരുന്നു പരാതി. പരാതിയിൽ ഉടൻ പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി, തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.

ക്ഷേമപെൻഷൻ നൽകാനായി ഒരുകോടി പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നൂറുകണക്കിന് മുൻ സർക്കസ് കലാകാരന്മാർക്ക് ഇതോടെ മുടങ്ങിപ്പോയ ക്ഷേമപെൻഷൻ ലഭിക്കും.

ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന തലശേരിയിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഉൾപ്പെടെ നിരവധി സർക്കസ് കലാകാരന്മാർ ഉണ്ട്. ജീവിതത്തിന്റെ വലിയൊരു പങ്കും സർക്കസ് കൂടാരത്തിൽ ചിലവഴിക്കുന്ന ഇവർക്ക് പ്രായമാകുന്നതോടെ ജീവിതം ഇരുൾനിറഞ്ഞതാകും. ജോലിയുടെ സ്വഭാവം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ അലട്ടുന്ന ഇവർക്ക് സർക്കാർ ക്ഷേമപെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഏകആശ്വാസം.