"കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടും"; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി: മുഖ്യമന്ത്രി

എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടും; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതിയില്‍ നാടൊന്നിച്ച് നിന്ന് നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം ഒന്നിച്ചുനിന്ന് കരകയറുമ്പോള്‍ ചിലര്‍ അസത്യം പ്രചരിപ്പിച്ച് ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 42 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എട്ട് ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 80 ഓളം ഉരുള്‍പ്പൊട്ടലുകള്‍ ഉണ്ടായി. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി ഒരു ലക്ഷത്തി എണ്ണായിരത്തി ഒരനൂറ്റി മുപ്പത്തിയെട്ട് പേര്‍ ഉണ്ട്. വയനാട് മാത്രം 186 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിക്കാതെ എല്ലാം ക്യത്യമായി അനുസരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എറണാകുളത്ത് മഴക്ക് ശമനമുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന്‌ക്കൊണ്ടിരിക്കുകയാണ്. തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൗതിക വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നമുക്കൊരുമിച്ച് അത് പരിഹരിക്കാം. എന്നാൽ, ജീവൻ നഷ്ടപ്പെട്ടാൽ അങ്ങനെയല്ല. അതുകൊണ്ട് എല്ലാവരും നിർദേശങ്ങൾ പാലിക്കണം. ജീവൻ രക്ഷിക്കാൻ പ്രധാന്യം നൽകണം. എല്ലാവർക്കും ഒത്തൊരമിച്ച് നിന്ന് ഇതിനെ തരണം ചെയ്യാം. ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ച് നിൽക്കണം. ഇനിയുള്ള മൂന്ന് ദിനങ്ങൾ അവധിയായിരിക്കാം. എന്നാൽ, സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കരുത്. നേരത്തെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അണിചേരണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടുക്കിയില്‍ അപകടകരമായ രീതിയില്‍ വെള്ളമില്ല. കഴിഞ്ഞ തവണ ഈ ദിവസങ്ങളില്‍ ഇതിനേക്കാള്‍ വെള്ളമുണ്ടായിരുന്നു. നിലവില്‍ പെയ്യുന്ന മഴ സംഭരിക്കാനുള്ള ശേഷിക്ക് ഇടുക്കി ഡാമിനുണ്ട്. പല ഡാമുകളിലും ഇതേ രീതിയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>