കുറവുകള്‍ ഉണ്ടെങ്കില്‍ വിമര്‍ശിച്ചോളു, പക്ഷേ കുറവുകള്‍ മാത്രം കാണാന്‍ ശ്രമിക്കരുത്: മാധ്യമങ്ങളോടു പിണറായി വിജയന്‍

'സര്‍ക്കാരിന്റെയോ അധികൃതരുടേയോ ഭാഗത്തു കുറവുകള്‍ ഉണ്ടായാല്‍ വിമര്‍ശിക്കുന്നത് തെറ്റല്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയായ ധര്‍മമാണോ എന്ന് പരിശോധിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.

കുറവുകള്‍ ഉണ്ടെങ്കില്‍ വിമര്‍ശിച്ചോളു, പക്ഷേ കുറവുകള്‍ മാത്രം കാണാന്‍ ശ്രമിക്കരുത്: മാധ്യമങ്ങളോടു പിണറായി വിജയന്‍

കൂടുതല്‍ മാധ്യമങ്ങള്‍ കടന്നുവന്നതോടെ മാധ്യമരംഗത്തു മത്സരം ശക്തമായിക്കഴിഞ്ഞുവെന്നു മുഖ്യമന്ത്രി. ഇതോടെ സ്വീകാര്യത പിടിച്ചുപറ്റാന്‍ നടത്തുന്ന പരക്കംപാച്ചിലില്‍ മാധ്യമ മര്യാദകള്‍ നഷ്ടമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രതികരിക്കാനും സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനും മാധ്യമങ്ങള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്ത് അപചയം ഉണ്ടായതായി ആ രംഗത്തെ മുതിര്‍ന്നവര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാതെ ആരോഗ്യകരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരോഗ്യകരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. പല വിഷയങ്ങളിലും കുറവുകള്‍ മാത്രമെടുത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിറത്താന്‍ മാത്രമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരങ്ങള്‍ക്കിടയില്‍ ഒന്നാമതെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നഷ്ടപ്പെടുന്നത് മാധ്യമ ധാര്‍മ്മികതയാണെന്നും അദ്ദേഹം പറഞ്ഞു.