എന്ത് ആവശ്യത്തിനാണ് ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന് മുഖ്യമന്ത്രി: സർക്കാരിനൊരു വീഴ്ചയും ഉണ്ടായിട്ടില്ല; സമവായത്തിന് കാനം ഒരു പങ്കും വഹിച്ചിട്ടില്ലെന്നും വാദം

സമരത്തിൽ ഇതുവരെയുണ്ടായ എല്ലാ സർക്കാർ-പൊലീസ് നടപടികളേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ‌എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് ആ കുടുംബം സ്വയം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനു ചെയ്യാനാവുന്നതെല്ലാം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ‌അവരുടെ സമരത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. ഡിജിപി ഓഫീസിനു മുന്നിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. മഹിജയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് ബോധ്യമുണ്ട്. എന്നാൽ അവരുടെ പ്രത്യേക മാനസികാവസ്ഥ മുതലെടുക്കാൻ പലരും ശ്രമിക്കുകയാണ്. അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് ഡിജിപി ഓഫീസിനു മുന്നിൽ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്ത് ആവശ്യത്തിനാണ് ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന് മുഖ്യമന്ത്രി: സർക്കാരിനൊരു വീഴ്ചയും ഉണ്ടായിട്ടില്ല; സമവായത്തിന്   കാനം ഒരു പങ്കും വഹിച്ചിട്ടില്ലെന്നും വാദം

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരവുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടലുകളിലും നടപടികളിലും വിശദീകരണവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസിലെ സർക്കാർ ഇടപെടലിലും സമരത്തിൽ പങ്കെടുക്കാൻ വന്ന കെ എം ഷാജഹാൻ ഉൾപ്പെടെയുള്ളവർക്കെതിരാ പൊലീസ് നടപടിയിലും ന്യായീകരണവുമായായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

സമരത്തിൽ ഇതുവരെയുണ്ടായ എല്ലാ സർക്കാർ-പൊലീസ് നടപടികളേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ‌എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് ആ കുടുംബം സ്വയം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനു ചെയ്യാനാവുന്നതെല്ലാം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ‌അവരുടെ സമരത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടെടുക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഒരു സര്‍ക്കാരിനും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല.

ഈ വിഷയത്തിൽ സർക്കാരിനെ വിമർശിക്കുന്നവർ സർക്കാരിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകൾ എന്താണെന്നു വ്യക്തമാക്കണം. ഒരു വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആദ്യമായി സുപ്രീംകോടതിയിൽ വരെ പോയ സർക്കാരാണിത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു സമരത്തിലൂടെ ഒന്നും നേടാനുണ്ടായിരുന്നില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത സർക്കാരാണ് എന്നു തന്‍റേടത്തോടെ പറയാൻ തനിക്കാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിജിപി ഓഫീസിനു മുന്നിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. മഹിജയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് ബോധ്യമുണ്ട്. എന്നാൽ അവരുടെ പ്രത്യേക മാനസികാവസ്ഥ മുതലെടുക്കാൻ പലരും ശ്രമിക്കുകയാണ്. അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളാണ് ഡിജിപി ഓഫീസിനു മുന്നിൽ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ എം ഷാജഹാനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജഹാനോട് വ്യക്തിവിരോധമുണ്ടായിരുന്നെങ്കിൽ താൻ അധികാരത്തിൽ കയറിയപ്പോൾതന്നെ എന്തെല്ലാം നടപടികൾ എടുക്കാമായിരുന്നു. അതുണ്ടായില്ലല്ലോ. ഡിജിപി ഓഫീസിനു മുന്നിൽ ബഹളം വച്ചതിനാണ് അറസ്റ്റ്. അതിന് തന്നെ കുറ്റംപറയുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. സമരത്തിൽ ഷാജഹാന്റെ പങ്കെന്താണെന്ന് പൊലീസ് വിലയിരുത്തട്ടെ. അതേസമയം, ഉമ്മൻചാണ്ടി എന്നുമുതലാണ് ഷാജഹാന്റെ രക്ഷകനായതെന്നും പിണറായി ചോദിച്ചു.

ഡിജിപി ഓഫീസിനു മുന്നിലെ സമരവുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടലിൽ ഉദ്യോ​ഗസ്ഥർക്കെതിരെ വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കും. സമരം പെട്ടെന്ന് അവസാനിക്കാതിരിക്കാന‍്‍ ചിലർ ശ്രമിച്ചതായും ഒരമ്മയുടെ മാനസികാവസ്ഥയെ ഇങ്ങനെ ഉപയോ​ഗിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൽ ശ്രീജിത്തിന്റെ പങ്കെന്താണെന്ന് അറിയില്ല. എന്നാൽ എസ്‌യുസിഐ നേതാക്കൾ എന്തിനാണ് അവിടെ പോയത്.

അതേസമയം, സമരം അനുനയിപ്പിക്കാൻ ശ്രമിച്ച കാനം രാജേന്ദ്രനേയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. കാനം ആശുപത്രിയിൽ പോയി എന്നുള്ളത് ശരിയാണ്. പക്ഷേ സമരം തീരുന്ന കാര്യത്തിൽ അദ്ദേഹമൊരു പങ്കും വഹിച്ചിട്ടില്ല. യെച്ചൂരിയുടേയും എം വി ജയരാജന്റേയുമെല്ലാം ഇടപെടൽ ഉണ്ടായതുകൊണ്ടുകൂടിയാണ് സമരം അവസാനിച്ചത്. ഇക്കാര്യത്തിൽ ‌എന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി ഞാൻ കണ്ടിട്ടില്ല. ആഭ്യന്തര വകുപ്പ് വലിയൊരു വകുപ്പാണ്, അതിന്റെ ഏതെങ്കിലും ഒരു ഭാ​ഗത്ത് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിൽ നടപടിയെടുത്താണ് പോകാറ്. അല്ലാതെ, ചില ആളുകൾ നടപടി എടുക്കൂ, നടപടി എടുക്കൂ എന്നു പറഞ്ഞുകൊണ്ടിരുന്നാൽ അതിന്റെപേരിൽ നടപടിയെടുക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ പത്തിന ഉറപ്പുകൾ നൽകിയതിന്റെ പശ്ചാത്തലത്തിൽ മഹിജയുടേയും സഹോദരൻ ശ്രീജിത്തിന്റേയും ജിഷ്ണുവിന്റെ സഹോദരിയുടേയും സമരം അവസാനിച്ചതിനു പിന്നാലെയാണ് ഡിജിപി ഓഫീസിനു മുന്നിലുണ്ടായ സമരം അനാവശ്യമാണെന്നു പരോക്ഷ​മായി ആവർത്തിക്കുന്ന രീതിയിലുള്ള വാർത്താസമ്മേളനവുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയത്. സമരം അവസാനിപ്പിക്കാൻ കാനം രാജേന്ദ്രൻ അടക്കമുള്ളവർ ശ്രമിച്ചത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.