ഫോണ്‍കെണി കേസ്: ഒന്നാം പേജില്‍ കറുപ്പടിച്ച് മംഗളത്തിന്റെ പ്രതിഷേധം; സര്‍ക്കാരിന്റേത് മാധ്യമവേട്ടയെന്ന് വിമര്‍ശനം

മന്ത്രിയെ കുടുക്കിയ ഫോണ്‍കെണി കേസില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഒന്നാം പേജിലെ എഡിറ്റോറിയല്‍ കോളത്തില്‍ കറുപ്പടിച്ച് മംഗളം പ്രതിഷേധമറിയിച്ചത്. സര്‍ക്കാരിന്റേത് മാധ്യമവേട്ടയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങുന്നത് തടഞ്ഞ് സര്‍ക്കാരും പൊലീസും പക വീട്ടുകയാണെന്നും മംഗളം ആരോപിക്കുന്നു.

ഫോണ്‍കെണി കേസ്: ഒന്നാം പേജില്‍ കറുപ്പടിച്ച് മംഗളത്തിന്റെ പ്രതിഷേധം; സര്‍ക്കാരിന്റേത് മാധ്യമവേട്ടയെന്ന് വിമര്‍ശനം

മന്ത്രി രാജിവെക്കാനിടയാക്കിയ സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനലിലെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മംഗളം ദിനപത്രത്തിന്റെ പ്രതിഷേധം. ഒന്നാം പേജിലെ എഡിറ്റോറിയല്‍ കോളത്തില്‍ കറുപ്പടിച്ചാണ് മംഗളം പ്രതിഷേധം രേഖപ്പെടുത്തിയത്. എ കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്തുവിട്ടതിന്റെ പേരില്‍ മംഗളത്തിനെതിരായ ഭരണകൂട ഭീകരത തുടരുന്നുവെന്നും പത്രം വിമര്‍ശിക്കുന്നു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങുന്നത് തടഞ്ഞാണ് സര്‍ക്കാരും പൊലീസും പക വീട്ടിയതെന്നും മംഗളം ആരോപിക്കുന്നു.

ഒന്നാം പേജില്‍ കറുപ്പടിച്ചിരിക്കുന്നതിനെക്കുറിച്ച് മംഗളം പറയുന്നതിങ്ങനെയാണ്. 'വര്‍ത്തമാനകാലത്തെ കാര്യങ്ങളാണ് വാര്‍ത്ത. എന്നിരിക്കെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങളുടെ ആസുരകാലത്ത് ഒരു ഭരണാധികാരിയുടെ മനോഭാവം, പെരുമാറ്റം എന്നിവ പച്ചയ്ക്കു പുറത്തുകൊണ്ടുവന്ന മംഗളം ടെലിവിഷന്‍, പത്രം എന്നിവയോട് ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ, സമീപനത്തില്‍ പ്രതിഷേധിക്കുന്നു'.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയാല്‍ ജാമ്യം ലഭിക്കുമെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് മലക്കം മറിഞ്ഞു. തൊടുന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാക്കുന്നതു വൈകിപ്പിക്കാന്‍ ഉന്നതതലത്തില്‍ തന്ത്രങ്ങളൊരുക്കിയെന്നും മംഗളം പറയുന്നു. രാഷ്ട്രീയ ആജ്ഞാനുവര്‍ത്തികളായ പൊലീസ് അതേപടി നടപ്പാക്കുകയാണെന്നും വിമര്‍ശനമുണ്ട്.

കൊച്ചിയില്‍ ശിവസേന നടത്തിയ സദാചാരഗുണ്ടായിസക്കേസില്‍ മംഗളം ലേഖകന്‍ മിഥുന്‍ പുല്ലുവഴിയെ കുടുക്കാനും പൊലീസ് ശ്രമിക്കുന്നെന്നും പത്രം ആരോപിക്കുന്നു. ഫോണ്‍ സംഭാഷണ വിവാദത്തിനു പിന്നാലെ മംഗളം പ്രവര്‍ത്തകരെയാകെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നും വിമര്‍ശനമുണ്ട്. മംഗളത്തിനെതിരായ ഏതു നടപടിയും ഒറ്റക്കെട്ടായി നേരിടുമെന്ന് ചീഫ് എഡിറ്റര്‍ സാബു വര്‍​ഗീസ് പറഞ്ഞു.

വേട്ട മാധ്യമത്തോടും മാതൃത്വത്തോടും എന്ന തലക്കെട്ടില്‍ നടുപേജില്‍ മംഗളത്തിനും ജിഷ്ണുവിന്റെ കുടുംബത്തിനും എതിരായ പൊലീസ് നടപടിയെ പത്രം വിമര്‍ശിക്കുന്നുണ്ട്. ഫോണ്‍സംഭാഷണം സംബന്ധിച്ച് മംഗളത്തെ ന്യായീകരിക്കുന്ന ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി, ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ വി എസ് ഹരിദാസ് എന്നിവരുടെ ലേഖനങ്ങളും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി സി ജോര്‍ജ് എംഎല്‍എ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എന്‍ഡിഎ നേതാവ് പി സി തോമസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരുടെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്.

സ്റ്റിങ് ഓപ്പറേഷനെന്ന വലിയ ആയുധം എമെന്ന തലക്കെട്ടില്‍ മംഗളത്തിന്റെ ഫോണ്‍ കെണിയെ ന്യായീകരിക്കാനുള്ള റിപ്പോര്‍ട്ടും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യം ശ്രദ്ധിച്ച സ്റ്റിങ് ഓപ്പറേഷനുകള്‍ വിശദീകരിച്ച് മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണവും സ്റ്റിങ് ഓപ്പറേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും പത്രം നടത്തുന്നുണ്ട്.