ലാപ്‌ടോപ്പും മൊബൈലും മോഷണം പോയെന്ന വാദം മംഗളത്തെ ട്രാപ്പിലാക്കും; ജാമ്യം കിട്ടാനുള്ള സാധ്യത വരെ ഇല്ലാതാകും

മന്ത്രിയെ കുടുക്കിയ ഫോണ്‍കെണിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമാണ് ലാപ്‌ടോപ്പും മൊബൈല്‍ഫോണും കളവ് പോയെന്ന് മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ പരാതി നല്‍കിയത്. അജിത്കുമാറിന്റെ ഫോണ്‍വിളിയും മെസേജുകളും പൊലീസിനു പരിശോധിക്കാനുള്ള വഴിയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ജാമ്യമെടുക്കാന്‍ അജിത്കുമാറും സംഘവും കോടതിയെ സമീപിച്ചാല്‍ മോഷണം പോയെന്ന വാദം നാടകമാണെന്ന് പൊലീസ് പറയാനുള്ള സാധ്യതയുമുണ്ട്.

ലാപ്‌ടോപ്പും മൊബൈലും മോഷണം പോയെന്ന വാദം മംഗളത്തെ ട്രാപ്പിലാക്കും; ജാമ്യം കിട്ടാനുള്ള സാധ്യത വരെ ഇല്ലാതാകും

ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന സിഇഒ ആര്‍ അജിത്കുമാറിന്റെ പരാതി മംഗളത്തിനു വീണ്ടും കെണിയൊരുക്കും. അജിത്കുമാറിന്റെ ഫോണ്‍വിളികളും വാട്‌സ്ആപ്പ് തുടങ്ങിയവയിലൂടെയുള്ള മെസേജുകളും പൊലീസ് പരിശോധിക്കാനുള്ള സാധ്യതയാണുള്ളത്. മംഗളത്തിന്റെ വാദം നാടകമാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകരുടെ ജാമ്യമടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാകും.

അജിത്കുമാറിന്റെ ഫോണിലേക്കും തിരിച്ചും അവസാനമായി ആരൊക്കെ വിളിച്ചുവെന്ന വിവരങ്ങള്‍ പൊലീസിനു ശേഖരിക്കാനാകും. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെയുള്ള സന്ദേശങ്ങളും പൊലീസിനു ലഭിക്കും. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സമയത്ത് ഈ വിവരങ്ങള്‍ വാട്‌സ്ആപ്പ് പൊലീസിനു നല്‍കാറുണ്ട്. മന്ത്രിയുമായുള്ള സംഭാഷണം അജിത്കുമാര്‍ ശശീന്ദ്രനും, മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കും അയച്ചു നല്‍കിയോ എന്നിവയടക്കം പൊലീസിനു പരിശോധിക്കാനാകും. ഈ ഡാറ്റ നല്‍കാന്‍ സര്‍വ്വീസ് പ്രൊവൈഡേവ്‌സിനോട് പൊലീസിന് ആവശ്യപ്പെടാം.

തെളിവുകള്‍ പൊലീസിനു നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ലാപ്‌ടോപ്പും മൊബൈലും മോഷണം പോയെന്ന് മംഗളം സിഇഒ അജിത്കുമാര്‍ പറഞ്ഞതെന്ന വാദവുമുയരുന്നുണ്ട്. ഉപകരണങ്ങള്‍ മോഷണം പോയെന്നു പറയപ്പെടുന്ന സ്ഥലത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് പൊലീസ് ഇക്കാര്യം ഉറപ്പുവരുത്തിയേക്കും. പൊലീസ് അന്വേഷണത്തില്‍ മംഗളം സിഇഒ പറഞ്ഞത് കള്ളമെന്നു തെളിഞ്ഞാല്‍ ജാമ്യം കിട്ടാനുള്ള സാധ്യതതയും പ്രതിസന്ധിയിലായേക്കുമെന്നാണ് വിലയിരുത്തല്‍. തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ട പുതിയ കുരുക്കും മംഗളത്തിനുമേല്‍ വന്നേക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു.

നേരത്തെ ബ്ലാക്ക്‌ബെറി ഫോണുകള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ മടിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ ബ്ലാക്ക്‌ബെറി നിരോധിച്ചത്. ഇതിനു ശേഷമാണ് ഇവര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായത്. വിവരങ്ങള്‍ നല്‍കാന്‍ വാട്‌സ്ആപ്പും തയ്യാറായേക്കുമെന്നാണ് സൂചന.


Read More >>