​ഫോൺ കെണി; അജിത്‌കുമാറിനും റിപ്പോർട്ടർ ജയചന്ദ്രനും ജാമ്യമില്ല; മൂന്നു പ്രതികൾക്കു ജാമ്യം

സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്നും ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

​ഫോൺ കെണി; അജിത്‌കുമാറിനും റിപ്പോർട്ടർ ജയചന്ദ്രനും ജാമ്യമില്ല; മൂന്നു പ്രതികൾക്കു ജാമ്യം

ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കു കാരണമായ ഫോൺ വിവാദത്തെ തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ മം​ഗളം ടെലിവിഷനിലെ മൂന്നു മാധ്യമ പ്രവർത്തകർക്കു ജാമ്യം. എന്നാൽ കേസിലെ ഒന്നും രണ്ടും പ്രതികളായ മം​ഗളം ചാനൽ സിഇഒ അജിത്‌കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവർക്കു ജാമ്യമില്ല. മൂന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കൂടാതെ, ആറുമുതൽ ഒമ്പതു വരെയുള്ള പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു.

സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്നും ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

ഫോണ്‍ റെക്കോര്‍ഡ് കണ്ടെടുക്കാത്തതു കൊണ്ടാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നതെന്നും കോടതി നിരീക്ഷിച്ചു. തന്റെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്നു ചാനല്‍ മേധാവി അജിത് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുറ്റകരമായ ​ഗൂഡാലോചന, ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫേസ്ബുക്ക് വഴി പരസ്യപ്പെടുത്തി എന്നീ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മം​ഗളം ചാനല്‍ ഉദ്ഘാടനത്തോടനുബന്ധിച്ചു ബി​ഗ് ബ്രേക്കിങ് എന്ന രീതിയിൽ പുറത്തുവിട്ട ഫോൺ സംഭാഷണമാണു വിവാദമായത്. ഇതേ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രൻ രാജി വച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്ന ഫോൺ റെക്കോർഡിങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ ഇത് പുറത്തുവിട്ടത്. പിന്നീട്, ഇത് ഒരു സ്ത്രീയോടുള്ള സംസാരം എന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഇതോടെ, വാർത്തയ്ക്കു പിന്നിൽ ഹണി ട്രാപ്പാണെന്ന ആരോപണം ഉയർന്നു. ഇതേതുടർന്ന് ചാനലിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകരിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നിരുന്നു.

ഇതോടെ, തെറ്റ് ഏറ്റുപറഞ്ഞും മാപ്പ് ചോദിച്ചും ചാനൽ സിഇഒ അജിത് കുമാർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ഹണി ട്രാപ്പല്ലെന്നും സ്ഥാപനത്തിലെ ഒരു മാധ്യമപ്രവർത്തകയെ ഉപയോ​ഗിച്ചു നടത്തിയ സ്റ്റിങ് ഓപറേഷനാണെന്നും അജിത്‌കുമാർ പറഞ്ഞിരുന്നു.