മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്: പണം ഉടൻ കിട്ടുമെന്ന് നാട്ടിൻപുറങ്ങളിൽ വ്യാജ പ്രചരണം; തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലേക്ക് അപേക്ഷകരുടെ ഒഴുക്ക്

അയൽക്കാരും നാട്ടുകാരുമൊക്കെ പറഞ്ഞറിഞ്ഞാണ് പലരും അപേക്ഷയുമായി എത്തിയത്. ഇതേസമയം, സംസ്ഥാന സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്ന പദ്ധതിയാണെന്നിരിക്കെ മോഡി സർക്കാർ നേരിട്ടു നടപ്പാക്കുന്നതാണെന്ന കുപ്രചരണവും ​ഗ്രാമീണ മേഖലകളിൽ പലരും നടത്തുന്നുണ്ട്. ഇങ്ങനെയും നിരവധി പേരാണ് കളക്ടറേറ്റിലെത്തിയത്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ടു ചില പത്രവാർത്തകളും ആളുകളിൽ അപേക്ഷ നൽകാൻ തിടുക്കമുണ്ടാക്കി. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, നെയ്യാറ്റിൻകര, പാറശാല തുടങ്ങി ജില്ലയുടെ എല്ലാ ഭാ​ഗങ്ങളിൽ നിന്നും ആയിരക്കണക്കിനു പേരാണ് രാവിലെ മുതൽ ഇത്തരത്തിൽ സഹായം കിട്ടാനായി അപേക്ഷയുമായെത്തിയത്. എന്നാൽ കളക്ടറേറ്റിൽ എത്തുമ്പോഴാണ് അവിടുത്തെ ജീവനക്കാർ അപേക്ഷ വാങ്ങിവച്ച ശേഷം ഒരു ടോക്കൺ നൽകി പറഞ്ഞയക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഇവർ അറിയുന്നത്.

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്: പണം ഉടൻ കിട്ടുമെന്ന് നാട്ടിൻപുറങ്ങളിൽ വ്യാജ പ്രചരണം; തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലേക്ക് അപേക്ഷകരുടെ ഒഴുക്ക്

വിവിധ കാരണങ്ങളാൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കുള്ള സഹായത്തിനായി സർക്കാർ ആരംഭിക്കുന്ന ജനസാന്ത്വന പദ്ധതിയുടെ ധനസഹായം സംബന്ധിച്ച് നാട്ടിൻപുറങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ വ്യാപകം. കളക്ടറേറ്റിൽ എത്തിയാൽ ഉടൻ 10,000 രൂപ വച്ച് ലഭിക്കുമെന്നറിഞ്ഞാണ് പലരും അപേക്ഷയുമായെത്തുന്നത്. ഇത്തരത്തിൽ തിരുവനന്തപുരം കളക്ടേറ്റിൽ ഇന്നലെ മുതൽ പൊതുജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. എന്നാൽ അതിനു കാലതാമസമെടുക്കുമെന്ന കാര്യം ഇവർ പിന്നീടാണറിയുന്നത്.

വയോധികരും വിവിധ രോ​ഗങ്ങൾക്കു ചികിത്സ തേടുന്നവരും വീടില്ലാത്തവരും മറ്റു ദുരിതങ്ങൾ അനുഭവിക്കുന്നവരുമൊക്കെ ഇതിൽപ്പെടും. ആധാർ കാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപുറം എന്നിവയുടെ പകർപ്പുമായി കളക്ടറേറ്റിൽ ചെന്നാൽ ഉടൻ തന്നെ പണം കിട്ടുമെന്നാണ് പലരും കേട്ടറിഞ്ഞത്. വയോധികർക്കും വിവിധ ചികിത്സയുമായി കഴിയുന്നവർക്കും 10,000 രൂപയും അതിനു മുകളിലും ബാങ്ക് അക്കൗണ്ടിൽ ഇട്ടുകിട്ടുമെന്നായിരുന്നു പ്രചരണം. ഇതൊക്കെ കേട്ടെത്തിയ ആളുകളോട്, ആധാർ കാർഡി‌‌ന്റെ കോപ്പിയുമായി ചെന്നാൽ ഇപ്പോൾ തന്നെ പണം കിട്ടുമെന്നായിരുന്നു കളക്ടറേറ്റ് ​ഗേറ്റിൽ നിലയുറപ്പിച്ച ഒരു സംഘം ആളുകളുടെ നിർദേശം.

അയൽക്കാരും നാട്ടുകാരുമൊക്കെ പറഞ്ഞറിഞ്ഞാണ് പലരും അപേക്ഷയുമായി എത്തിയത്. ഇതേസമയം, സംസ്ഥാന സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്ന പദ്ധതിയാണെന്നിരിക്കെ മോഡി സർക്കാർ നേരിട്ടു നടപ്പാക്കുന്നതാണെന്ന കുപ്രചരണവും ​ഗ്രാമീണ മേഖലകളിൽ പലരും നടത്തുന്നുണ്ട്. ഇങ്ങനെയും നിരവധി പേരാണ് കളക്ടറേറ്റിലെത്തിയത്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ടു ചില പത്രവാർത്തകളും ആളുകളിൽ അപേക്ഷ നൽകാൻ തിടുക്കമുണ്ടാക്കി. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, നെയ്യാറ്റിൻകര, പാറശാല തുടങ്ങി ജില്ലയുടെ എല്ലാ ഭാ​ഗങ്ങളിൽ നിന്നും ആയിരക്കണക്കിനു പേരാണ് രാവിലെ മുതൽ ഇത്തരത്തിൽ സഹായം കിട്ടാനായി അപേക്ഷയുമായെത്തിയത്. എന്നാൽ കളക്ടറേറ്റിൽ എത്തുമ്പോഴാണ് അവിടുത്തെ ജീവനക്കാർ അപേക്ഷ വാങ്ങിവച്ച ശേഷം ഒരു ടോക്കൺ നൽകി പറഞ്ഞയക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഇവർ അറിയുന്നത്.

ബാലരാമപുരത്തുള്ള ഒരാൾക്ക് ഇത്തരത്തിൽ 20,000 രൂപ കിട്ടിയെന്നറിഞ്ഞ് മറ്റൊരാൾ പറഞ്ഞറിഞ്ഞാ‌ണ് താൻ വന്നതെന്ന് ബാലരാമപുരം കട്ടച്ചാൽക്കുഴി സ്വദേശിനിയായ വിജയകുമാരി നാരദാ ന്യൂസിനോടു പറഞ്ഞു. താനൊരു കടയിൽ സെയിൽസ് ​ഗേളായി ജോലി നോക്കുകയാണ്. ഭർത്താവ് മൂന്നര വർഷം മുമ്പു മരിച്ചു. മൂന്നുമക്കളിൽ മൂത്തയാളും മരണപ്പെട്ടു. മറ്റു രണ്ടുപേർ മാറിത്താമസിക്കുന്നു. വീട്ടിൽ താൻ ഒറ്റയ്ക്കാണ്. ഇങ്ങനൊരു ദുരിത ജീവിതമായതിനാലാണ് ഇത്തരത്തിൽ ധനസഹായം കിട്ടുമെന്നറിഞ്ഞ ഉടനെ ഇങ്ങോട്ടുവന്നതെന്നും വിജയകുമാരി പറഞ്ഞു.

ഭർത്താവ് മരിച്ചിട്ടു രണ്ടുവർഷമായ എഴുപത്തഞ്ചുകാരിയും ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയുമായ ശ്യാമള എത്തിയത് വിധവാ ധനസഹായത്തിനു വേണ്ടിയാണ്. മക്കൾ മൂന്നുപേർ മൂന്നിടത്താണ് താമസം. താൻ രാവിലെ ഏഴരമുതൽ കളക്ടറേറ്റിൽ വന്നു ക്യൂ നിൽക്കുകയാണെന്നും ശ്യാമള പറഞ്ഞു. ഭർത്താവ് മരിച്ച് 27 വർഷമായ ആറ്റിങ്ങൽ അയിലം സ്വദേശി ​ഗീതയും ഭർത്താവ് ഉപേക്ഷിച്ചിട്ട് നാലു വർഷമായ ഉഷകുമാരിയും വിധവകളായ രാ​ഗിണിയും കുമാരിയുമൊക്കെ ഇങ്ങനെ ധനസഹായം പ്രതീക്ഷിച്ച് എത്തിയവരായിരുന്നു. ഇവരെല്ലാം വെള്ളക്കടലാസിൽ തങ്ങളുടെ ആവശ്യം എഴുതി നൽകി ടോക്കണും വാങ്ങിപ്പോവുകയും ചെയ്തു. ഇനി ധനസഹായത്തിനായി കാത്തിരിക്കാമെന്ന മറുപടിയുമായി.

നേരത്തെ, ഈമാസം 31 വരെയേ അപേക്ഷ സ്വീകരിക്കൂ എന്നുള്ള വ്യാജ പ്രചരണവും നാട്ടിൻപുറങ്ങളിൽ പ്രചരിച്ചിരുന്നതായി അപേക്ഷകരിൽ ചിലർ നാരദാ ന്യൂസിനോടു പറഞ്ഞു. ഇതറിഞ്ഞ് ജനബാഹുല്യം കളക്ടറേറ്റിൽ എത്തുമ്പോഴാണ് ഇങ്ങനൊരു വിഷയം തങ്ങൾ അറിഞ്ഞതെന്നു ജീവനക്കാരും വ്യക്തമാക്കി. തുടർന്ന് എൻജിഒ സംഘടനകളെ ബന്ധപ്പെട്ട് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിച്ച് അപേക്ഷകൾ വാങ്ങുകയായിരുന്നു. 11 കൗണ്ടറുകളാണ് നിലവിൽ തിരുവനന്തപുരം കളക്ടറേറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ആയിരത്തോളം അപേക്ഷകളാണ് ഇന്നലെ മാത്രം ലഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു.

ഇതിനിടെ, അപേക്ഷ സ്വീകരിക്കുന്നതിനു അവസാന തിയ്യതി ഇല്ലെന്നുകാട്ടി കളക്ടർ എസ് വെങ്കിടേസപതി വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. കൂടാതെ താലൂക്ക് ഓഫീസുകളിലും ജനസാന്ത്വന പദ്ധതിക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നിട്ടും ആളുകളുടെ കുത്തൊഴുക്ക് അവസാനിക്കുന്നില്ല. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഇനി വില്ലേജ് ഓഫീസിൽ നിന്നും അന്വേഷിക്കാൻ ആളുവരും എന്നാണ് കളക്ടറേറ്റിൽ നിന്നും അപേക്ഷകരെ അറിയിച്ചിരിക്കുന്നത്.

അതേസമയം, വ്യാജപ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എഡിഎം ജോൺ പി സാമുവൽ നാരദാ ന്യൂസിനോടു പറഞ്ഞു. കളക്ടറേറ്റിൽ വാങ്ങിവയ്ക്കുന്ന അപേക്ഷ താലൂക്ക് ഓഫീസുകളിലേക്കു കൈമാറുകയും അവിടുന്ന് അതാത് വില്ലേജ് ഓഫീസുകളിലേക്ക് അയക്കുകയുമാണ് ചെയ്യുന്നത്. അതിനു ‌ശേഷം കൃത്യമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം അർഹരായ ആളുകളുടെ ലിസ്റ്റ് തിരിച്ച് കളക്ടറേറ്റിൽ സമർപ്പിക്കുകയും അവിടുന്ന് സർക്കാരിനു നൽകുകയുമാണ് ചെയ്യുന്നത്. തുടർന്ന് സർക്കാർ തീരുമാനമെടുക്കും. അതിനു നിശ്ചിത കാലതാമസമെടുക്കുമെന്നും എഡിഎം വ്യക്തമാക്കി.

ജനസാന്ത്വനഫണ്ട് പദ്ധതി സംബന്ധിച്ച സർക്കാർ അനുമതി പ്രകാരം ഈ വർഷം ജനുവരി നാലിനാണ് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്. വിവിധ കാരണങ്ങളാൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഫണ്ട് അപര്യാപ്തമായതിനാൽ കൂടുതൽ ഫണ്ട് സമാഹരിക്കാനും വികസനവും ക്ഷേവും ഏകോപിപ്പിക്കാനുമായി പൊതുജനപങ്കാളിത്തത്തോടെയാണ് മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് എന്ന പേരിൽ ഒരു പൊതുജനക്ഷേമ ഫണ്ട് നടപ്പാക്കാൻ തീരുമാനിച്ചതെന്നു ചൂണ്ടിക്കാട്ടി അതി യാണ്തിന്റെ ്റെ വിശാംശങ്ങൾ ഉൾപ്പെടുത്തിയാണ് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിർമാണം/അറ്റകുറ്റപ്പണികൾ/ നവീകരണം എന്നിവയ്ക്കുള്ള ധനസാഹയം പരമാവധി മൂന്നരലക്ഷം, വൃദ്ധജനങ്ങളുടേയും പുറമ്പോക്കിൽ താമസിക്കുന്നവരുടേയും പുനരധിവാസത്തിന് പരമാവധി രണ്ടു ലക്ഷം രൂപ, സാമ്പത്തിക പ്രശ്നങ്ങളാൽ ജീവിതം വഴിമുട്ടിയവർക്കുള്ള സമാശ്വാസ ധനസഹായം പരമാവധി ഒരു ലക്ഷം രൂപ, മറ്റു സമാശ്വാസ ധനസഹായം 10,000 രൂപ എന്നിങ്ങനെയാണ് ധനസഹായ പരിധി.