നാരദയ്‌ക്കെതിരെ അജ്ഞാത ഭീഷണി; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കം അപലപനീയമെന്നു പോള്‍ സക്കറിയ

തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ഒളി കാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ മാത്യു സാമുവേലിനെപ്പോലൊരു ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനെതിരെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ പൗരന്മാരും പ്രതികരിക്കണമെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പ്രതികരിച്ചു.

നാരദയ്‌ക്കെതിരെ അജ്ഞാത ഭീഷണി; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കം അപലപനീയമെന്നു പോള്‍ സക്കറിയ

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കം അപലപനീയമാണെന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയ. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ഒളി കാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ മാത്യു സാമുവേലിനെപ്പോലൊരു ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനെതിരെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ പൗരന്മാരും പ്രതികരിക്കണമെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പ്രതികരിച്ചു.

എല്ലാ ജേണലിസ്റ്റുകളും മനുഷ്യാവകാശസംരക്ഷണത്തിന്റെ പ്രഖ്യാതരൊന്നുമല്ല. എന്നാലും ഇത്തരം അജ്ഞാതഭീഷണികളും മറ്റും എതിര്‍ക്കപ്പെടേണ്ടതാണ്. മാത്യു സാമുവേലിനും കുടുംബത്തിനും സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്.

തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Read More >>