പട്ടാമ്പിയിൽ ദളിത് പൂജാരിക്കു നേരെ ആസിഡ് ആക്രമണം; പ്രകോപനമായതു ദളിതന്റെ ക്ഷേത്ര പൂജ

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രികപഠനത്തില്‍ അംഗീകാരം നേടിയയാളാണ് ബിജു. ഒന്നര വര്‍ഷമായി വിളയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയാണ്. ഇതിന് ഒരു വര്‍ഷം മുമ്പ് തൃശ്ശൂര്‍ മണ്ണുത്തിയിലെ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വേറെയും വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാനായിരുന്നിട്ടുണ്ട്.

പട്ടാമ്പിയിൽ ദളിത് പൂജാരിക്കു നേരെ ആസിഡ് ആക്രമണം; പ്രകോപനമായതു ദളിതന്റെ ക്ഷേത്ര പൂജ

ദളിതനായ പൂജാരിക്കു നേരെ ആസിഡ് ആക്രമണം. പട്ടാമ്പി വിളയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഏലംകുളം സ്വദേശി ബിജുനാരായണനെ(32)യാണ് പൊള്ളേലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വിളയൂരിലെ താമസ സ്ഥലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നട തുറക്കാനായി പോകുമ്പോള്‍ ആസിഡ് ആക്രമണം ഉണ്ടായത്. പൊള്ളലേറ്റ് ബിജുനാരായണനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്തേക്കാണ് ആസിഡ് ഒഴിച്ചതെങ്കിലും ചുണ്ടിന് താഴേയും കഴുത്തിലും പുറകു വശത്തുമായാണ് പൊള്ളലേറ്റത്. നേര്‍പ്പിച്ച ആസിഡാണ് ഉപയോഗിച്ചിരുന്നതെന്നതിനാല്‍ പൊള്ളല്‍ അതീവ ഗുരുതരമല്ല. പൊള്ളലിന്റെ ആഴവും മറ്റും അറിയാന്‍ രണ്ട് ദിവസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയയാളാണ് ബിജു. ഒന്നര വര്‍ഷമായി വിളയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയാണ്. ഇതിന് ഒരു വര്‍ഷം മുമ്പ് തൃശ്ശൂര്‍ മണ്ണുത്തിയിലെ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വേറെയും വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാനായിരുന്നിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രത്തിലെ ജോലിക്കൊപ്പം വിളയൂര്‍ ആദിമാര്‍ഗ തന്ത്രവിദ്യാപീഠം ആശ്രമം നടത്തി വരുത്തുന്നു. ഇവിടെ കുട്ടികള്‍ക്ക് വേദപഠനം നടത്തുന്നുണ്ട്. ജ്യോതിഷം, വാസ്തു, തന്ത്രം എന്നിവയില്‍ പ്രാഗല്‍ഭ്യമുണ്ട്. ദലിത് വിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ ഭാഗമായി സ്ഥിരമായി പ്രസംഗ പരിപാടികള്‍ക്കും ക്ലാസ്സെടുക്കാനും പോകാറുണ്ട്.

'സംഭവ ദിവസം ഞാന്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ഒരാള്‍ ആ പ്രദേശത്തെ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. വീടിന്റെ മുറ്റത്ത് അയാള്‍ എന്നെ കാത്തു നില്‍ക്കുന്ന പോലെ വരവ് കണ്ടാല്‍ തോന്നാം. വീട്ടുകാര്‍ അറിഞ്ഞിട്ടാണോ അയാള്‍ അവിടെ നിന്നത് എന്നതൊന്നും അറിയില്ല. താമസ സ്ഥലത്ത് നിന്ന് അമ്പതോളം മീറ്റര്‍ ദൂരത്തില്‍ ഒരു ബസ് നിര്‍ത്തിയിരുന്നു. ഈ ബസ്സിന്റെ സമീപത്ത് വെച്ചാണ് അയാള്‍ മുഖത്തേക്ക് കയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ചത്. മുഴുവനും എന്റെ ശരീരത്തില്‍ വീണില്ല. കുറച്ച് സമീപത്ത് നിര്‍ത്തിയിരുന്ന കാറിന്റെ മുകളിലേക്ക് വീണു. അതിന്റെ ഉള്ളിലേക്ക് തെറിച്ചോ എന്നറിയില്ല'- സംഭവത്തെ കുറിച്ചു ബിജുനാരായണന്‍ ആശുപത്രിയില്‍ വെച്ച് നാരദ ന്യൂസിനോട് സംസാരിച്ചു:

'ആസിഡ് ശരീരത്തില്‍ വീണ ഞാന്‍ മുന്നോട്ടോടി. അവിടെ റോഡില്‍ കെട്ടി നിന്നിരുന്ന ചെളി വെള്ളത്തില്‍ വീണുരുണ്ടു. ചെളിയില്‍ വീണുരുണ്ട ഞാന്‍ അത് വഴി വന്ന ചില ബൈക്കുകാരോട് സഹായം ചോദിച്ചു. ചെളിയില്‍ കുളിച്ച് നില്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ ഭ്രാന്തനാണെന്ന് കരുതിയാവണം അവര്‍ കയറ്റാതെ പോയി. പിന്നെ അവിടെ നിന്നും അടുത്ത ഒരു പാര്‍ക്കിലെത്തി അവിടെ നിന്നും ഓട്ടോ വിളിച്ചാണ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് അവിടെ നിന്നും ഉടനെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് കൊണ്ടു വന്നു'

'രാഷ്ട്രീയപരമായും സാമുദായികപരമായും വ്യക്തിപരമായും എനിക്ക് ശത്രുക്കള്‍ ആരുമില്ല. ഞാന്‍ ദലിത് സമുദായത്തില്‍ നിന്നും പഠിച്ചു വന്ന ശാന്തിക്കാരനാണ്. മലപ്പുറത്ത് അമ്പലം തകര്‍ത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരും മദ്രസയില്‍ കയറി അധ്യാപകനെ വെട്ടികൊന്നവരും പോലെ എനിക്കെതിരെ നടന്ന അക്രമത്തിലും സമാനതകള്‍ ഉണ്ട്'

'ഞാന്‍ ദലിതനായതിനാല്‍ ദലിതര്‍ സവര്‍ണര്‍ക്ക് എതിരേയോ, മൊത്തം ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് എതിരെയോ തിരിഞ്ഞ് അക്രമം നടത്തിയാലും അവരുടെ ഉദ്ദേശ്യം സാധിക്കും. വന്നത് ഒരാളാണെങ്കിലും ഒരു സംഘം അതിന് പിന്നില്‍ ഉണ്ടായിരുന്നു. അക്രമിക്ക് വേഗത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞത് അതു കൊണ്ടാണ്'.

'എന്റെ അച്ഛന്‍ ചെറുമനും അമ്മ നായരുമാണ്. അതു കൊണ്ട് തന്നെ എനിക്ക ബന്ധുക്കളില്ല, വീട്ടുകാര്‍ മാത്രമേയുള്ളു. അമ്മയുടേയും അച്ഛന്റേയും വീട്ടുകാര്‍ അവരെ ഉപേക്ഷിച്ചു. മിശ്രജാതിക്കാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഞാന്‍ ദലിതനായ പൂജാരിയാണെങ്കിലും എന്റെ ജാതിപ്പേര് വെച്ച് അമ്പലത്തില്‍ ജോലി തരില്ല. ഉയര്‍ന്ന ജാതിക്കാരുടെ പേരിനൊപ്പം നമ്പൂതിരി, വാര്യര്‍, ഏമ്പ്രാന്തിരി എന്നൊക്കെ ചേര്‍ത്തേ അമ്പലത്തില്‍ ജോലിക്ക് കയറ്റു. എന്നാല്‍ ദലിതര്‍ക്ക് അതിന് അനുവാദമില്ല'

'ദേവസ്വം ബോര്‍ഡിലെ ജോലികള്‍ക്ക് ദലിതര്‍ക്ക് സംവരണം ഒന്നും ഇല്ല. കിട്ടിയാല്‍ കിട്ടി അത്രമാത്രം. ക്ഷേത്ര പ്രവേശനം വഴി ക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് മാത്രമേ ദളിതന് പ്രവേശനം കിട്ടിയിട്ടുള്ളു. പാറ്റയും ഈച്ചയും എലിയും എട്ടുകാലിയുമൊക്കെ വസിക്കുന്ന ശ്രീകോവിലിന് അകത്തേക്ക് ദലിതന് പ്രവേശനം ഇല്ല'

'മുമ്പ് ഞാന്‍ പൂജാരിയായിരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് വരെ ജാതീയമായ ഒരുപാട് അവഹേളനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ തൊഴാന്‍ വരെ വന്നിരുന്നില്ല. വിവേചനങ്ങള്‍ അതില്‍ ഇല്ല. അതില്‍ ഉച്ചനീചത്വം കല്‍പ്പിക്കുന്നവര്‍ക്കെതിരെ ഞാന്‍ പ്രസംഗിക്കാറുണ്ട്. പരിപാടികളില്‍ പങ്കെടുക്കാറുണ്ട്'- ബിജു നാരദ ന്യൂസിനോട് പറയുന്നു.