കാലിത്തൊഴുത്തിനേക്കാൾ കഷ്ടമീ ലയങ്ങൾ; മൂന്നാറിലെ തോട്ടംതൊഴിലാളികൾ ചോദിക്കുന്നു- 'നാങ്കെയെന്ന മാടുകളാ?'

തകരഷീറ്റുകള്‍ കൊണ്ടു നിര്‍മിച്ച മേല്‍ക്കൂര മിക്കയിടത്തും തകര്‍ന്ന അവസ്ഥയിലാണ്. വൃത്തിയുള്ള കക്കൂസുകള്‍ പോലും എവിടെയുമില്ല. മഴ ശക്തമായാല്‍ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ തണുത്തു വിറങ്ങലിച്ചു കഴിയുകയാണ് തൊഴിലാളികള്‍. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് ലയങ്ങളില്‍ നിലനില്‍ക്കുന്നത്. കൃത്യമായ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളും ഇവിടങ്ങളിലില്ല. എന്നിട്ടും ഇവയെക്കുറിച്ചൊന്നും ഔദ്യോഗികമായോ പരസ്യമായോ പരാതിപ്പെടാന്‍ തൊഴിലാളികള്‍ ഇപ്പോള്‍ തയ്യാറല്ല. കാരണം, പൊമ്പിളൈ ഒരുമൈ സമരത്തിനു നേതൃത്വം നല്‍കിയ തൊഴിലാളികളോട് കമ്പനി സ്വീകരിച്ച നടപടികള്‍തന്നെ.

കാലിത്തൊഴുത്തിനേക്കാൾ കഷ്ടമീ ലയങ്ങൾ; മൂന്നാറിലെ തോട്ടംതൊഴിലാളികൾ ചോദിക്കുന്നു- നാങ്കെയെന്ന മാടുകളാ?

കയ്യേറ്റമൊഴിപ്പിക്കലിനെത്തുടര്‍ന്ന് വീണ്ടും മൂന്നാര്‍ സജീവ ചര്‍ച്ചയാകുമ്പോഴും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദുരിതജീവിതത്തിന് അറുതിയില്ല. സ്വതന്ത്ര ഇന്ത്യയില്‍ അടിമപ്പണി തുടരുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതം ഇന്നും കാലിത്തൊഴുത്തുകള്‍ക്ക് സമാനമായ ലയങ്ങളിലാണ്.


മൂന്നാറില്‍ 2015 ല്‍ നടന്ന പൊമ്പിളൈ ഒരുമൈയുടെ ഐതിഹാസിക സമരത്തെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങള്‍ പുറംലോകമറിഞ്ഞെങ്കിലും ഇതിനു പരിഹാരമുണ്ടാക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ആവിയായി. 20 ശതമാനം ബോണസും കൂലിവര്‍ധനവും എന്ന ആവശ്യം മാത്രം നടപ്പായപ്പോള്‍ അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വിസ്മൃതിയിലാവുകയായിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും കാണിക്കണമെന്നാണ് മൂന്നാറിലെ തൊഴിലാളികളുടെ അപേക്ഷ.


ഏഴ് എസ്റ്റേറ്റുകളിലായി 12,600 തൊഴിലാളികളാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയില്‍ ജോലിചെയ്യുന്നത്. അഞ്ചു തലമുറയായി തൊഴിലാളികള്‍ താമസിക്കുന്നത് തോട്ടങ്ങളോടു ചേര്‍ന്നുള്ള ലയങ്ങളില്‍. അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് പുതിയ ലയങ്ങള്‍ അനുവദിക്കാനോ ഇവയുടെ അറ്റകുറ്റപ്പണി നടത്താനോ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. അഞ്ചും ആറും പേരടങ്ങളുന്ന കുടുംബങ്ങള്‍ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ തിങ്ങിഞെരുങ്ങിക്കഴിയുന്നു.


തകരഷീറ്റുകള്‍ കൊണ്ടു നിര്‍മിച്ച മേല്‍ക്കൂര മിക്കയിടത്തും തകര്‍ന്ന അവസ്ഥയിലാണ്. വൃത്തിയുള്ള കക്കൂസുകള്‍ പോലും എവിടെയുമില്ല. മഴ ശക്തമായാല്‍ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ തണുത്തു വിറങ്ങലിച്ചു കഴിയുകയാണ് തൊഴിലാളികള്‍. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് ലയങ്ങളില്‍ നിലനില്‍ക്കുന്നത്. കൃത്യമായ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളും ഇവിടങ്ങളിലില്ല. എന്നിട്ടും ഇവയെക്കുറിച്ചൊന്നും ഔദ്യോഗികമായോ പരസ്യമായോ പരാതിപ്പെടാന്‍ തൊഴിലാളികള്‍ ഇപ്പോള്‍ തയ്യാറല്ല.


പൊമ്പിളൈ ഒരുമൈ സമരത്തിനു പിന്നാലെ 2015 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, ജെ പ്രമീളാദേവി എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ മോശം ജീവിതസാഹചര്യത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ടും നല്‍കി.


എന്നാല്‍ ഇതുവരെയും തൊഴില്‍വകുപ്പ് ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല. ലയങ്ങള്‍ രണ്ടു മുറികളോടെ പുതുക്കിപ്പണിയുമെന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനത്തിനും തുടര്‍ച്ചയുണ്ടായില്ല. പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ പിരിധിയില്‍ വരുന്ന ഹൗസിങ് അഡ്വൈസറി ബോര്‍ഡ് ഇതിനുവേണ്ട പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവെങ്കിലും പിന്നീട് പിന്മാറി. 1200 കോടി രൂപയെങ്കിലും ലയങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടിവരുമെന്ന് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്നോട്ടുപോയത്.

'എവളോ നാളാ ഇന്തമാതിരി വാഴ്ന്തിട്ടേ ഇറ്ക്കെ, നാങ്കെയെന്ന മാടുകളാ ? നമ്മളെ വെച്ച് കമ്പനി എവളോ സമ്പാദിച്ചിട്ടോ, ആനാ ഏങ്കള്ക്ക് എതാവത് കൊടുക്കണംല്ലേ ?'' പഴയമൂന്നാറിലെ ലയങ്ങളില്‍ കഴിയുന്ന ഒരു തോട്ടംതൊഴിലാളി സ്ത്രീയുടെ ചോദ്യമാണിത്. ശരിയാണ്, അവരുടെ ലയത്തിന്റെ അവസ്ഥ കണ്ടു. പലതവണ മേല്‍ക്കൂര ഇളകിവീണ് ഒടുവില്‍ തകരഷീറ്റ് പറന്നുപോകാതിരിക്കാനായി കല്ലും മരക്കഷണങ്ങളും മുകളില്‍വച്ചിരിക്കുന്നു.


ശക്തമായ ഒരു കാറ്റോ മഴയോ വന്നാല്‍ ആ കെട്ടിടം ഇടിഞ്ഞുവീഴുമോ എന്ന ഭയത്തിലാണ് അവര്‍. പഴയമൂന്നാറില്‍ മാത്രമല്ല, കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ ഏത് ഡിവിഷനില്‍ ചെന്നാലും ലയങ്ങളുടെ അവസ്ഥ ഇതുപോലെ പരിതാപകരമാണ്. തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കമ്പനി തങ്ങളെ മാടുകളെപ്പോലെ പരിഗണിക്കുന്നതെന്തിനെന്നതാണ് ഇവരുടെ സംശയം. ഇത് ഒറ്റപ്പെട്ട ഒരു ചോദ്യമല്ല. മൂന്നാറിലെ തോട്ടംതൊഴിലാളികളെല്ലാവരുടെയും മനസില്‍ നിലനില്‍ക്കുന്ന ചോദ്യമാണ്. പക്ഷെ പരസ്യമായി ഇതുന്നയിക്കാന്‍ ഇപ്പോഴാരും തയ്യാറല്ല എന്നുമാത്രം. കാരണം, പൊമ്പിളൈ ഒരുമൈ സമരത്തിനു നേതൃത്വം നല്‍കിയ തൊഴിലാളികളോട് കമ്പനി സ്വീകരിച്ച നടപടികള്‍തന്നെ.


അന്ന് തെരുവില്‍ കമ്പനിക്കെതിരേ പരസ്യമായി പ്രക്ഷോഭമുയര്‍ത്തിയവരില്‍ പലരെയും പിന്നീട് കമ്പനി നേരിട്ടത് പ്രതികാര നടപടികളിലൂടെയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. എട്ടു പേരെ പിരിച്ചുവിട്ടു. ഓരോ ഡിവിഷനിലും കുറഞ്ഞത് ഒരാളെന്ന നിലയില്‍ സസ്പെന്‍ഷനിലാണ്. സമരത്തിനു ശേഷം മാനേജ്മെന്റ് തങ്ങളുടെ മേല്‍ പിടിമുറുക്കി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. എങ്ങോട്ടും തിരിയാന്‍ കഴിയാത്ത അവസ്ഥ. തൊഴിലാളികള്‍ തമ്മില്‍ ജോലിസമയത്ത് സംസാരിക്കുന്നത് പോലും വിലക്കാന്‍ എപ്പോഴും ഒപ്പമുണ്ടാകുന്ന കങ്കാണിമാര്‍... സമരത്തിനുശേഷം മൂന്നാറില്‍ ബാക്കിയായത് ഇതൊക്കെയാണ്. അതുകൊണ്ടുതന്നെ ലയങ്ങള്‍ നന്നാക്കണമെന്ന് മാനേജ്മെന്റിനോടു പറയാനുള്ള ധൈര്യം പോലും ആര്‍ക്കുമില്ല. നാരദാ ന്യൂസിനോട് ഇതു പറഞ്ഞ സ്ത്രീകള്‍, തങ്ങളുടെ മുഖമോ പേരോ വരരുതെന്ന് പേടിയോടെ പറയുന്നുമുണ്ടായിരുന്നു.


സമരത്തിനു ശേഷം തൊഴിലാളികളല്ലാത്തവര്‍ക്ക് തോട്ടങ്ങളിലേക്കുള്ള പ്രവേശനം കമ്പനി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കമ്പനിയുടെ ഭൂമികളിലെല്ലാം പ്രവേശനം നിരോധിച്ചുള്ള പുതിയ ബോര്‍ഡുകളുയര്‍ന്നു. തേയില കൃഷിയില്ലാത്ത മൈതാനങ്ങളിലും ചോലവനങ്ങളിലുമൊക്കെ കമ്പനി പ്രവേശനം നിരോധിച്ചുകഴിഞ്ഞു. ആരെങ്കിലും തോട്ടങ്ങളിലേക്കു കടന്നാല്‍ കങ്കാണിമാര്‍ ബൈക്കില്‍ പാഞ്ഞെത്തും. പിന്നെ വിചാരണയാണ്.


തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെ ഹാജരാക്കിയാലേ ചിലപ്പോള്‍ പുറത്തുവിടൂ. അല്ലെങ്കില്‍ വിനോദസഞ്ചാരിയാണെന്ന് അവര്‍ക്കു ബോധ്യപ്പെടണം. പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ തൊഴിലാളികളുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരുമോ എന്ന ഭയമാണ് ഇതിനെല്ലാം കാരണം. പഴയ കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധമുള്ള വേഷവിധാനവും സംസാരവുമൊക്കൊണ് ഇന്നും കങ്കാണിമാര്‍ പിന്തുടരുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.