എതിർപ്പുകൾ പാർട്ടിയിൽ നിന്നാകുമ്പോൾ മൂന്നാറിൽ 2007 ആവർത്തിക്കുമോ ? വിഎസ്- സബ് കളക്ടർ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കങ്ങൾ തകൃതി

2007 ൽ വിഎസിന്റേയും മൂന്നു പൂച്ചകളുടേയും നേതൃത്വത്തിലുള്ള മൂന്നാർ ഓപ്പറേഷനെ അടിച്ചമർത്തിയതു സർക്കാർ തന്നെയാണെന്നത് ചരിത്ര സത്യം. സിപിഐഎം-സിപിഐ ജില്ലാ ഘടകങ്ങളുടേയും ചില മുൻനിര നേതാക്കളുടേയും എതിർപ്പുകളുടെ ഫലമായായിരുന്നു അത്. എന്നാൽ ഇപ്പോൾ അന്നത്തെ ആ പൂച്ചകളുടെ അതേ ആർജവത്തോടെ അനധികൃത നിർമാണത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെയും ഇപ്പോൾ പാർട്ടിയും എംഎൽഎയും തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മാഫിയകളെ വകവയ്ക്കാതെ മുന്നേറുമ്പോൾ ഇരു പാർട്ടികളിൽ നിന്നുമുള്ള സമ്മർദ്ദം മൂന്നാറിൽ ശ്രീറാം വെങ്കട്ടരാമന് പഴയ മൂന്നു പൂച്ചകളുടെ വിധി സമ്മാനിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. 2007 ആവർത്തിക്കുന്ന സ്ഥിതി വന്നാൽ വിഎസിൽ നിന്നും എത്രത്തോളം എതിർപ്പുണ്ടാവുമെന്നും കണ്ടറിയണം.

എതിർപ്പുകൾ പാർട്ടിയിൽ നിന്നാകുമ്പോൾ മൂന്നാറിൽ 2007 ആവർത്തിക്കുമോ ? വിഎസ്- സബ് കളക്ടർ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കങ്ങൾ തകൃതി

മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ദേവികുളം എംഎൽഎയും പാർട്ടിയും എതിർപ്പുമായി രംഗത്തെത്തിയതോടെ വിഎസ്- സബ് കളക്ടർ മുന്നേറ്റം വിജയകരമാവുമോ എന്നാണ് കേരളത്തിന്റെ ആശങ്ക. മുഖം നോക്കാതെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുത്തു പോരുന്ന സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെ പ്രാദേശിക സിപിഐഎം-സിപിഐ നേതൃത്വവും എംഎൽഎയും തന്നെ പരസ്യമായി നിലപാടെടുത്തതോടെയാണ് അദ്ദേഹത്തിനു പിന്തുണയുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. എന്നാൽ തടസ്സങ്ങൾ നാലുകോണിൽ നിന്നും വന്നുകൊണ്ടിരിക്കുമ്പോൾ ഇരുവരുടേയും നീക്കങ്ങൾ എത്രത്തോളം ഫലപ്രദമാകും എന്നതാണ് കണ്ടറിയേണ്ടത്.

അനധികൃത നിർമാണങ്ങൾക്കെതിരായ സബ് കളക്ടറുടെ നടപടി രാഷ്ട്രീയ സ്വാധീനമുള്ള ചിലരുടെ കെട്ടിടങ്ങളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സിപിഐഎം-സിപിഐ നേതൃത്വം ശ്രീറാമിനെതിരെ വാളെടുത്തത്. ഇതിനിടെ ദേവികുളം എംഎൽഎയും ഭൂമി കൈയേറിയെന്ന ആരോപണം ഉയർന്നു. ഇതിനുപിന്നാലെ, ശ്രീറാമിനെ പിന്തുണച്ച് റവന്യുമന്ത്രിയും രം​ഗത്തെത്തി. ഇതോടെ ദേവികളും എംഎൽഎ എസ് രാജേന്ദ്രൻ സബ് കളക്ടർക്കും റവന്യു മന്ത്രിക്കുമെതിരെ തിരിയുകയായിരുന്നു. റവന്യു മന്ത്രിക്കു വിവേകമില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന അപക്വമാണെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ വാദം. ദേവികുളം സബ് കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തുന്നതുവരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ശ്രീറാം എത്തിയശേഷമാണ് കാര്യങ്ങൾ തലകീഴായി മറിഞ്ഞതെന്നും അദ്ദേഹത്തിനു മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾക്കു നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രൻ ഇടപെട്ടതായ വിവരങ്ങളും പുറത്തുവന്നു. എസ് രാജേന്ദ്രന്റെ നിർദേശപ്രകാരം നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കപ്പെട്ട 202 കെട്ടിടങ്ങള്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറി എ പി ഫ്രാന്‍സിസ് താല്‍ക്കാലിക കെട്ടിട നമ്പർ നല്‍കിയതെന്നുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 2016 ജൂണ്‍ 25 നു നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ദേവികുളം സബ് കളക്ടര്‍ക്കു മുമ്പാകെ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കരുതെന്ന ചട്ടം എംഎല്‍എയുടെ ഇടപെടല്‍ മൂലം ലംഘിക്കപ്പെട്ടതായും ഈ രേഖ വ്യക്തമാക്കുന്നു.

എന്നാൽ എംഎൽഎ ഭൂമി കൈയേറിയെന്ന ആരോപണം തള്ളിയും അദ്ദേഹത്തെ അനുകൂലിച്ചും ‌‌‌മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. മൂന്നാറിലെ കൈയേറ്റക്കാരെ കര്‍ശനമായി നേരിടുമെന്നു പറഞ്ഞ അദ്ദേഹം എസ് രാജേന്ദ്രൻ എംഎൽഎയുടെ വീട് പട്ടയഭൂമിയിലാണെന്നും മറ്റ് ആരോപണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പിണറായി വിജയൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഇന്നുരാവിലെ ശ്രീറാമിനെ പിന്തുണച്ചും എസ് രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ചും വി‌എസ് രംഗത്തെത്തുന്നത്. എസ് രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്നും വേണ്ടിവന്നാൽ ഇനിയും മൂന്നാറിലേക്കു പോവാൻ താൻ തയ്യാറാണെന്നുമായിരുന്നു വിഎസിന്റെ പ്രസ്താവന. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയുന്നുണ്ടെന്നും വിഎസ് വ്യക്തമാക്കി.

വിഎസ് ഉന്നയിച്ച ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണെന്നുമാണെന്നുമായിരുന്നു എംഎൽഎയുടെ മറുപടി. വിഎസ്സിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി എന്തു നടപടി സ്വീകരിച്ചാലും താൻ സഹിച്ചോളാമെന്നും എസ് രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം, വൈദ്യുതി മന്ത്രിയും ഉടുമ്പഞ്ചോലയിൽ നിന്നുള്ള നിയമസഭാം​ഗവുമായ എം എം മണി രാജേന്ദ്രനെ പിന്തുണച്ചും വിഎസിനെ തള്ളിയുമാണ് രംഗത്തെത്തിയത്. ‌ചിലർ എസ് രാജേന്ദ്രന്റെ മേൽ വെറുതെ മെക്കിട്ടുകേറുകയാണെന്നും വിഎസ് മൂന്നാറിനെ പറ്റി പഠിച്ചിട്ടുണ്ടോയെന്നുമായിരുന്നു മണിയുടെ ചോദ്യം. പൂച്ചയും പട്ടിയുമെന്നൊക്കെ പറഞ്ഞു വരുന്നവരെ മുമ്പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.

എന്നാൽ, മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി നിർദ്ദേശിക്കണമെന്നായിരുന്നു മുതിർന്ന സിപിഐ നേതാവ് കൂടിയായ മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ശ്രീറാം വെങ്കട്ടരാമന്റെ ഉദ്യമങ്ങളെ പൂർണമായും അം​ഗീകരിക്കുന്ന രീതിയിലുള്ളതായിരുന്നു ഈമാസം 14നു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ. മൂന്നാർ മേഖലയിൽ ഇതുവരെ നൽകിയ, വ്യവസ്ഥകൾക്ക് വിരുദ്ധമായ എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശ. മാത്രമല്ല, അനുമതിയില്ലാതെ ഉയരുന്ന റിസോർട്ടുകൾ ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നും വ്യക്തമായി പറയുന്ന റിപ്പോർട്ടാണ് ഉപസമിതി നിയമസഭയിൽ സമർപ്പിച്ചത്. ഇതുകൂടാതെ അനധികൃത നിർമാണങ്ങളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും പാരിസ്ഥിതിക പരിപാലന വികസന അഥോറിറ്റി രൂപീകരിക്കണമെന്നും അതുവരെ കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്നും ഉപസമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെതിരായ നിലപാടായിരുന്നു സിപിഐഎം-സിപിഐ ജില്ലാ നേതൃത്വത്തിന്റേയും ദേവികുളം എംഎൽഎയുടേയും.

2007 ൽ മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓപ്പറേഷൻ കേരളം അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. എന്നാൽ ആ ഓപ്പറേഷൻ അധികകാലം നീണ്ടുനിന്നില്ല. ഓപ്പറേഷനു നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥരെ അമർച്ച ചെയ്തത് സർക്കാർ തന്നെയായിരുന്നു. പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളും സമ്മർദ്ദങ്ങളുമായിരുന്നു കാരണം. കെ സുരേഷ്‌കുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഋഷിരാജ് സിങ് ഐപിഎസ്, കളക്ടറായിരുന്ന രാജു നാരായണ സ്വാമി ഐഎഎസ് എന്നിവരായിരുന്നു മറ്റം‌ഗങ്ങള്‍. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഈ മൂന്ന് ഉദ്യോഗസ്ഥരെയും പാര്‍ട്ടിയിലെയും മുന്നണിയിലെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നയിച്ചത്.

വമ്പൻ സ്രാവുകളെ ഒഴിപ്പിച്ചുതുടങ്ങിയതോടെ വിഎസിന്റെ ജനപ്രീതി വർധിച്ചെങ്കിലും മൂന്നാര്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന സി.പിഐയുടെ പാര്‍ട്ടി ഓഫീസിലെ അനധികൃത നിര്‍മ്മാണത്തില്‍ ദൗത്യ സംഘം കൈവച്ചതോടെ രം​ഗം മാറുകയായിരുന്നു. ഇതോടെ സിപിഐ നേതാക്കളായ കെ ഇ ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍ അഹങ്കാരിയാണെന്നും ഇയാളെ ഉടന്‍ സ്ഥലം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, അഡ്വക്കേറ്റ് രാംകുമാറിന്‍റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ധന്യശ്രീ‍ റിസോര്‍ട്ട് പൊളിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാവുകയായിരുന്നു. ഇതിൽ കോടതി ഇടപെടുകയും സ്റ്റേ ഓർഡർ ഇറങ്ങുകയും ചെയ്തു. എന്നാൽ സ്റ്റേ വകവയ്ക്കാതെ സുരേഷ് കുമാർ നീങ്ങിയതോടെ അദ്ദേഹത്തെ കോടതി ശാസിക്കുകയും സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു. സംഭവത്തില്‍ സുരേഷ്‌കുമാര്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ദൗത്യസംഘത്തെ പൂര്‍ണമായും പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ നിർബന്ധിതമാവുകയായിരുന്നു. പിന്നീട് ഔദ്യോ​ഗിക സ്ഥാനത്തു നിന്നും സുരേഷ്കുമാർ രാജിവയ്ക്കുകയും ചെയ്തു.

തുടർന്ന് മറ്റു ചില ഒഴിപ്പിക്കൽ സംഘങ്ങൾ നിയോ​ഗിക്കപ്പെട്ടെങ്കിലും കാര്യമായൊന്നും നടന്നില്ല. അതിനുശേഷം ഈ സർക്കാർ അധികാരത്തിൽ വന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈ 22നാണ് ശ്രീറാം വെങ്കട്ടരാമൻ ഇടുക്കി സബ് കളക്ടറായി ചുമതലയേൽക്കുന്നത്. ഇതോടെ മൂന്നാർ വീണ്ടും പുകഞ്ഞു തുടങ്ങി. മാഫിയകളെ വകവയ്ക്കാതെ മുന്നേറുന്ന സബ് കളക്ടർക്കെതിരായി ഇരു പാർട്ടികളിൽ നിന്നുമുള്ള സമ്മർദ്ദം മൂന്നാറിൽ ശ്രീറാം വെങ്കിട്ടരാമന് പഴയ മൂന്നു പൂച്ചകളുടെ വിധി സമ്മാനിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. 2007 ആവർത്തിക്കുന്ന സ്ഥിതി വന്നാൽ വിഎസിൽ നിന്നും എത്രത്തോളം എതിർപ്പുണ്ടാവുമെന്നും കണ്ടറിയണം.