നാനൂറ് കോടി ചെലവഴിച്ച് റെയില്‍വേയുടെ പുതിയ പാത; പാതയില്‍ ആകെയുള്ള നാലില്‍ മൂന്ന് വണ്ടികളും നിര്‍ത്തി റെയില്‍വേയുടെ വികൃതി; സ്വകാര്യബസ്സ് ലോബിയെ സഹായിക്കാനാണെന്നു പരാതി

വേണ്ടത്ര വരുമാനമില്ലെന്ന കാരണത്താലാണ് പുതിയ പാതയിലെ മൂന്ന് വണ്ടികള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയത്. പുതിയ പാത വന്നപ്പോള്‍ പഴയ വണ്ടികള്‍ പുനസ്ഥാപിച്ചതുമില്ല. സ്വകാര്യബസ്സ് ലോബിയെ സഹായിക്കാനായി ട്രെയിനുകള്‍ നിര്‍ത്തിയതായി ആരോപണമുണ്ട്.

നാനൂറ് കോടി ചെലവഴിച്ച് റെയില്‍വേയുടെ പുതിയ പാത; പാതയില്‍ ആകെയുള്ള നാലില്‍ മൂന്ന് വണ്ടികളും നിര്‍ത്തി റെയില്‍വേയുടെ വികൃതി; സ്വകാര്യബസ്സ് ലോബിയെ സഹായിക്കാനാണെന്നു പരാതി

പാലക്കാട് - പൊള്ളാച്ചി മീറ്റര്‍ഗേജ് പാത 400 കോടി രൂപ ചെലവഴിച്ച് ഏഴുവര്‍ഷത്തോളം അറ്റകുറ്റപണി നടത്തി ബ്രോഡ്‌ഗേജ് ആക്കി മാറ്റുക, പുതിയതായി തുറന്ന പാതയില്‍ അനുവദിച്ച നാലു വണ്ടികളില്‍ മൂന്നു വണ്ടികള്‍ സര്‍വ്വീസ് തുടങ്ങി മാസങ്ങള്‍ക്കകം നഷ്ടമെന്ന് പറഞ്ഞ് ഒറ്റദിവസം തന്നെ നിര്‍ത്തലാക്കുക- ഇങ്ങനെ ചെയത് ജനങ്ങളെ വെല്ലുവിളിക്കുന്നത് പാലക്കാട്ടെ റെയില്‍വെ ഡിവിഷനാണ്.

2008 ല്‍ അറ്റകുറ്റപണികള്‍ക്കായി പാലക്കാട് - പൊള്ളാച്ചിപ്പാത അടയ്ക്കുന്നതിന് മുമ്പ് ജനങ്ങള്‍ ഭൂരിഭാഗവും ഈ പാതയാണ് പൊള്ളാച്ചിയിലേക്കും പഴനിയിലേക്കും എത്താനായി ആശ്രയിച്ചിരുന്നത്. പാത അടച്ച് ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെ ഈ റൂട്ടില്‍ നിരവധി ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇരു സംസ്ഥാനങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും സംസ്ഥാന അതിര്‍ത്തി കഴിഞ്ഞാല്‍ നിരവധി സ്വകാര്യബസ്സുകള്‍ ഉണ്ട്. ഈ ലോബിയെ സഹായിക്കാനാണ് ട്രെയിനുകള്‍ നിര്‍ത്തിയതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ തീര്‍ത്ഥാടനപ്പാത, ചരക്ക് ഇടനാഴി എന്നി നിലകളിലാണ് പാലക്കാട് - പൊള്ളാച്ചിപ്പാത അറിയപ്പെട്ടിരുന്നത്. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും തീര്‍ത്ഥാടന കേന്ദ്രമായ പഴനിയിലേക്കും 2008 ഡിസംബര്‍ വരെ ഈ പാത വഴി ട്രെയിനുകള്‍ സർവീസ് നടത്തിയിരുന്നു. രാമശ്വരത്തേക്ക് ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ഇതുവഴിയാണ് സഞ്ചരിച്ചിരുന്നത്. ദിവസേന എണ്ണൂറോളം യാത്രക്കാര്‍ പാലക്കാട് ടൗണ്‍ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്തതായി റെയില്‍വേയുടെ കണക്കുകള്‍ തന്നെ പറയുന്നു.

2008 ഡിസംബറില്‍ പാത ബ്രോഡ്‌ഗേജ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി അടയ്ക്കുകയായിരുന്നു. ഒരു വര്‍ഷത്തിനകം തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് അടച്ചെതെങ്കിലും ഏഴുവര്‍ഷം കഴിഞ്ഞാണ് പാത തുറന്നത്. 129 ചെറുപാലങ്ങളും കലുങ്കുകളുമായി 400 കോടി രൂപ ചെലവിലാണ് റെയില്‍വേ ഈ പാത പുനര്‍നിര്‍മ്മാണം നടത്തിയത്. ഒന്നര വര്‍ഷം മുമ്പ് പാത തുറന്നപ്പോള്‍ സ്ഥിരം വണ്ടികള്‍ക്ക് പകരം പലഘട്ടങ്ങളിലായി നാലു സ്‌പെഷ്യല്‍ പാസഞ്ചര്‍ വണ്ടികളാണ് ഇതുവഴി അനുവദിച്ചത്.

വേണ്ടത്ര വരുമാനമില്ലെന്ന കാരണത്താല്‍ ഇതില്‍ മൂന്ന് വണ്ടികളാണ് കഴിഞ്ഞ ദിവസം നിര്‍ത്തിയത്. പുതിയ പാത വന്നപ്പോള്‍ പഴയ വണ്ടികള്‍ പുനസ്ഥാപിച്ചതുമില്ല. രാവിലെ നാലരക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് തിരുച്ചെന്തൂരിലേയക്ക് പോയി രാത്രി തിരിച്ചെത്തുന്ന ഒരു വണ്ടി മാത്രമാണ് നിലവില്‍ ഈ പാതയില്‍ അവശേഷിക്കുന്നത്.

കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയിലുള്ള പാതയുടെ അറ്റകുറ്റപണികള്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ഈ പാത വരുന്നതോടെ ഇപ്പോള്‍ നിര്‍ത്തലാക്കിയ വണ്ടികള്‍ അവിടേയ്ക്ക് മാറ്റുമെന്ന സംശയവും ഉണ്ട്.

റെയില്‍വേയുടെ ഈ വികൃതികള്‍ കണ്ടിട്ടും പാലക്കാട്ടെ ജനപ്രതിനിധികള്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേയുടെ അവഗണനക്കെതിരെ ശനിയാഴ്ച്ച ചാലക്കുടി റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ഇന്നസെന്റ് എം പി യുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടന്നപ്പോള്‍ പാലക്കാട്ടുക്കാരും അത്തരത്തില്‍ സമരം ആഗ്രഹിച്ചിട്ടുണ്ടാവും.

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ബോബന്‍ മാട്ടുമന്തയുടെ നേതൃത്വത്തില്‍ തല മൊട്ടയടിച്ചും ബലിതര്‍പ്പണം ചെയ്തും റെയില്‍വേക്കെതിരെ പ്രതിഷേധ സമരം നടത്തിയത് മാത്രമാണ് ഉയര്‍ന്ന ഏക എതിര്‍സ്വരം.