പാറമ്പുഴ കൂട്ടക്കൊലപാതകക്കേസ്; പ്രതി നരേന്ദ്രകുമാറിനു വധശിക്ഷ; 'കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം'

ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറി (30)നാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തൂക്കുകയര്‍ വിധിച്ചത്. വധശിക്ഷ കൂടാതെ ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ആള്‍ക്ക്‌ ഈ തുകയും കവര്‍ച്ച ചെയ്ത 25,000 രൂപയും നല്‍കണമെന്നാണ് വിധി.

പാറമ്പുഴ കൂട്ടക്കൊലപാതകക്കേസ്; പ്രതി നരേന്ദ്രകുമാറിനു വധശിക്ഷ; കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

കോട്ടയം തിരുവഞ്ചൂര്‍ പാറമ്പുഴ കൂട്ടക്കൊലപാതക കേസിലെ പ്രതിക്ക് വധശിക്ഷ. ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറി (30)നാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തൂക്കുകയര്‍ വിധിച്ചത്. വധശിക്ഷ കൂടാതെ ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ആളായ വിപിന്‍ ലാലിനു ഈ തുകയും കവര്‍ച്ച ചെയ്ത 25,000 രൂപയും നല്‍കണമെന്നാണ് വിധി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് പ്രതി നടത്തിയെന്നും വിലയിരുത്തി. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടു കൂടി മാത്രമെ ശിക്ഷ നടപ്പിലാക്കാവു എന്നു കോടതി നിര്‍ദേശിച്ചു. കവര്‍ച്ച ലക്ഷ്യമിട്ട് പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി സമ്മതിച്ചു. ഇരകളോടു യാതൊരു ദയവും പ്രതി കാണിച്ചില്ല. ക്രിമിനല്‍ സ്വഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള താക്കീതാണ് വിധിയെന്നും കോടതി പറഞ്ഞു.

2015 മെയ് 16നാണ് കേസിനാസ്പദമായ സംഭവം. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരാണു കൊല്ലപ്പെട്ടത്. പ്രവീണ്‍ നടത്തിയ അലക്കുകമ്പനിയിലെ തേപ്പു ജോലക്കാരനായിരുന്നു നരേന്ദ്രകുമാര്‍. കടബാധ്യതകള്‍ വീട്ടുന്നതിനായി ഇവരെ തലയ്ക്കടിച്ചും വെട്ടിയും ഷോക്കടിപ്പിച്ചും കൊലപ്പെടുത്തിയ ശേഷം പ്രതി ആഭരണവും പണവുമായി മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രതിയെ ഫിറോസാബാദില്‍ നിന്നും പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. കേസില്‍ 84 ദിവസം കൊണ്ട് തയ്യാറാക്കിയ കുറ്റപത്രം 2015 ഓഗസ്റ്റ് 10ന് കോടതിയില്‍ സമര്‍പ്പിച്ചു. 60ഓളം പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളുമാണ് കോടതിയില്‍ ഹാജരാക്കിയത്. ആറുമാസം കൊണ്ടാണ് 56 സാക്ഷികളെ വിസ്തരിച്ചത്.

തുടര്‍ന്ന് ഈ മാസം ആറിന് വിധി പറയാന്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ രേഖകളിലെ ചില അവ്യക്തതകളെ തുടര്‍ന്ന് വിധി പറയല്‍ 14 ലേയ്ക്കു മാറ്റി. 14 നു കേസ് പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയുംശിക്ഷാ പ്രഖ്യാപനം 21 ലേയ്ക്കു മാറ്റിവെയ്ക്കുകയുമായിരുന്നു.