പറമ്പിക്കുളം കടുവാ സങ്കേതത്തിലേയ്ക്ക് റിസോര്‍ട്ട് മാഫിയയുടെ റോഡ് വെട്ടല്‍; അന്വേഷണം തുടങ്ങി.

പറമ്പിക്കുളത്തേക്കുള്ള കേരളത്തിന്റെ സ്വന്തം വഴിയെന്ന പേരില്‍ കൊടും കാട്ടിനുള്ളിലൂടെ ചില ഭൂമാഫിയയകള്‍ കയ്യേറി അവരുടെ 782 ഏക്കര്‍ ഭൂമിയിലേക്ക് റോഡ് വെട്ടിയ കാര്യം കഴിഞ്ഞ ദിവസം നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

പറമ്പിക്കുളം കടുവാ സങ്കേതത്തിലേയ്ക്ക് റിസോര്‍ട്ട് മാഫിയയുടെ റോഡ് വെട്ടല്‍; അന്വേഷണം തുടങ്ങി.

പറമ്പിക്കുളം കടുവസങ്കേതത്തിന്റെ അതീവ സുരക്ഷമേഖലയായ കൊടും വനത്തില്‍ ചില എസ്റ്റേറ്റ് മുതലാളിമാരും ഭൂമാഫിയയും ചേര്‍ന്ന് വനഭൂമി കയ്യേറി റോഡ് നിര്‍മ്മിച്ചത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വനംവകുപ്പ് തലവന്‍ ഡോ. എസ് സി ജോഷിക്കാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. കേസെടുക്കാനും നീക്കമുണ്ട്.


ഇന്നു മുതല്‍ റിസോര്‍ട്ട് മാഫിയ റോഡ് വെട്ടിയ ഭാഗങ്ങളില്‍ വനംവകുപ്പ് സര്‍വേയും തുടങ്ങിയിട്ടുണ്ട്. ഇവിടത്തെ ഭൂമിയില്‍ ചില എസ്റ്റേറ്റ് ഉടമകള്‍ അവകാശം ഉന്നയിച്ചത് സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുന്നതിനാല്‍ സര്‍വേ നടത്തി വനഭൂമി വേര്‍തിരിച്ചാലെ എത്രമാത്രം കയ്യേറ്റം നടന്നെന്ന് വ്യക്തമായി അറിയുകയുള്ളുവെന്നാണ് വനംവകുപ്പ് പറയുന്നത്.


സംഭവത്തെ കുറിച്ച് അനേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടുണ്ടെങ്കിലും കയ്യേറ്റക്കാരെ ന്യായീകരിച്ച് വനംവകുപ്പിനുള്ളില്‍ നിന്നു തന്നെ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.


'വനംവകുപ്പ് അവരുടേതെന്നും എസ്റ്റേറ്റ് ഉടമകള്‍ അവരുടേതെന്നും പറയുന്ന തര്‍ക്കഭൂമിയിലാണ് പുതിയ റോഡ് ഉണ്ടാക്കിയെന്ന വാര്‍ത്തകള്‍ വന്നത്. അവിടെ പുതിയ റോഡ് ഒന്നും ഉണ്ടാക്കിയിട്ടില്ല. നിലവിലുള്ള ഫോറസ്റ്റ് റോഡിന് വീതി കൂട്ടിയിട്ടുണ്ട്. ആറു കിലോമീറ്റര്‍ ദൂരം റോഡ് ഉണ്ടാക്കിയെന്നത് പത്രക്കാരുടെ ഭാവനയാണ്. കയ്യേറ്റം ഉണ്ടെങ്കില്‍ തന്നെ അത് വെറും അഞ്ഞൂറ് മീറ്ററിനുള്ളില്‍ മാത്രമേ ഉള്ളു. വനഭൂമിയിലാണ് റോഡ് ഉണ്ടാക്കിയതെന്ന് തീരുമാനിക്കണമെങ്കില്‍ സര്‍വേ നടത്തണം. സര്‍വേ നടത്തി സ്ഥലം തിരിച്ചാല്‍ മാത്രമേ സ്വകാര്യഭൂമിയും തിരിച്ചറിയാന്‍ കഴിയു'
-വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

പറമ്പിക്കുളത്തേക്കുള്ള കേരളത്തിന്റെ സ്വന്തം വഴിയെന്ന പേരില്‍ കൊടും കാട്ടിനുള്ളിലെ പ്രദേശങ്ങള്‍ കൈയേറി ചില ഭൂമാഫിയയകള്‍ അവരുടെ 782 ഏക്കര്‍ ഭൂമിയിലേക്ക് റോഡ് വെട്ടിയ കാര്യം കഴിഞ്ഞ ദിവസം നാരദ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അറിവോ അനുമതിയോ കൂടാതെ ജെ സി ബി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആറ് കിലോമീറ്റര്‍ ദൂരം റോഡ് നിര്‍മ്മിച്ചത്. 40 ദിവസത്തോളം റോഡു നിര്‍മ്മാണം തുടര്‍ന്നിരുന്നു. ഈ സമയത്ത് അവിടം സന്ദര്‍ശിച്ചിരുന്ന വനംവകുപ്പ് അധികൃതരും ഇതിനെതിരെ നടപടിയെടുക്കാതെ മൗനാനുവാദം നല്‍കുകയായിരുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.