ബോണക്കാടും 'കുരിശുകൾ'; അതീവപ്രാധാന്യമുള്ള അഗസ്ത്യാർകൂടം മലനിരയിൽ കുരിശു സ്ഥാപിച്ച് വനം കയ്യേറ്റം

ബോണക്കാടേക്ക് വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നുവേണം പോകാൻ. ഇവരുടെ പരിശോധന കടന്ന്, അനുമതിയും വാങ്ങിയ ശേഷമേ അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ എന്നിരിക്കെ കോൺക്രീറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിൽ നിന്നും സഹായം ലഭിച്ചിരിക്കുമെന്നത് തീർച്ചയാണ്.

ബോണക്കാടും കുരിശുകൾ; അതീവപ്രാധാന്യമുള്ള അഗസ്ത്യാർകൂടം മലനിരയിൽ കുരിശു സ്ഥാപിച്ച് വനം കയ്യേറ്റം

തിരുവനന്തപുരം ബോണക്കാടും പാപ്പാത്തിച്ചോല മോഡലിൽ കുരിശു നാട്ടി വനം കയ്യേറ്റം. യുനെസ്‌കോ അതീവ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അഗസ്ത്യാർകൂടം മലനിരകളിൽ പെട്ട വനമേഖലയിലാണ് പതിനാറോളം കുരിശുകൾ നാട്ടി കയ്യേറ്റം നടന്നിട്ടുള്ളത്. ബോണക്കാട് കറിച്ചട്ടിമലയിൽ പതിനഞ്ച് വർഷം മുൻപ് ആരംഭിച്ച 'കുരിശിന്റെ വഴി' തീർത്ഥാടനത്തിന്റെ മറവിലാണ് കയ്യേറ്റങ്ങൾ.

ആദ്യകാലത്ത് കറിച്ചട്ടിമലയിൽ ഒരു മരക്കുരിശ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ബോണക്കാട് മുതൽ കറിച്ചട്ടിമലവരെ പതിനാറുകുരിശുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ആറെണ്ണം സ്ഥാപിച്ചിരിക്കുന്നത് പേപ്പാറ - പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ചുകളിൽപ്പെട്ട വനമേഖലയിലാണ്. വനത്തിൽ അടിക്കാടുകൾ ഉൾപ്പെടെ വെട്ടിമാറ്റിയും പാറക്കല്ലുകൾ നടവഴി കൊത്തിയുണ്ടാക്കിയും 'കുരിശുമലയിലേക്ക്' വഴിയും നിർമിച്ചിട്ടുണ്ട്‌.


കുരിശുകളും അവയ്ക്കുള്ള അടിത്തറയും കോൺഗ്രീറ്റിലാണ് നിർമിച്ചിട്ടുള്ളത്. ഇതു കൂടാതെ മലയ്ക്ക് മുകളിൽ പ്രാർത്ഥനകൾ നടത്താനായി കല്ലും കോൺക്രീറ്റും ഉപയോഗിച്ച് ഒരു ആൾത്താരയും നിർമ്മിച്ചിട്ടുണ്ട്. ഇരുമ്പു പെട്ടികൊണ്ടു നിർമിച്ച കാണിക്കവഞ്ചിയും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തീർത്ഥാടകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും യാതൊരു ശ്രദ്ധയുമില്ലാതെ വനത്തിൽ തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത്.

ബോണക്കാടേക്ക് വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നുവേണം പോകാൻ. ഇവരുടെ പരിശോധന കടന്ന്, അനുമതിയും വാങ്ങിയ ശേഷമേ അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ എന്നിരിക്കെ കോൺക്രീറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിൽ നിന്നും സഹായം ലഭിച്ചിരിക്കുമെന്നത് തീർച്ചയാണ്.

കടപ്പാട്: മീഡിയാ വൺ