"പാലക്കാട് നഗരസഭ ഈ ബാറിന്റെ ഐശ്വര്യം"; സർക്കാരിന്റെ മദ്യശാലകൾക്കു താഴിട്ടപ്പോൾ കോടികളുടെ ചാകര സ്വകാര്യ ബിയർ പാർലറുകൾക്ക്...

പ്രതിമാസം കണക്കാക്കിയാൽ ഒരു സ്വകാര്യ ബിയര്‍ പാര്‍ലറിലേക്ക് മാത്രം ഒഴുകിയെത്തുന്നത് രണ്ടു കോടിയോളം രൂപ. സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു ചേരേണ്ട പണമാണ് നഗരസഭ ഒറ്റക്കെട്ടായി സ്വകാര്യ ബിയര്‍ പാര്‍ലറുകളിലേക്ക് വഴി തിരിച്ചത്.

പാലക്കാട് നഗരസഭ ഈ ബാറിന്റെ ഐശ്വര്യം; സർക്കാരിന്റെ മദ്യശാലകൾക്കു താഴിട്ടപ്പോൾ കോടികളുടെ ചാകര സ്വകാര്യ ബിയർ പാർലറുകൾക്ക്...

പാലക്കാട് നഗരത്തിലെ സ്വകാര്യ ബിയര്‍ പാര്‍ലറുകള്‍ക്ക് ഇപ്പോള്‍ ചാകരയാണ്. വേനലില്‍ അവരോടു കനിഞ്ഞത് നഗരസഭയും. സർക്കാരിന്റെ മദ്യവിൽപനശാലകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തീരുമാനത്തോട് എല്ലാ രാഷ്ട്രീയപാർട്ടികളും യോജിച്ചതോടെ, മുപ്പതിനായിരം മുതല്‍ ഉത്സവ ദിവസങ്ങളില്‍ ഒരു ലക്ഷം രൂപ വരെ വിറ്റുവരവ് ഉണ്ടായിരുന്ന സ്വകാര്യ ബിയര്‍ പാര്‍ലറുകളുടെ വരുമാനം ആറു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയായി കുതിച്ചുയർന്നു.

അതായത് കച്ചവടത്തിൽ ഒരു ദിവസം ശരാശരി ഇരുപത് മടങ്ങ് വർദ്ധന. പ്രതിമാസം കണക്കാക്കിയാൽ ഒരു സ്വകാര്യ ബിയര്‍ പാര്‍ലറിലേക്ക് മാത്രം ഒഴുകിയെത്തുന്നത് രണ്ടു കോടിയോളം രൂപ. സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു ചേരേണ്ട പണമാണ് നഗരസഭ ഒറ്റക്കെട്ടായി സ്വകാര്യ ബിയര്‍ പാര്‍ലറുകളിലേക്ക് വഴി തിരിച്ചത്.

നഗരത്തിലെ മദ്യ വില്‍പനശാലകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയാണ് തീരുമാനം എടുത്തതെന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ പറയുന്നു. എന്നാൽ ലൈസൻസ് പുതുക്കേണ്ടെന്നു തീരുമാനിച്ചത് സർക്കാരിന്റെ വിൽപനശാലകളുടേതു മാത്രം. സ്വകാര്യ ബിയർ പാർലറുകൾ ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നാണ് നഗരസഭയുടെ അനുമാനമെന്ന് ഊഹിക്കാം.

പുതുക്കാത്തത് പെട്ടികടകള്‍ക്ക് പോലും കൊടുക്കേണ്ട ലൈസന്‍സ്, ബിയര്‍ പാര്‍ലറുകള്‍ക്ക് ഇളവ്

നിഷേധിച്ചത് മദ്യശാലകള്‍ക്ക് മാത്രമുള്ള എന്തോ ലൈസന്‍സ് ആണെന്നാണ് നാം കരുതുക. എന്നാല്‍ നഗരസഭാപരിധിയില്‍ കൊച്ചു പെട്ടിക്കട തുടങ്ങാന്‍ പോലും "ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സ് ട്രെയ്ഡ് ലൈസന്‍സ്" ആവശ്യമാണ്. സർക്കാർ മദ്യശാലകൾക്ക് പുതുക്കി നൽകേണ്ടെന്ന് തീരുമാനിച്ചത് ഈ ലൈസൻസാണ്. തുടർന്ന് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നഗരസഭയുടെ ആരോഗ്യവിഭാഗമെത്തി.കടകള്‍ പൂട്ടി.

എന്നാല്‍ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ഈ ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. അവിടെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ദേശീയ, സംസ്ഥാന പാതയ്ക്കരികിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടിയ ശേഷം നഗരത്തില്‍ മൂന്ന് മദ്യവില്‍പ്പനശാലകളായിരുന്നു അവശേഷിച്ചത്. കെ.എസ്.ആര്‍.ടി. സി സ്റ്റാന്റിനോട് ചേര്‍ന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയും ഉടന്‍ പൂട്ടും. ഇതിനും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെങ്കിലും ഇതുവരെ അടപ്പിച്ചിട്ടില്ല.

സര്‍ക്കാറിന് നഷ്ടം പ്രതിദിനം 60 മുതല്‍ 80 ലക്ഷം രൂപവരെ

ഒറ്റ നോട്ടത്തില്‍ ആരുടേയും കയ്യടി പിടിച്ചു വാങ്ങുന്ന നടപടിയാണ് പാലക്കാട് നഗരസഭയുടേത്- നഗരത്തില്‍ നിന്നും മദ്യത്തെയും മദ്യപാനികളേയും നാടു കടത്താനുള്ള നിശ്ചയദാർഢ്യം. മദ്യഷാപ്പുകള്‍ പൂട്ടിക്കാനുള്ള നഗരസഭയുടെ നടപടിയില്‍ ആഹ്ളാദിച്ചും മദ്യക്കടകള്‍ പൂട്ടിക്കാനുള്ള തങ്ങളുടെ സമരം വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചും നഗരത്തില്‍ പ്രകടനം അരങ്ങേറി. എന്നാല്‍ നഗരസഭയുടെ തീരുമാനമനുസരിച്ചു കുടി നിർത്തുന്നവരല്ല മദ്യപന്മാർ. അവർ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍നിന്ന് സ്വകാര്യ ബിയര്‍ പാര്‍ലറുകളിലേക്കൊഴുകി. അതോടെ നഷ്ടം സർക്കാരിനു മാത്രമായി.

നഗരസഭ താഴിട്ട മദ്യശാലകളിൽ പ്രതിദിനം പത്ത് മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെയായിരുന്നു കച്ചവടം. ശരാശരി അറുപത് ലക്ഷം രൂപയുടെ വരുമാനമാണ് നഗരസഭ സർക്കാരിനു നിഷേധിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തെ വില്പനശാല കൂടി അടക്കുന്നതോടെ സർക്കാരിന്റെ നഷ്ടം എണ്‍പത് ലക്ഷത്തിലെത്തും.

വിശേഷ ദിവസങ്ങളില്‍ ഇത് രണ്ടോ മൂന്നോ മടങ്ങു വര്‍ദ്ധിക്കും. കൊപ്പത്തെ മദ്യശാലയിൽ 26 ലക്ഷമായിരുന്നു വിഷുക്കച്ചവടം. അടച്ചു പൂട്ടിയ മംഗളം ടവറിലെ മദ്യവില്‍പ്പനശാലയില്‍ 42 ലക്ഷവും.

മദ്യശാലകള്‍ പൂട്ടിയത് കൊണ്ട് ജനങ്ങള്‍ കുടി കുറച്ചുവെന്നോ നിര്‍ത്തിയെന്നോ കരുതുന്നതു തെറ്റാണെന്ന് ബിവറേജ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നിന്നുള്ള കണക്കുകള്‍ പറയും. "ഒരിടത്ത് മദ്യം നിര്‍ത്തിയാല്‍ സമീപത്തുള്ള മറ്റു മദ്യവില്‍പ്പനശാലകളിലേക്കും പാര്‍ലറുകളിലേക്കും പൂട്ടിയ കടയിലെ ലോഡും കൂടി ചേര്‍ത്ത് കൊണ്ടു പോകേണ്ട സ്ഥിതി"യാണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത തൊഴിലാളി നാരദാ ന്യൂസിനോട് പറഞ്ഞു.

നഗരസഭയോടു കടപ്പെട്ടിരിക്കുന്നത് ചാക്ക് രാധകൃഷ്ണന്റെ ബിയര്‍ പാര്‍ലറുകൾ

ബിവറേജസിന്റെ മുഴുവന്‍ മദ്യശാലകളും അടപ്പിച്ചതോടെ നഗരസഭാ പരിധിയില്‍ മൂന്ന് സ്വകാര്യ ബിയര്‍ പാര്‍ലറുകള്‍ മാത്രമായി. ഇതില്‍ രണ്ടും വിവാദ വ്യവസായി ചാക്കു രാധാകൃഷ്ണന്റേത്. സര്‍ക്കാറിനു ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തിന്റെ മൂന്നിൽ രണ്ടിന്റെയും അവകാശം രാധാകൃഷ്ണന്റെ ബിയർ പാർലറുകൾക്ക്. ഈ വിവാദ വ്യവസായിക്ക് പാലക്കാട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം കൂടി കണക്കിലെടുക്കുമ്പോഴാണ് സ്വകാര്യ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാത്രം നിര്‍ത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂട്ടിക്കാൻ നഗരസഭ കാണിച്ച 'ആത്മാര്‍ത്ഥതയിൽ ' സംശയിക്കേണ്ടി വരുന്നത്.

നഗരത്തില്‍ ഈ വിവാദ വ്യവസായിയുടെ ബാറിന് തൊട്ടടുത്ത് സര്‍ക്കാറിന്റെ മദ്യവില്‍പ്പനശാല തുറക്കാനിരുന്നതാണ്. അപ്പോള്‍ ജനവാസ മേഖലയിലുള്ള മദ്യശാല ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ആരോപിച്ച് മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിനിറങ്ങി. അങ്ങനെ സര്‍ക്കാര്‍ മദ്യശാല ഇല്ലാതാക്കി.

എന്നാല്‍ ജനവാസമേഖലയിൽ ബാര്‍ പ്രവർത്തിക്കുന്നത് വലിയ പ്രശ്‌നമാണെന്ന് സമരക്കാർക്കു തോന്നിയില്ല. ബാറിലെ കച്ചവടം കുറയാതിരിക്കാന്‍ നടത്തിയ ഒരു സ്‌പോണ്‍സേര്‍ഡ് സമരമായിരുന്നു അതെന്നു അഭിപ്രായമുള്ളവരുണ്ട്.

ഒരു കുടിയനും കുടി നിര്‍ത്തിയിട്ടില്ലെന്ന് രണ്ടു ദിവസത്തെ സ്വകാര്യ പാര്‍ലറുകളിലെ കണക്ക് പരിശോധിച്ചാല്‍ മാത്രം മനസ്സിലാകും. 80 രൂപയക്ക് സര്‍ക്കാര്‍ കൊടുത്ത ബിയര്‍ 130 രൂപയ്ക്കാണ് ബാറില്‍ ലഭിക്കുന്നത്. തിരക്ക് കാരണം 120 നോ 130 നോ കിട്ടേണ്ട ബിയറിന് ചിലപ്പോള്‍ 150 രൂപ വരെ കൊടുത്താലെ കിട്ടൂ എന്ന അവസ്ഥയാണെന്ന് നഗരത്തിലെ ചുമട്ടു തൊഴിലാളി പറഞ്ഞു. സ്വകാര്യ പാര്‍ലറുകളിലെ മുപ്പതിനായിരം രൂപ പ്രതിദിന കലക്ഷന്‍ ആറു ലക്ഷത്തിലേക്ക് ഉയരുന്നതും ഈ അവസ്ഥയിലാണ്.

ഒരു മാസം ഒരു വര്‍ഷത്തെ വരുമാനം

മദ്യശാലകള്‍ക്കെതിരായ നഗരസഭയുടെ നിലപാടിനെതിരെ ബിവറേജ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. വേനല്‍ക്കാല അവധിക്കു ശേഷം കോടതി തുറക്കുമ്പോള്‍ ഹർജി സമർപ്പിക്കും. എന്നാല്‍ മദ്യശാലകള്‍ അടച്ചിടുന്ന അത്രയും ദിവസം ലാഭം എന്നാണ് ബിയര്‍ പാര്‍ലര്‍ ഉടമകളുടെ മനസിലിരിപ്പ്. ഒരു മാസം മദ്യശാലകള്‍ അടഞ്ഞു കിടന്നാല്‍ തന്നെ സാധാരണ ഗതിയില്‍ ഒരു വര്‍ഷം കൊണ്ട് കിട്ടുന്ന കച്ചവടം ബിയര്‍ പാര്‍ലറുകള്‍ക്ക് ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹൈക്കോടതി വേനല്‍ അവധിക്ക് പിരിഞ്ഞ സമയത്തുതന്നെ നഗരസഭ ഇത്തരമൊരു തീരുമാനം എടുത്തതിലും ദുരൂഹതയുണ്ടെന്ന് സംശയിക്കണമെന്നു ബിവറേജിലെ ഒരു തൊഴിലാളി നാരദാ ന്യൂസിനോട് പറഞ്ഞു. അല്ലെങ്കില്‍ ഇത്രകാലവും തുറന്നു പ്രവര്‍ത്തിച്ച മദ്യശാലകള്‍ ഒരു സുപ്രഭാതത്തില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നഗരസഭയ്ക്കു തോന്നിയത് എന്ന സംശയം ന്യായമാണ്.

സര്‍ക്കാറിന്റെ വരുമാനം ഇല്ലാതാക്കി സ്വകാര്യ ബിയര്‍ പാര്‍ലര്‍ ഉടമകളെ സഹായിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ വ്യക്തമായ അഴിമതി നടന്നിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത പറഞ്ഞു.

നല്ല വാറ്റ് കിട്ടുന്ന സ്ഥലങ്ങളുമുണ്ട്, നഗരത്തില്‍

കോട്ടമൈതാനത്തിനടുത്ത് 'വാടികയില്‍' വച്ച് മദ്യശാലകള്‍ പൂട്ടിയതിലുള്ള അമര്‍ഷമുള്ള രണ്ടുപേരെ കണ്ടു. മദ്യം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഇനി കുടി നിര്‍ത്തുമോ എന്ന് ഒരു തമാശക്ക് ചോദിച്ചതാണ്. പക്ഷെ മറുപടി തമാശയായിരുന്നില്ല. "കുടിക്കാതിരിക്കാന്‍ കഴിയില്ല, കാച്ചുന്നിടത്ത് പോയി വാങ്ങും, ഇല്ലേല്‍ കോയമ്പത്തൂര്‍ പോകും".

മദ്യശാലകള്‍ പൂട്ടിയതോടെ നല്ല വാറ്റ് കിട്ടുന്ന സ്ഥലങ്ങള്‍ പാലക്കാട് ടൗണില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയെന്നും അവർ പറയുന്നു. ചുണയുണ്ടെങ്കിൽ നഗരസഭ അവ കണ്ടെത്തി പൂട്ടട്ടേയെന്ന വെല്ലുവിളിയുടെ സ്വരത്തിൽ...