കാരുണ്യഫാര്‍മസിയിലെ മരുന്നുകള്‍ അനധികൃതമായി സ്വകാര്യമെഡിക്കല്‍ ഷോപ്പുകളില്‍; വില്‍ക്കാത്ത മരുന്നുകള്‍ വിറ്റെന്ന് രേഖ ചമച്ചും തട്ടിപ്പ്

ഡയാലിസിസിന് വിധേയരാവുന്ന രോഗികള്‍ക്കും മറ്റും നല്‍കുന്ന വിലകൂടിയ മരുന്നുകള്‍ ഉള്‍പ്പടെയാണ് പാലക്കാട് കാരുണ്യയില്‍ നിന്ന് ചില സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് എത്തുന്നതായി ആരോപണം ഉയര്‍ന്നത്. വിദേശത്ത് നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. മരുന്ന് കാരുണ്യയില്‍ സ്റ്റോക്ക് കഴിഞ്ഞതായി പറയുന്ന ജീവനക്കാര്‍ അത്യാവശ്യമുള്ളവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് കൊടുക്കുകയും ചെയ്യും

കാരുണ്യഫാര്‍മസിയിലെ മരുന്നുകള്‍ അനധികൃതമായി സ്വകാര്യമെഡിക്കല്‍ ഷോപ്പുകളില്‍; വില്‍ക്കാത്ത മരുന്നുകള്‍ വിറ്റെന്ന് രേഖ ചമച്ചും തട്ടിപ്പ്

കാരുണ്യ ഫാർമസിയിൽ നിന്ന് വൃക്കരോ​ഗികൾക്ക് സൗജന്യമായി നൽകേണ്ട മരുന്നുകൾ ​ന​ഗരത്തിലെ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ വഴി വിൽപ്പന നടത്തുന്നതായി ആക്ഷേപം. പാലക്കാട് കാരുണ്യ ഫാര്‍മസിയിലെ ചില ജീവനക്കാരും നഗരത്തിലെ ചില സ്വകാര്യ മെഡിക്കല്‍ മെഡിക്കല്‍ ഷോപ്പുടമകളും ചേര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മരുന്ന് കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മരുന്ന് പുറത്തേക്ക് കടത്തി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതെക്കുറിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തില്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുചീട്ടില്‍ ഫാര്‍മസി ജീവനക്കാര്‍ കൂടുതല്‍ മരുന്നുകളുടെ പേരുകള്‍ എഴുതിചേര്‍ത്ത് അതിന്റെ വില ആശുപത്രിയുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച് തട്ടിപ്പ് നടത്തിയ മറ്റൊരു സംഭവത്തില്‍ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് അടുത്ത ആക്ഷേപമുയരുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയിലും ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന ഡയാലിസിസ് കേന്ദ്രങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന മരുന്നുകള്‍ക്ക് രോഗികള്‍ കാരുണ്യ ഫാര്‍മസിയെയാണ് അധികവും ആശ്രയിക്കാറുള്ളത്. ഡയാലിസിസിന് വിധേയരാവുന്ന രോഗികള്‍ക്കും മറ്റും നല്‍കുന്ന വിലകൂടിയ മരുന്നുകള്‍ ഉള്‍പ്പടെയാണ് പാലക്കാട് കാരുണ്യയില്‍ നിന്ന് ചില സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് എത്തുന്നതായി ആരോപണം ഉയര്‍ന്നത്. വിദേശത്ത് നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. ഇവിടെ ഈ മരുന്നുകള്‍ ലഭ്യമാണെങ്കിലും വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ ഇത് ലഭിക്കാറുള്ളു. മരുന്ന് കാരുണ്യയില്‍ സ്റ്റോക്ക് കഴിഞ്ഞതായി പറയുന്ന ജീവനക്കാര്‍ അത്യാവശ്യമുള്ളവര്‍ക്ക് മരുന്ന് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് കൊടുക്കുകയും ചെയ്യും. കാരുണ്യയിലേക്ക് വിതരണത്തിനായി എത്തിച്ച മരുന്നുകളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും രോഗികള്‍ക്ക് ലഭിക്കുന്നത്.

മരുന്ന് തീർന്ന കാർഡ് ബോർഡ് പെട്ടികൾ ആക്രിയായി വില്‍ക്കാന്‍ കൊണ്ടുപോകാനെന്ന് പറഞ്ഞ് അതിനുള്ളിൽ മരുന്നുകൾ നിറച്ചാണ് പുറത്തെ കടകളിൽ എത്തിക്കുന്നത്. വിളിച്ചറിയിച്ചാലുടൻ ഇത്തരെ കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാൻ മെഡിക്കൽ സ്റ്റോറുകൾ അധികൃതർ എത്തുകയും ചെയ്യും. കാരുണ്യ ഫാർമസിയിൽ നിന്ന് ആക്രിയായി പുറത്തേക്ക് കൊണ്ടുപോയ പെട്ടികൾ മറ്റൊരു മെഡിക്കൽ ഷോപ്പിൽ ഇറക്കുന്നത് കണ്ടതാണ് അനധികൃത മരുന്ന് കച്ചവടം പുറത്തറിയാൻ ഇടയാക്കിയത്. രോഗികള്‍ ഡോക്ടറുടെ കുറിപ്പുമായി ചെല്ലുമ്പോള്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ലെന്ന് പറഞ്ഞ് രോഗിയെ തിരിച്ചയക്കുമെങ്കിലും വിറ്റതായി രേഖകളില്‍ കാണിക്കുകയും ചെയ്യും.ഡോക്ടര്‍ കുറിക്കാത്ത മരുന്നുകള്‍ കൂടി രോഗിയുടെ ചീട്ടില്‍ എഴുതി ചേര്‍ത്ത് കാരുണ്യ ജീവനക്കാര്‍ പണം തട്ടിയ സംഭവം ഇപ്പോള്‍ അന്വേഷണത്തിലാണുള്ളത്. സംഭവത്തിൽ ചില ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുചീട്ടില്‍ ഫാര്‍മസി ജീവനക്കാര്‍ കൂടുതല്‍ മരുന്നുകളുടെ പേരുകള്‍ എഴുതിചേര്‍ത്ത് അതിന്റെ വില ആശുപത്രിയുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു രീതി. മൂന്നു മാസത്തെ ബില്‍ പരിശോധിച്ചപ്പോള്‍ 45 ബില്ലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തി. 15000ത്തിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി തെളിഞ്ഞിട്ടുണ്ട്.

കാരുണ്യ പദ്ധതി തുടങ്ങിയ 2012 മുതലുള്ള മരുന്നു കുറിപ്പുകളും അനുബന്ധ ബില്ലുകളും പരിശോധിച്ചാല്‍ മാത്രമെ ഇപ്പോൾ പുറത്തുവന്ന തട്ടിപ്പിന്റെ പൂർണ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മരുന്നു കുറിപ്പിന്റെ പകര്‍പ്പില്‍ ഡോക്ടര്‍മാര്‍ എഴുതുന്ന രീതിയില്‍ മരുന്നുകളുടെ പേരെഴുതി ബില്ലിനോടൊപ്പം ആശുപത്രി ഫയലില്‍ സൂക്ഷിക്കുകയാണ് പതിവ്. ഈ രേഖകളത്രയും പരിശോധിക്കേണ്ടിവരും. സംശയമുള്ള കുറിപ്പുകള്‍ മാറ്റിവച്ച് ഒരാഴ്ചക്കകം അതാത് ഡോക്ടര്‍മാരുടെ പരിശോധനക്കായി നല്‍കേണ്ടി വരും. ഇതിനെ കുറിച്ച് ആരോഗ്യ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. ഫാര്‍മസിയിലെ ജീവനക്കാര്‍ സംഘംചേര്‍ന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ച് ചെര്‍പുളശ്ശേരി സ്വദേശി ലിജേഷ് ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയിലാണ് വില്‍ക്കാത്ത മരുന്നുകള്‍ വിറ്റെന്ന് രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ അന്വേഷണമുണ്ടായത്.

Read More >>