കൊടും വരള്‍ച്ചയില്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ കരിമ്പനകളും കരിഞ്ഞുണങ്ങുന്നു

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ കരിമ്പനകള്‍ ഉണങ്ങുന്നത്. അതിര്‍ത്തി ഗ്രാമമായ ഒഴലപതിയില്‍ വേലുച്ചാമിയുടെ കൃഷിയിടത്തില്‍ മാത്രം 900 കരിമ്പനകള്‍ കരിഞ്ഞ് ഉണങ്ങി. കഴിഞ്ഞ പത്തു വര്‍ഷമായി കരിമ്പനകള്‍ നട്ട് വളര്‍ത്തി വരുന്നയാളാണ് വേലുച്ചാമി.

കൊടും വരള്‍ച്ചയില്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ കരിമ്പനകളും കരിഞ്ഞുണങ്ങുന്നു

കൊടും വരള്‍ച്ചയില്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ കരിമ്പനകളും കരിഞ്ഞുണങ്ങുന്നു. എത്ര കടുത്ത പച്ചപ്പ് നിലനിർത്തുന്ന, ഏതു കാലാവസ്ഥയേയും പ്രതിരോധിക്കാന്‍ കഴിയുന്ന കരിമ്പനകള്‍ ഉണങ്ങുന്നത് നാട് കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കുന്നതിന്റെ സൂചനയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

പാലക്കാട് ജില്ലയില്‍ മാത്രം 20000 ത്തോളം കരിമ്പനകളാണ് ശേഷിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് ഒരു ലക്ഷമായിരുന്നു. ഇഷ്ടിക കളങ്ങള്‍ക്കും മറ്റുമായി കരിമ്പനകള്‍ മുറിച്ചു മാറ്റിയതാണ് വംശനാശത്തിന് കാരണം. പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ കരിമ്പനകള്‍ ഉണങ്ങുന്നത്. അതിര്‍ത്തി ഗ്രാമമായ ഒഴലപതിയില്‍ വേലുച്ചാമിയുടെ കൃഷിയിടത്തില്‍ മാത്രം 900 കരിമ്പനകള്‍ കരിഞ്ഞ് ഉണങ്ങി. കഴിഞ്ഞ പത്തു വര്‍ഷമായി കരിമ്പനകള്‍ നട്ട് വളര്‍ത്തി വരുന്നയാളാണ് വേലുച്ചാമി. ആയിരം പനകള്‍ നട്ട വേലുച്ചാമിയുടെ തോട്ടത്തില്‍ ഇനി അവശേഷിക്കുന്നത് 100 ഓളം കരിമ്പനകള്‍ മാത്രമാണ്. ഉണങ്ങിയതില്‍ അധികവും പത്ത് വര്‍ഷത്തിനുള്ളില്‍ പ്രായമുള്ള പനകളാണ്. ഉണങ്ങിയ പനകള്‍ ഇനി ഇഷ്ടിക ചൂളകാര്‍ക്കും വിറകിന് വില്‍ക്കാനെ ഇനി നിവൃത്തിയുള്ളു.


കരിമ്പനയുടെ കായാണ് പനനൊങ്ക്. ഇളനീര്‍ പ്രായത്തില്‍ ഇത് ദാഹശമനിയും പോഷകാഹാരവുമായി ഉപയോഗിക്കുന്നു. പനനൊങ്കുകള്‍ മണ്ണില്‍ വീണ് മുളച്ച് ഇല വിരിയുന്നതിനു മുന്‍പേ മണ്ണിനടിയില്‍ നിന്നു പിഴുതെടുക്കുമ്പോള്‍ കിട്ടുന്ന പനംകൂമ്പും നല്ല ആഹാരമാണ്. മൂത്തുപഴുത്ത നൊങ്കുകള്‍ ശേഖരിച്ച് മുളപ്പിച്ചെടുത്ത് ധാരാളം പനം കൂമ്പുകള്‍ വ്യാപാരാടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കാറുണ്ട്.പനനൊങ്കും, കൂമ്പും ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാനാണ് വേലുച്ചാമി തന്റെ തോട്ടത്തില്‍ കരിമ്പനകള്‍ നട്ടത്. വെള്ളം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലത്താണ് വേലുച്ചാമി കരിമ്പനകള്‍ നട്ടത്. യാതൊരു പരിചരണവും ഇല്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും വളരുന്ന കരിമ്പനകള്‍ ഉണങ്ങിയത് പഴമക്കാര്‍ക്ക് വരെ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ് മനുഷ്യര്‍ മുറിച്ചു മാറ്റാതെ കരിമ്പനകള്‍ നശിക്കുക അപൂര്‍വ്വമായിരുന്നു. ഇപ്പോള്‍ വേനല്‍ചൂടില്‍ കൂടി കരിമ്പനകള്‍ ഉണങ്ങാന്‍ തുടങ്ങിയതോടെ കരിമ്പനകളുടെ പരിപൂര്‍ണ വംശനാശത്തിന് വരെ ഇത് കാരണമായേക്കുമെന്ന് ഭയക്കുന്നവരുണ്ട്.


Read More >>