പാലാ രൂപതയുടെ തീവെട്ടിക്കൊള്ള; സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് ഒരു ലക്ഷം വരെ പിരിവ്

ഭാരിച്ച തുകകള്‍ പിരിച്ച് കൂറ്റന്‍ ദേവാലയങ്ങള്‍ പണിയാനായി വിശ്വാസികളെ പിഴിയുന്നതിന് പുറമേ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ നിര്‍മിക്കാനും യാതൊരു തത്വദീക്ഷയുമില്ലാതെ പണമാവശ്യപ്പെടുന്നതിനെതില്‍ ഒരു വിഭാഗം വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്.

പാലാ രൂപതയുടെ തീവെട്ടിക്കൊള്ള; സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് ഒരു ലക്ഷം വരെ പിരിവ്

സഭയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് വിശ്വാസികളില്‍ നിന്ന് വന്‍ വാങ്ങുന്ന പാലാ രൂപതയുടെ നടപടി വിവാദത്തിലേക്ക്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിനായി ഓരോ കുടുംബങ്ങളില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്ന പാലാ രൂപതയിലെ പള്ളികളുടെ നോട്ടീസാണ് വിവാദമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയ ആശുപത്രിക്കു വേണ്ടിയാണ് ഇപ്പോള്‍ പണപ്പിരിവ്. പാലാ മെത്രാന്റെ സിംഹാസനപ്പള്ളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാല സെന്റ് തോമസ് കത്തീഡ്രലിന്റെ പേരിലിറങ്ങിയ നോട്ടീസില്‍ 'ജോലി ചെയ്യുന്നവര്‍ ഒരു മാസത്തെ ശമ്പളം ചെലവ് കിഴിക്കാതെയും അധ്യാപകര്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ വീതം നല്‍കാനുമാണ്' ആവശ്യപ്പെടുന്നത്.

പാലാ മെത്രാന്റെ സിംഹാസനപ്പള്ളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാല സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പിലിന്റെ പേരിലിറങ്ങിയ നോട്ടീസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദം സൃഷ്ടിക്കുകയാണ്. 'പ്രിയ മാതാപിതാക്കളേ, സഹോദരീ സഹോദരന്‍മാരേ എന്ന്' അഭിസംബോധന ചെയ്യുന്ന കത്തിലാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിര്‍മാണത്തിനായി കുടുംബങ്ങളില്‍ നിന്ന് വന്‍തുക ആവശ്യപ്പെടുന്നത്. 'ജൂണ്‍ 18ാം തീയതി ഞായറാഴ്ച വി. കുര്‍ബാന മധ്യേ ആശുപത്രി നിര്‍മാണത്തിന് സാമ്പത്തികമായി നമ്മള്‍ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞിരുന്നല്ലോ. ആതുരശുശ്രൂഷാരംഗത്തേക്കുള്ള നമ്മുടെ രൂപതയുടെ ഏറ്റവും വലിയ ചുവടുവയ്പാണ് ഈ സംരംഭം. എല്ലാവര്‍ക്കും നല്ല ശുശ്രൂഷ ലഭിക്കുന്നതിന് വേണ്ടി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതിന് നമ്മുടെ ഇടവക ജനത്തിന്റെ കാര്യമായ ഒരു സംഭാവന ലഭിക്കണമെന്ന് പിതാവ് ആഗ്രഹിക്കുന്നു'-നോട്ടീസ് പറയുന്നു.

'കത്തീഡ്രല്‍ പാലാ രൂപതയിലെ ഒന്നാമത്തെ ഇടവകയാണ്. അഭിവന്ദ്യ രൂപതാധ്യക്ഷന്റെ സിംഹാസനപ്പള്ളി. രൂപതയിലെ ഒന്നാമത്തെ മെത്രാനായ അഭിവന്ദ്യ വയലില്‍ പിതാവിന്റെ ഇടവകപ്പള്ളി. ഇന്ന് നിലവിലുള്ള കത്തീഡ്രല്‍ പള്ളിയുടെ നിര്‍മാണത്തിന് തന്നെ രൂപതയിലെ എല്ലാ പള്ളികൡ നിന്നുമുള്ള സംഭാവനകള്‍ പിതാവ് ചോദിച്ചു വാങ്ങിയിട്ടുള്ളതാണെന്നോര്‍ക്കുമ്പോള്‍ രൂപതയുടെ ഈ സംരംഭത്തോട് നമ്മളെല്ലാവരും സഹകരിക്കേണ്ടതാണല്ലോ. വളരെക്കാലമായി വലിയ സംഭാവനകളൊന്നും നല്‍കേണ്ടി വന്നിട്ടില്ലാത്ത നമുക്ക് വിധവയുടെ ചില്ലിക്കാശ് പോലെ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു നല്ല സംഭാവന നല്‍കാന്‍ ശ്രദ്ധിക്കാം. ജീവിതത്തില്‍ നിങ്ങള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരിക്കട്ടെ ഇത്'-സര്‍ക്കുലര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അതെല്ലാം ദൈവത്തിന്റെ കരങ്ങളില്‍ നമുക്ക് ഏല്‍പ്പിക്കാമെന്ന് പറയുന്ന സര്‍ക്കുലറില്‍ തുടര്‍ന്ന് തുക കവറിലിട്ട് വീടുകളില്‍ നേരിട്ടെത്തുന്ന വൈദികരെ ഏല്‍പ്പിക്കണമെന്ന് പറയുന്നു. വളരെ ഗൗരവമുള്ള കാര്യമായതിനാലും ആശുപത്രിയില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ കിട്ടുന്നതിനാലുമാണ് അച്ഛന്‍മാര്‍ നേരിട്ട് വീടുകളിലെത്തുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇതിന് ശേഷമാണ് വിവിധ വിഭാഗങ്ങള്‍ നല്‍കേണ്ട തുകയെപ്പറ്റി പറയുന്നത്

1) നിങ്ങള്‍ വര്‍ഷങ്ങളായി നല്‍കേണ്ടിയിരുന്ന ദശാംശം, പ്രത്യേകിച്ച് ഈ വര്‍ഷത്തേക്ക്

2) വീട്ടിലുള്ളവരും അകലെയുള്ളവരുമായ കുടുംബാംഗങ്ങള്‍ എല്ലാവരുടേയും ഒരു മാസത്തെ വരുമാനം ചെലവുകള്‍ കിഴിയ്ക്കാതെ

3) അടുത്ത കാലത്ത് വീട് പണിതവരോ വാങ്ങിയിട്ടുള്ളവരോ ആണെങ്കില്‍ അതിന് വന്ന ചെലവിന്റെ ദശാംശം കൂടി നല്‍കുക.

4) കാര്‍ഷിക വരുമാനം, ശമ്പളം, പെന്‍ഷന്‍, ബിസിനസില്‍ നിന്നുള്ള വരുമാനം, ദിവസക്കൂലി തുടങ്ങിയവയൊക്കെ പരിഗണിച്ച് ഒരു മാസത്തേതെങ്കിലും പൂര്‍ണമായി നല്‍കുക.

5) ഓരോ അധ്യാപകരും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും നല്‍കുക എന്നിങ്ങനെയാണ് ലിസ്റ്റ് നീളുന്നത്.

നിങ്ങള്‍ നല്‍കുമെന്ന് പള്ളി പ്രതീക്ഷിക്കുന്ന തുക-അമ്പതിനായിരം'ഇതില്‍ക്കൂടുതല്‍ നല്‍കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യുക' എന്ന് പറഞ്ഞ് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പിലിന്റെ ഒപ്പോട് കൂടിയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിലെല്ലാം ഇത്തരത്തിലുള്ള പിരിവ് നടക്കുന്നതായാണ് വിവരം.

ഭാരിച്ച തുകകള്‍ പിരിച്ച് കൂറ്റന്‍ ദേവാലയങ്ങള്‍ പണിയാനായി വിശ്വാസികളെ പിഴിയുന്നതിന് പുറമേ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ നിര്‍മിക്കാനും യാതൊരു തത്വദീക്ഷയുമില്ലാതെ പണമാവശ്യപ്പെടുന്നതിനെതില്‍ ഒരു വിഭാഗം വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ട്. വന്‍തുക ഈടാക്കി ചികിത്സ നടത്തുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാനെന്ന പേരില്‍ നിര്‍മിക്കുന്നത്. 'സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും അതെല്ലാം ദൈവത്തിന്റെ കരങ്ങളില്‍ നമുക്ക് ഏല്‍പ്പിക്കാം' എന്ന് സര്‍ക്കുലറില്‍ വിശ്വാസികളോട് പറയുന്ന സഭയ്ക്ക് പണത്തിന് ആവശ്യം വന്നപ്പോള്‍ അക്കാര്യം ദൈവത്തിലേക്ക് സമര്‍പ്പിക്കാതെ വിശ്വാസികളെ പിഴിയുന്നതെന്തിനാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. 'വിധവയുടെ ചില്ലിക്കാശ് പോലെ' എന്ന് വിശ്വാസികളുടെ പണത്തിനെ ഉപമിക്കുന്ന സഭ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിനായി അവരില്‍ നിന്ന് ഭീമമായ തുക ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഭൂകമ്പവും മറ്റും വരുമ്പോള്‍ വിശ്വാസികള്‍ മനസറിഞ്ഞ് സഹായിക്കാറുള്ളതുപോലെ ആശുപത്രിക്ക് വേണ്ടിയും പണം നല്‍കാന്‍ തയ്യാറാണെന്ന് പാല സെന്റ് തോമസ് കത്തീഡ്രല്‍ അസി. വികാരി ഫാ. ഗര്‍വാസിസ് ആനിത്തോട്ടത്തില്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഭൂരിഭാഗം വിശ്വാസികളും പണം നല്‍കാന്‍ തയ്യാറാണ്. നോട്ടീസില്‍ ആവശ്യപ്പെടുന്ന തുക തന്നെ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും തരാതെ വന്നാല്‍ നടപടികളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി നിര്‍മാണം നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ആശുപത്രി നിര്‍മാണത്തിന് ഇപ്പോഴാണ് സംഭാവന ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Image TitleRead More >>