ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം പി ബാലചന്ദ്രന്

കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയ പി ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം പി ബാലചന്ദ്രന്

പതിനേഴാമത് ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് അംഗീകാരം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ പി ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍ പാത എന്ന ചിത്രത്തിലെ അഭിനയത്തിന് കെ കലാധരന്‍ മികച്ച നടനായി തിരഞ്ഞെടുത്തു. ഇന്തോ അമേരിക്കന്‍ ആര്‍ട്ട് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍.

മികച്ച നടിക്കും സംവിധാനത്തിനുമുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കൊങ്കണ സെന്‍ ശര്‍മയാണ്. ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയിലെ അഭിനയമാണ് കൊങ്കണയെ മികച്ച നടിയാക്കിയത്. എ ഡെത്ത് ഇന്‍ ഗംജ് സംവിധാനത്തിനുള്ള പുരസ്‌കാരം കൊങ്കണയ്ക്ക് നേടിക്കൊടുത്തു. സുഭായിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷനാണ് എന്ന് ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. അരവിന്ദ് കെജ്രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഖുശ്ബു രാങ്ക, വിനയ് ശുക്ല എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. അമര്‍ കൗഷിക് സംവിധാനം ചെയ്ത ആബയാണ് മികച്ച ഹ്രസ്വചിത്രം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ബാലന്‍ എന്ന് കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ ആചാരിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരവും നേടിയിരുന്നു. അച്ഛന്‍ മകന്‍ ബന്ധത്തിലെ സങ്കീര്‍ണ്ണതകളിലൂടെ കഥപറഞ്ഞ ഒറ്റയാള്‍പ്പാത ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തിരുന്നു.