ഭദ്രാസന പ്രതിനിധിയുടെ അപകട മരണത്തിൽ ദുരൂഹത: മെത്രാപ്പൊലീത്ത കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രഹസ്യമൊഴി; രേഖകൾ പുറത്ത്

മാർ ദിയസ് കോറസിന്റെ കാലശേഷം ഓർത്തഡോക്സ് സഭയ്ക്കു കിട്ടേണ്ട ഭൂമി തന്റെ പേരിലാക്കി കൈവശം വച്ചിരിക്കുന്ന തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനും അയാളുടെ അടുപ്പക്കാരനായ ഫാദർ മാത്യൂ തോമസി (ബെന്നിയച്ചൻ)നും എതിരെ സഭയ്ക്കകത്തും കോടതിയിലുമെല്ലാം നിലപാടെടുത്തിരുന്ന ആളാണ് മരണപ്പെട്ട പുന്നൂസ് കുര്യൻ. ഈ ഭൂമികളുടെ വ്യാജപ്രമാണം ഉണ്ടാക്കാൻ ശ്രമിച്ച കേസിലാണ് മുൻ യുവജന നേതാവ് ഇവർക്കെതിരെ നിലകൊണ്ടിരുന്നത്.

ഭദ്രാസന പ്രതിനിധിയുടെ അപകട മരണത്തിൽ ദുരൂഹത: മെത്രാപ്പൊലീത്ത കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രഹസ്യമൊഴി; രേഖകൾ പുറത്ത്

ഓർത്തഡോക്സ് സഭയുടെ ഭദ്രാസന പ്രതിനിധിയും സഭാ യുവജന പ്രസ്ഥാനത്തിന്റെ മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന പുന്നൂസ് കുര്യന്റെ മരണത്തിനു പിന്നിൽ ദുരൂഹത. ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മെത്രാപ്പൊലീത്ത തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി കോടതിയിൽ മൊഴി നൽകിയതിനു ദിവസങ്ങൾക്കു ശേഷമായിരുന്നു പുന്നൂസ് കുര്യന്റെ അപകട മരണം. സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ ഭൂമി തട്ടിപ്പുകൾക്കും ഗൂഢ നീക്കങ്ങൾക്കുമെതിരെ ഇടപെട്ടിരുന്ന വ്യക്തിയാണ് പുന്നൂസ് കുര്യൻ.

മാർ ദിയസ് കോറസിന്റെ കാലശേഷം സഭയുടെ കാതോലിക്കാ ബാവയുടെ പേരിൽ വരേണ്ട ഭൂമി ആൾമാറാട്ടം നടത്തി പ്രമാണം ചെയ്തെടുക്കാൻ ശ്രമിച്ചതിനു പിന്നിൽ, മെത്രാപ്പൊലീത്തയുടെ അടുപ്പക്കാരനായ ഫാദർ മാത്യു തോമസ് (ബെന്നിയച്ചൻ) ആണെന്ന് പുന്നൂസ് കുര്യൻ വാദിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട മാർ ദിയസ് കോറസായി ആൾമാറാട്ടം നടത്തിയാണ് ഭൂമി രേഖകൾ പ്രമാണം ചെയ്തെടുക്കാൻ ശ്രമിച്ചിരുന്നത്. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ കൈവശത്തിലിരിക്കുന്ന അതേ ഭൂമികളുടെ രേഖകളാണിവ.

പുന്നൂസ് കുര്യൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴി- പേജ് 1

പുന്നൂസ് കുര്യൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴി- പേജ് 2

അരമനയിൽ അക്കമിട്ടു നിരത്തി ഭദ്രമായി സൂക്ഷിച്ചിരുന്ന പ്രമാണങ്ങളിൽ നിന്ന്, രണ്ടു ഭൂമികളുടെ പ്രമാണങ്ങൾ മുമ്പു കാണാതായിരുന്നു. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് തിരുവനന്തപുരം മെത്രാപ്പൊലീത്തയായി ചുമതലയേറ്റ ശേഷമായിരുന്നു ഇത്. പ്രമാണങ്ങൾ കാണാതായ ശേഷം പറഞ്ഞുറപ്പിച്ചതു പോലെ ഈ ഭൂമികൾ പ്രമാണം ചെയ്തെടുക്കാൻ ആൾമാറാട്ട ശ്രമവും നടന്നു.

2010ൽ ആയിരുന്നു ഈ സംഭവം. ഈ ഭൂമികളുടെ യഥാർത്ഥ ഉടമസ്ഥനായിരുന്ന വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട മാർ ദിയസ് കോറസിന്റെ തന്നെ പേരിലായിരുന്നു ആൾമാറാട്ടം. മാർ ദിയസ് കോറസ് മരണപ്പെട്ട ശേഷം കാതോലിക്ക ബാവയുടെ അധീനതയിൽ വരേണ്ട ഈ ഭൂമികളാണ് തിരുവനന്തപുരം മെത്രാപ്പൊലീത്ത ഇപ്പോൾ അന്യായമായി കൈവശം വച്ചിട്ടുള്ളത്.

Image Title

ഈ പ്രമാണങ്ങൾ മാത്രം കാണാതായതിനും അതേ പ്രമാണങ്ങൾ സംബന്ധിച്ച ആൾമാറാട്ട ശ്രമത്തിനും പിന്നിൽ മെത്രാപ്പൊലീത്തയുടെ അടുപ്പക്കാരനായ ഫാദർ മാത്യു തോമസാണെന്ന് വാദിച്ചിരുന്ന ആളാണ് മരണപ്പെട്ട പുന്നൂസ് കുര്യൻ. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ആ തട്ടിപ്പിനു പിന്നിൽ ബെന്നിയച്ചൻ ആണെന്ന് കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ കേസിന്റെ (1029/10) അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ പുന്നൂസ് കുര്യൻ മൊഴി കൊടുത്തിരുന്നു. കൂടാതെ ആറ്റിങ്ങൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പുന്നൂസ് കുര്യൻ ഇതേ മൊഴി തന്നെ പറയുകയും ചെയ്തിരുന്നു.

ഈ വിഷയങ്ങളെ സംബന്ധിച്ച് സഭയുടെ പൊതുയോഗത്തിൽ വച്ച് പൊതുയോഗാംഗമായ പുന്നൂസ് കുര്യൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊതുയോഗത്തെ തുടർന്നുള്ള വിരുന്നിനിടെ ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ ആജ്ഞാനുവർത്തിയും ഇപ്പോൾ സഭാ മാനേജിങ് കമ്മറ്റിയംഗവുമായ ഒരാൾ പുന്നൂസ് കുര്യനോടു തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും അയാൾക്കെതിരെ ഭക്ഷണം വാരിയെറിയുകയും ചെയ്തു എന്നാണ് സഭാംഗങ്ങൾ പറയുന്നത്.

തുടർന്ന്, വ്യാജപ്രമാണം ഉണ്ടാക്കാൻ ശ്രമിച്ചതിനു പിന്നിൽ ഫാദർ മാത്യു തോമസാണ് എന്ന മൊഴിക്കു പകരം, ഫാദർ കെ കെ തോമസിന്റെ പേരു പറഞ്ഞാൽ പത്തു ലക്ഷം രൂപ തരാമെന്ന് ഗബ്രിയേൽ മെത്രാപ്പൊലീത്ത അരമനയിൽ വിളിച്ചുവരുത്തി നേരിൽ പറഞ്ഞിരുന്നുവെന്ന് മരണപ്പെട്ട പുന്നൂസ് കുര്യൻ എഴുതി ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു.

Image Title

ആൾമാറാട്ട കേസിൽ ബെന്നിയച്ചനെതിരെ വാദങ്ങളുന്നയിച്ച ആളെ ഭീഷണിപ്പെടുത്തുകയും ബെന്നിയച്ചന്റെ സ്ഥാനത്തു മറ്റൊരു പേരു പറഞ്ഞാൽ പണം തരാമെന്നു വാഗ്ദാനം നടത്തുകയും ചെയ്തത് കേസുമായി ബന്ധപ്പെട്ട പല തെളിവുകളും പുന്നൂസ് കുര്യന്റെ കൈയിൽ ഉണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാണെന്നാണ് സൂചന.

ഇതിനു പിന്നാലെയാണ്, തന്നെ കൊല്ലുമെന്ന അർത്ഥത്തിൽ ഗബ്രിയേൽ മെത്രാപ്പൊലീത്ത ഭീഷണിപ്പെടുത്തിയെന്ന് മരണപ്പെട്ട പുന്നൂസ് കുര്യൻ കോടതിയിൽ രഹസ്യമൊഴി നൽകിയത്. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരമാണ് പുന്നൂസ് രഹസ്യമൊഴി നൽകിയത്. അതു കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം പുന്നൂസ് കുര്യൻ കൊല്ലപ്പെടുകയും ചെയ്തു.

ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ ഭൂമി തട്ടിപ്പിനെ സംബന്ധിച്ച വിവരങ്ങൾ, രേഖകളടക്കം 'നാരദാ ന്യൂസ്' പുറത്തുവിട്ടിരുന്നു. തിരുവനന്തപുരം മൺവിളയിലുള്ള 50 സെന്റ് ഭൂമി തിരുവനന്തപുരം മെത്രാപ്പൊലീത്ത ​ഗബ്രിയേൽ മാർ ​ഗ്രി​ഗോറിയോസ് തട്ടിയെടുത്ത് കൈവശം വച്ചിരിക്കുന്നതിന്റെ വിവരങ്ങളും രേഖകളുമാണ് പുറത്തുവിട്ടിരുന്നത്.

പ്രമാണം കാണാതാവുകയും വ്യാജ പ്രമാണ കേസിൽ ഉൾപ്പെടുകയും ചെയ്ത രണ്ടു ഭൂമികളിൽ ഒന്നാണ് മൺവിളയിലെ ഭൂമി. അതിൽ 20.25 സെന്റ് ഭൂമി മെത്രാപ്പൊലീത്ത വിൽക്കുകയും, 29.75 സെന്റ് സ്ഥലം സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കാര്യങ്ങളും, സ്വന്തം ലെറ്റർ ഹെഡിൽ താലൂക്ക് റീസർവേ ഓഫീസിൽ ഒപ്പിട്ടു സമർപ്പിച്ച അപേക്ഷയിൽ ഗബ്രിയേൽ മെത്രാപ്പൊലീത്ത സമ്മതിക്കുന്നുമുണ്ട്.

Image TitleRead More >>