എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ തൽക്കാലത്തേക്കു നിർത്തിവച്ചു

സഭയുടെ നടുത്തളത്തിലിറങ്ങിയുള്ള ഏറെ നേരത്തെ പ്രതിപക്ഷ ബഹളം സഭയെ പ്രക്ഷുബ്ധമാക്കിയതിനെ തുടർന്നാണ് നടപടികൾ തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചത്.

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ തൽക്കാലത്തേക്കു നിർത്തിവച്ചു

പെമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസം​ഗ വിഷയത്തിൽ മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന ആവശ്യത്തിലുറച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തൽക്കാലത്തേക്കു നിർത്തിവച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയുള്ള ഏറെ നേരത്തെ പ്രതിപക്ഷ ബഹളം സഭയെ പ്രക്ഷുബ്ധമാക്കിയതിനെ തുടർന്നാണ് നടപടികൾ തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചത്.

മണിക്കെതിരായ പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ ബഹളം. മണിക്ക് വിശദീകരിക്കാന്‍ അവസരം നല്‍കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബാനര്‍ ഉപയോഗിച്ച് തന്റെ മുഖം മറക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ താക്കീത് ചെയ്തു.

താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടിൽ മണി ഉറച്ചുനിന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. താന്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു മണിയുടെ വിശദീകരണം.കൂടാതെ, മണിയെ പിന്തുണച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ രം​ഗത്തുവന്നതും പ്രതിഷേധത്തിനു കാരണമായി.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മണി ഖേദം പ്രകടിപ്പിച്ചത് എന്തിനെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കഴിഞ്ഞദിവസം മണി ചെയ്തതു തെറ്റാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇന്ന് മലക്കം മറിഞ്ഞതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ മണി സഭയിൽ നൽകിയ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള ഭരണപക്ഷത്തിന്റെ നിലപാട്.

ഇതിനിടെ ചില നാടകീയ രംഗങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. ചെന്നിത്തലയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാരായ അന്‍വര്‍ സാദത്തും എല്‍ദോസ് കുന്നപ്പിള്ളിയും സ്പീക്കറുടെ ഡയസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. നേരത്തെ ചോദ്യോത്തര വേള റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും അത്തരമൊരു കീഴ്‌വഴക്കം സഭക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സഭയില്‍ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് താക്കീത് നല്‍കി. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി ശിവൻകുട്ടി എംഎൽഎ അടക്കമുള്ളവർ സ്പീക്കറുടെ കസേരയും മറ്റും തള്ളിയിടുന്ന ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിപക്ഷം ഇതിനു മറുപടി നൽകിയത്.

നേരത്തെ, മണിയുടെ വിവാദപ്രസംഗ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിനു അനുമതി തേടിയിരുന്നു. തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി അടിയന്തര പ്രമേയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്. ഇതിനിടെയാണ്, വിവാദപ്രസംഗ വിഷയത്തിൽ എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയത്. എം എം മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് വിവാദമുണ്ടാക്കുകയായാണെന്നുമായിരുന്നു പിണറായി വിജയന്റെ വിശദീകരണം.