മണിയേയും സെൻകുമാറിനെയും ചൊല്ലി ഇന്നും സഭയിൽ ബഹളം: പ്രതിപ​ക്ഷം ഇറങ്ങിപ്പോയി; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

മന്ത്രി മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ തീരുമാനമായതായും ചെന്നിത്തല അറിയിച്ചു. പി ടി തോമസ് എംഎൽഎയായിരിക്കും കോടതിയെ സമീപിക്കുക. സ്ത്രീത്വത്തെ അപമാനിക്കുകയും ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പരാമർങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാകും ഹരജി. കേസിൽ യുഡിഎഫ് കക്ഷി ചേരാനും തീരുമാനിച്ചു.

മണിയേയും സെൻകുമാറിനെയും ചൊല്ലി ഇന്നും സഭയിൽ ബഹളം: പ്രതിപ​ക്ഷം ഇറങ്ങിപ്പോയി; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

മന്ത്രി എം എം മണിയുടെ രാജിയും സെൻകുമാർ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളും ബാനറുകളുമായാണ് ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിലെത്തിയത്. മണിയെ ബഹിഷ്കരിക്കുമെന്നും രാജി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ​ഗതാ​ഗത മന്ത്രി തോമസ് ചാണ്ടി ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത്.

എന്നാൽ, നിരവധി ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ളതിനാൽ സഭാ നടപടികൾ സ്തംഭിപ്പിക്കുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, എം എം മണിക്കെതിരായ ബഹിഷ്‌കരണം തുടരുമെന്നും അദ്ദേഹവുമായി ഒരു പരിപാടിയിലും സഹകരിക്കില്ലെന്നും വ്യക്തമാക്കി.

മന്ത്രി മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ തീരുമാനമായതായും ചെന്നിത്തല അറിയിച്ചു. പി ടി തോമസ് എംഎൽഎയായിരിക്കും കോടതിയെ സമീപിക്കുക. സ്ത്രീത്വത്തെ അപമാനിക്കുകയും ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പരാമർങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാകും ഹരജി. കേസിൽ യുഡിഎഫ് കക്ഷി ചേരാനും തീരുമാനിച്ചു.

അതേസമയം, ടി പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. സുപ്രീംകോടതി വിധി സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നു പറഞ്ഞ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും വ്യക്തമാക്കി. സെൻകുമാർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുസ്ലിംലീ​ഗ് എംഎൽഎയായ എം ഉമ്മറാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

അടിയന്തര പ്രമേയത്തിന് യുഡിഎഫ് അനുമതി തേടിയതിനെ മുഖ്യമന്ത്രി പരിഹസിച്ചു. യുഡിഎഫിന്റേത് പരിതാപകരമായ വിഷയാവതരമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവമില്ലായ്മയെയാണ് ഇത് കാണിക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

എജിയുടെ നിയമോപദേശം കൂടി പരിഗണിച്ച് സർക്കാർ നടപടിയെടുക്കും. സുപ്രീംകോടതി വിധി അന്തിമമാണ്. അത് നടപ്പാക്കും. വിധിയെ നിയമപരമായി അംഗീകരിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നും വ്യക്തമാക്കി. അതേസമയം, സെൻകുമാർ കേസിലെ കോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം മുൻ മുഖ്യമന്ത്രിക്കെതിരാണെന്നും പിണറായി വിജയൻ ആരോപിച്ചു. സർക്കാരിനെതിരായ പരാമർശവും മുൻ സർക്കാരിനെതിരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സെൻകുമാർ വിഷയം സഭയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. തുടർന്ന്, ഇതു സംബന്ധിച്ച് മന്ത്രി എ കെ ബാലനും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. മുൻ സർക്കാരിന്റെ കാലത്തുണ്ടായ പ്രശ്നത്തിന് എന്തുകൊണ്ട് അന്നത്തെ സർക്കാർ നടപടിയെടുത്തില്ലെന്നായിരുന്നു എ കെ ബാലന്റെ ചോദ്യം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നടപടിയെടുക്കാൻ സർക്കാരിനോ ആഭ്യന്തര വകുപ്പിനെ കഴിയില്ലെന്നും പൂർണ അധികാരം പൊലീസിനായിരുന്നെന്നും ചെന്നിത്തല മറുപടി നൽകി. അത് പരിശോധിക്കാതെയാണ് ബാലൻ ഇങ്ങനൊരു ചോദ്യം ചോദിച്ചത്. അത് പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിപക്ഷം സഭയിൽ നിന്നും വാക്ക് ഔട്ട് നടത്തി. പ്രതിപക്ഷത്തിനും കോൺ​ഗ്രസിനും വേണ്ടി പ്രതിപക്ഷ നേതാവും, മുസ്ലിം ലീ​ഗിനു വേണ്ടി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും, കേരളാ കോൺ​ഗ്രസിനു വേണ്ടി പി ജെ ജോസഫും വാക്ക് ഔട്ട് പ്രഖ്യാപനം നടത്തി.