രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി ആരോപണം

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി ആരോപണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ദ്യോഗസ്ഥര്‍ എത്തിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ചു പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്നും കമ്മിഷണര്‍ക്കുപരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

രാവിലെ 11 മണിക്ക് തുടങ്ങി ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തിരുന്നു. പ്രതിപക്ഷനേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാനാണ് പത്രക്കുറിപ്പുകള്‍ വിതരണം ചെയ്തത്. ഈ സമയം രണ്ടുപേര്‍ എത്തി പത്രക്കുറിപ്പുകള്‍ ആവശ്യപ്പെടുകയായിരുന്നു.

പത്രക്കുറിപ്പ് ആവശ്യപ്പെട്ടവരെ മുമ്പ് കണ്ടിട്ടില്ലാത്തതിനാല്‍ ആരാണെന്ന് അദ്ദേഹം അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ത്തന്നെ ഒരു ഉദ്യോഗസ്ഥന്‍ രംഗം വിടുകയായിരുന്നു. രണ്ടാമത്തേയാള്‍ താന്‍ ഇന്റലിജന്‍സില്‍നിന്നാണെന്ന് വ്യക്തമാക്കിയെന്നും ഹബീബ് പറഞ്ഞു. ഇത്തരത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന സംഭവത്തെ ഹബീബ് ചോദ്യം ചെയ്തപ്പോള്‍ അതു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണെന്നാണ് ഉദ്യോഗസ്ഥന്‍ അറിയിച്ചതെന്നും കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.