പുരാതന ഓട്ടോക്ലേവ് യന്ത്രം പണിമുടക്കി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ അടച്ചു

ആശുപത്രയിൽ ഇപ്പോഴുള്ള ഏറെ പഴയ മോഡലിലുള്ള ഓട്ടോക്ലേവ് ഉപകരണത്തിന്റെ പാർട്സുകൾ പോലും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമല്ല. അതിനാൽ സർവീസ് ചെയ്ത് ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തുടർന്നാണ് ഓപ്പറേഷൻ തീയേറ്റർ അടച്ചത്.

പുരാതന ഓട്ടോക്ലേവ് യന്ത്രം പണിമുടക്കി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ അടച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുകതമാക്കുന്ന ഓട്ടോക്ലേവ് ഉപകരണം പ്രവർത്തനരഹിതമായതിനാൽ ഓപ്പറേഷൻ തീയേറ്റർ അടച്ചിട്ടു. ഇതോടെ ആശുപത്രിയിലെ മുഴുവൻ ശസ്ത്രക്രിയകളും മുടങ്ങി. ജില്ലാ ആശുപത്രിയിൽ ഓട്ടോക്ലേവ് പ്രവർത്തിക്കാതായിട്ട് നാളേറെയായെങ്കിലും മറ്റ് താലൂക്കാശുപത്രികളിൽ നിന്നെത്തിച്ച ഓട്ടോക്ലേവ് ഉപയോഗിച്ചാണ് അടിയന്തിര ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. ഇതും കാര്യക്ഷമമല്ലെന്നു കണ്ടെത്തിയതോടെയാണ് ഓപ്പറേഷൻ തീയേറ്റർ അടച്ചിടുന്ന സാഹചര്യം ഉണ്ടായത്.

പുതിയ ജില്ലാ ആശുപത്രി തുടങ്ങിയ വേളയിൽ പഴയ ജില്ലാ ആശുപത്രിയിൽ നിന്നും 1999ൽ എത്തിച്ച ഓട്ടോക്ലേവ് ആയിരുന്നു ഇവിടെ ഉപയോഗിച്ചു കൊണ്ടിരുന്നത്. ഏറെ പഴയ മോഡലിലുള്ള ഈ ഉപകരണത്തിന്റെ പാർട്സുകൾ പോലും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമല്ല. അതിനാൽ സർവീസ് ചെയ്ത് ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

സർക്കാർ ആശുപത്രികളിൽ ചികിത്സാ ഇളവ് ലഭിക്കുന്ന നിരവധി പദ്ധതികൾ നിലനിൽക്കെ ഉയർന്ന തുക നൽകി ശസ്ത്രക്രിയയ്ക്കായി ദരിദ്രരായ രോഗികൾ മംഗലുരുവിലെതടക്കമുള്ള സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട നിലയിലാണ്. അഡ്മിറ്റ് ചെയ്ത രോഗികളെപ്പോലും ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യത്തിൽ ഡിസ്ചാർജ് നൽകി അയക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതർ. പുതിയ ഓട്ടോക്ലേവ് യന്ത്രം അടിയന്തിരമായി വാങ്ങുക എന്നത് മാത്രമാണ് പരിഹാരം.

Read More >>