ഹരിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കം; സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നടും

ലോക പരിസ്ഥിതി ദിനമായ ഇന്ന് വിപുലമായ പരിപാടികളോടെയാണ് ഭൂമിക്കു പച്ചപ്പൊരുക്കുന്നത്. വൃക്ഷവത്ക്കരണത്തിനു പുറമെ മണ്ണിനേയും ജലസ്രോതസ്സുകളേയും മാലിന്യമുക്തമാക്കാനും പരിസര മലിനീകരണം തടയാനുമുളള നടപടികളും ഹരിത കേരളം പദ്ധതിയിൽ ഉണ്ട്. നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകൾ വനം-കൃഷി വകുപ്പുകൾ നൽകിത്തുടങ്ങി. ഈ മാസം 'വൃക്ഷത്തൈ നടൽ മാസമായി' മാറ്റാനാണ് പരിപാടി. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളര്‍ത്തണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഹരിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കം; സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നടും

ഹരിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈ നട്ടു വളർത്തും. എന്നാൽ അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നീ മരങ്ങൾ നടേണ്ടന്നാണ് തീരുമാനം. ഈ മരങ്ങൾ ജലം കൂടുതൽ ഊറ്റുമെന്ന പരാതിയെ തുടർന്ന് ഇവ സർക്കാർ ഭൂമിയിൽ നിന്ന് വെട്ടി മാറ്റാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചിട്ടുണ്ട്. അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾക്കു പുറമെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങളും വെട്ടിമാറ്റി പകരം നല്ല മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് തീരുമാനം.

വൃക്ഷവത്ക്കരണത്തിനു പുറമെ മണ്ണിനേയും ജലസ്രോതസ്സുകളേയും മാലിന്യമുക്തമാക്കാനും പരിസര മലിനീകരണം തടയാനുമുളള നടപടികളും ഹരിത കേരളം പദ്ധതിയിൽ ഉണ്ട്. 'പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം.

ലോക പരിസ്ഥിതി ദിനമായ ഇന്ന് വിപുലമായ പരിപാടികളോടെയാണ് ഭൂമിക്കു പച്ചപ്പൊരുക്കുന്നത്. നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകൾ വനം-കൃഷി വകുപ്പുകൾ നൽകിത്തുടങ്ങി. ഈ മാസം 'വൃക്ഷത്തൈ നടൽ മാസമായി' മാറ്റാനാണ് പരിപാടി. ഇതിനായി 72 ലക്ഷം വൃക്ഷത്തൈ വനം വകുപ്പും അഞ്ചു ലക്ഷം വൃക്ഷത്തൈ കൃഷി വകുപ്പും വളർത്തിയിട്ടുണ്ട്. പരിസ്ഥിതി വകുപ്പിനും ഹരിത കേരളം പദ്ധതിയിൽ പങ്കാളിത്തമുണ്ട് . കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെ 23 ലക്ഷം തൈകൾ നടാനായി വിതരണം ചെയ്യുന്നുണ്ട്.

ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തദ്ദേശീയ ഇനങ്ങള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കിയാണ് തൈകൾ വിതരണം ചെയ്യുന്നത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങി ഫലവൃക്ഷ-ഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം വൃക്ഷതൈകളുടെ ശേഖരമുണ്ട്.

വിദ്യാലയങ്ങൾ, പഞ്ചായത്ത്, റെസിഡന്റ്സ് അസോസിയേഷൻ,സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് വൃക്ഷത്തൈ വിതരണം ചെയ്യുന്നത്. വിദ്യാലയങ്ങളിൽ ഓരോ വിദ്യാർത്ഥിക്കും ഓരോ തൈ നൽകും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ കലാ-കായിക സംഘടനകളും പച്ചപ്പൊരുക്കുക്കാൻ അണിചേർന്നിട്ടുണ്ട്. കേരളത്തിന്‍റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്കൃതിയും തിരിച്ചുപിടിക്കാനുളള ശ്രമമാണ് ഹരിത കേരളം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് . ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ മൂലം സാധിക്കും.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളര്‍ത്തണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.