തോക്കുമായി വേട്ടയ്ക്കിറങ്ങി; വീട്ടിലെത്തിയ ഉടൻ 'പൊക്കി' വനംവകുപ്പ്

ഫോട്ടോഗ്രാഫർ കൊടുത്ത പണിയിലാണ് വെടിയിറച്ചി ‘അകത്താക്കാൻ‘ വീട്ടിലെത്തിയ മധ്യവയസ്കൻ അകത്തായത്

തോക്കുമായി വേട്ടയ്ക്കിറങ്ങി; വീട്ടിലെത്തിയ ഉടൻ പൊക്കി വനംവകുപ്പ്

അപൂർവയിനം പക്ഷിയെ വെടിവച്ചിട്ട മധ്യവയസ്കൻ അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പൗലോസിനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാൾ വേട്ടക്കിറങ്ങിയ ചിത്രങ്ങൾ പകർത്തിയ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ചിത്രങ്ങളെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയായിരുന്നു. വീട്ടിലെത്തി വെടിയിറച്ചി അകത്താക്കാൻ നിന്ന പൌലോസിനെ കയ്യോടെ പിടിച്ച് വനം വകുപ്പ് അകത്താക്കുകയായിരുന്നു.

ലഭിച്ച ഫോട്ടോകളിലെ കാറിന്റെ നമ്പറിലൂടെ വിലാസം കണ്ടെത്തിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അയാളുടെ വീട്ടിലെത്തി തോക്കും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗലോസ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.

പൗലോസും സഹായിയായ മറ്റൊരാളും ചേര്‍ന്ന് ചെങ്ങരൂര്‍ നടയ്ക്കല്‍ പാടത്ത് നിന്നും പക്ഷിയെ വെടിവെച്ച് പിടികൂടിക്കൊണ്ടു പോകുന്നതാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയായ ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണിനെയാണ് ഇവർ വെടിവച്ചിട്ടത്. വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഇവ. പാടശേഖരങ്ങളില്‍ നിന്ന് പക്ഷികളെ ഇറച്ചിയ്ക്കായി വേട്ടയാടുന്നത് ഗുരുതരമായ കുറ്റമാണ്. വൈല്‍ഡ് ലൈഫ് നിയമപ്രകാരം ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പാണ് പൗലോസിനുമേല്‍ ചുമത്തിയിരിക്കുന്നത്.

Read More >>