പാലക്കാട് മരുമകളെ കെട്ടിയിട്ട് വൃദ്ധദമ്പതികളെ വീടിനകത്തിട്ട് കൊലപ്പെടുത്തി

തങ്ങളെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇവര്‍ പരാതി നല്‍കിയതിന് പുറകെ യാണ് സംഭവം.

പാലക്കാട് മരുമകളെ കെട്ടിയിട്ട് വൃദ്ധദമ്പതികളെ വീടിനകത്തിട്ട് കൊലപ്പെടുത്തി

പാലക്കാട് കോട്ടായിയില്‍ വീടിനുള്ളില്‍ വൃദ്ധദമ്പതികളെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തോലന്നൂർ പൂളക്കപ്പറമ്പ് സ്വാമിനാഥന്‍ ( 72) ഭാര്യ പ്രേമ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ ആറുമണിക്ക് വീട്ടിലേക്ക് വന്ന പാല്‍ക്കാരിയാണ് ആദ്യം സംഭവം കണ്ടത്. പ്രേമയെ ശ്വാസം മുട്ടിച്ചും സ്വാമിനാഥനെ കുത്തിയുമാണ് കൊലപ്പെടുത്തിയിട്ടുള്ളത് സ്വാമിനാഥന്റെ ആന്തരികാവയങ്ങള്‍ പുറത്തു വന്ന നിലയിലായിരുന്നു. മകന്റെ ഭാര്യ ഷീജയെ സമീപത്ത് കണ്ണും വായും മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള ഷീജയ്ക്ക് പരിക്കുകളില്ലെങ്കിലും കടുത്ത മാനസികാഘാതം സംഭവിച്ചിട്ടുണ്ട്.

Image Titleമോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുന്ന വിധത്തിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പൊലിസ് പറഞ്ഞു. വാതില്‍ തകര്‍ത്തോ ഓടിളക്കിയോ അക്രമികള്‍ അകത്തു കയറിയതായി ഒറ്റനോട്ടത്തില്‍ സൂചനകളില്ല. മുറിക്ക് അകത്തെല്ലാം മുളക് പൊടി വിതറിയിരുന്നു. തനിക്കും കുടുംബത്തിനും വധഭീഷണിയുള്ളതായും ആരോ തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് ഓഗസ്റ്റ് 31 രാത്രി സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമീപത്തെ ഒരു ക്വാറിയിലേക്കുള്ള പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വാമിനാഥനുമായി തര്‍ക്കം നിലനിന്നിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Image Titleകഴിഞ്ഞ നവംബര്‍ 14 ന് പാലക്കാട് കടമ്പഴിപ്പുറത്തും സമാനമായ രീതിയില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. വടക്കെക്കര ചീരപ്പത്ത് ഗോപാലകൃഷ്ണന്‍ (62) ഭാര്യ തങ്കമണി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ കിടപ്പുമുറിയിലെ ഓടിളക്കി അകത്തു കയറി രണ്ടു പേരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. പൊലീസ് മാസങ്ങളോളം അന്വേഷിച്ച കേസില്‍ പ്രതികളെ കുറിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് മാറിയെങ്കിലും ഇപ്പോഴും പ്രതികളെ കുറിച്ച് ഒരു സൂചനയും ഇല്ല.

Read More >>