നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് പിടിയില്‍

2014 ഡിസംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സിങ് ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് 300 കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടത്തെല്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് പിടിയില്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഉതുപ്പ് വര്‍ഗീസ് പിടിയിലായത്. എമിഗ്രേഷന്‍ വിഭാഗം ഉതുപ്പിനെ സിബിഐയ്ക്ക് കൈമാറി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മുന്‍ പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസ്, അല്‍ സറഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമ ഉതുപ്പ് വര്‍ഗ്ഗീസ് എന്നിവരടക്കം എട്ടു പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് തട്ടിപ്പു നടത്താന്‍ കൂട്ടുനിന്ന പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫ് ആണ് കേസിലെ ഒന്നാം പ്രതി. അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സി, ഉതുപ്പ് വര്‍ഗീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ളത്.

2014 ഡിസംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സിങ് ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് 300 കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടത്തെല്‍. അല്‍ സറാഫയിലെ ജീവനക്കാരായ ജെസി, കെ.എസ്. പ്രദീപ്, ഹവാല ഇടപാടുകളിലൂടെ ഉതുപ്പ് വര്‍ഗീസിന്റെ പണം വിദേശത്ത് എത്തിക്കാന്‍ സഹായിച്ച കോട്ടയത്തെ സുരേഷ് ഫോറക്‌സ് ഉടമ വി.എസ്. സുരേഷ് ബാബു, മലബാര്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉടമ അബ്ദുല്‍ നസീര്‍, ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യയും അല്‍ സറാഫാ റിക്രൂട്ട്‌മെന്റ് ഏജന്‍സി ചെയര്‍മാനുമായ സൂസന്‍ തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍ സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍ സറാഫ 19.5 ലക്ഷത്തോളം രൂപ വീതമാണ് ഓരോരുത്തരില്‍നിന്ന് ഈടാക്കിയത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെന്നും ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്.