മരുന്ന് മാറി നൽകി: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗി ​ഗുരുതരാവസ്ഥയിൽ; നഴ്സിനെ സസ്പെൻഡ് ചെയ്തു

മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിക്കാണ് സ്റ്റാഫ് നഴ്സ് ഗുളിക മാറി നൽകിയത്. സംഭവത്തിൽ ആർഎംഒ, മെഡിസിന്‍ വിഭാഗം മേധാവി, ഫാര്‍മക്കോളജി വിഭാഗം മേധാവി, നഴ്‌സിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

മരുന്ന് മാറി നൽകി: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗി ​ഗുരുതരാവസ്ഥയിൽ; നഴ്സിനെ സസ്പെൻഡ് ചെയ്തു

മരുന്നു മാറി നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗി ​ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തത്.

സംഭവത്തിൽ ആർഎംഒ, മെഡിസിന്‍ വിഭാഗം മേധാവി, ഫാര്‍മക്കോളജി വിഭാഗം മേധാവി, നഴ്‌സിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിക്കാണ് സ്റ്റാഫ് നഴ്സ് ഗുളിക മാറി നൽകിയത്.

ഇതേ തുടർന്ന് ഇയാളുടെ സ്ഥിതി ​ഗുരുതരമാവുകയും അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 24ാം വാര്‍ഡിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നലെ രാവിലെ 9.30നാണ് ഗുളിക മാറി നല്‍കിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും രോ​ഗിയുടെ വയറ് കഴുകുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്കു മാറ്റുകയായിരുന്നു.

അതേസമയം, രോഗി പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടുള്ളതായാണ് ഡോക്ടര്‍മാർ പറയുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് അന്വേഷണം നടത്തി നഴ്‌സിനെ അടിയന്തരമായി സസ്‌പെന്റ് ചെയ്തതെന്ന് സൂപ്രണ്ട് അറിയിച്ചു.

നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. സംഭവം വൻ വിവാദമാവുകയും മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Read More >>