മരിച്ചാലെങ്കിലും അധികൃതർ ഇടപെടുമെന്ന് പ്രതീക്ഷിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാരത് ആശുപത്രിയിലെ നഴ്സ് പറയുന്നു 'കൂടുതൽ ആത്മഹത്യകൾ പ്രതീക്ഷിച്ചോളൂ'

"അധികാരികൾ കണ്ണു തുറക്കാൻ വേണ്ടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കിട്ടുന്ന ശമ്പളം കൊണ്ടാണ് ജീവിച്ചിരുന്നത്. എത്ര നാളായി വെയിലും മഴേം കൊണ്ട് ഇങ്ങനെ തെരുവിൽ കിടക്കുന്നു. ആരും ഞങ്ങടെ പ്രശ്നം കാണുന്നില്ല. മനസിനൊരു സമാധാനവുമില്ലായിരുന്നു. വീട്ടി ചെന്നാൽ ഊണുമില്ലാ ഉറക്കവുമില്ല. ഞങ്ങടെ എല്ലാരുടേം മനസിൽ ഇതൊക്കെയാ. എനിക്ക് ധൈര്യം തോന്നി ചെയ്തു എന്നേയുള്ളു". വിജിത

മരിച്ചാലെങ്കിലും അധികൃതർ ഇടപെടുമെന്ന് പ്രതീക്ഷിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാരത് ആശുപത്രിയിലെ നഴ്സ് പറയുന്നു കൂടുതൽ ആത്മഹത്യകൾ പ്രതീക്ഷിച്ചോളൂ

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാരും മാധ്യമങ്ങളും അവ​ഗണിക്കുന്നുവെന്ന് ആരോപിച്ച് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. സമരം വിജയിക്കുന്നതിന് വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാരത് ആശുപത്രിയലെ നഴ്സ് വിജിത നാരദ ന്യാസിനോട് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സമര പന്തലിൽ നിന്ന് വീട്ടിലേക്ക് പോയ വിജിത ​ഗുളുകകൾ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ഭാരത് ആശുപത്രി ഉടമകളാണ് എന്നു കുറിപ്പെഴുതി വെച്ചതിന് ശേഷമായിരുന്നു വിജിത ആത്മഹത്യാ ശ്രമം നടത്തിയത്.

സമര പന്തലില്‍ നിന്ന് - ഫയല്‍ ചിത്രം. ഫേസ്ബുക്ക്


അധികാരികൾ കണ്ണു തുറക്കാൻ വേണ്ടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കിട്ടുന്ന ശമ്പളം കൊണ്ടാണ് ജീവിച്ചിരുന്നത്. എത്ര നാളായി വെയിലും മഴേം കൊണ്ട് ഇങ്ങനെ തെരുവിൽ കിടക്കുന്നു. ആരും ഞങ്ങടെ പ്രശ്നം കാണുന്നില്ല. മനസിനൊരു സമാധാനവുമില്ലായിരുന്നു. വീട്ടി ചെന്നാൽ ഊണുമില്ലാ ഉറക്കവുമില്ല. ഞങ്ങടെ എല്ലാരുടേം മനസിൽ ഇതൊക്കെയാ. എനിക്ക് ധൈര്യം തോന്നി ചെയ്തു എന്നേയുള്ളു. പിരിച്ചു വിട്ടവരെ എല്ലാവരേം തിരച്ചെടുക്കാതെ ഈ സമരം അവസാനിക്കില്ല. ഇനിയും ആരും തിരിഞ്ഞ് നോക്കിയില്ലെങ്കിൽ കൂടുതൽ ആത്മഹത്യകൾ ഇവിടെ സംഭവിക്കുമെന്നും വിജിത പറഞ്ഞു.


പതിനായിരം രൂപ മാസ ശമ്പളത്തിനാണ് വിജിത ഭാരത് ആശുപത്രിയിൽ ജോലി ചെയ്തിരുന്നത്. ഇതിൽ നിന്ന് പിഎഫ് എന്ന പേരിൽ ആശുപത്രി 1000 രൂപ കൂടി ഈടാക്കും. ഓട്ടോ ഡ്രൈവറായ ഭർത്താവിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു. വിജിതയുടെ ശമ്പളം നിലച്ചതോടെ കുടുംബ ബജറ്റ് തകർന്നു. ഭർത്താവിന്റെ ചികിത്സയുടെ ചെലവുകൾക്കായി വാങ്ങിയ കടങ്ങളെല്ലാം വീട്ടി വരുന്ന അവസ്ഥയിലാണ് ജോലി നഷ്ടപ്പെട്ടത്. ജോലി ഇല്ലാതായ മൂന്നു മാസങ്ങൾ ആ കുടുംബത്തെ ദാരിദ്ര്യത്തിലാക്കിയിരുന്നു. ജീവിതം തന്നെ തകിടം മറിഞ്ഞെന്നാണ് വിജിതയുടെ ഭർത്താവ് പറയുന്നത്.വിജിതയുടെ മാത്രം അവസ്ഥയല്ലത്. സമരം ചെയ്യുന്ന മുഴുവൻ നഴ്സുമാരും ഇതേ ജീവിത സാഹചര്യത്തിൽ നിന്നാണ് വരുന്നത്. നൂറു ദിവസമായി നടന്നുവരുന്ന സമരത്തോട് സമൂഹം കാണിക്കുന്ന അവ​ഗണന വിവരിക്കുമ്പോൾ വിജിതയുടെ സഹപ്രവർത്തക ബിൻസിയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. " ഇതിൽ കൂടുതൽ ആത്മഹത്യകൾ പ്രതീക്ഷിക്കുന്നുള്ളു. നൂറ് ദിവസമായി ‍ഞങ്ങളിവിടെ സമരം ഇരിക്കാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രി മുതൽ എല്ലാവർക്കും പരാതി കൊടുത്തു. അൽഫോൺസ് കണന്താനത്തിന് കൊടുത്തു. എംഎൽഎയും കാനം രാജേന്ദ്രനും നമ്മുടെ സമരപ്പന്തൽ സന്ദർശിച്ചു. ആരും ‍ഞങ്ങടെ കാര്യത്തിൽ ഇടപെടുന്നില്ലല്ലോ. നിരാഹാരം തുടങ്ങിയിട്ട് മുപ്പത് ദിവസമായി. എട്ടാം ദിവസം സമരം കിടന്ന ഒരു കൊച്ച് ബാത്ത് റൂമിൽ പോയപ്പോ തല കറങ്ങി വീണു. നടുറോഡിലാ അവള് വീണത്. സാധാരണ എല്ലായിടത്തും പൊലീസുകാര് വന്ന് അന്വേഷിക്കുന്നതാണ്. ഈ കോട്ടയത്ത് ഒരു പോലീസുകാരും പോലും വന്നിട്ടില്ല. അവളുടെ സ്ഥിതി മോശമാണ്, ആശുപത്രിയിലേക്ക് മാറ്റണമെന്നൊന്നും ഒരു പൊലീസിനും തോന്നിയില്ല. നമ്മള് തന്നെ അവളെ ആശുപത്രിയിൽ അഡ‍്മിറ്റ് ചെയ്യുകയായിരുന്നു. ബിപി ഇരുന്നൂറായിരുന്നു."- ബിൻസി പറഞ്ഞു.പൊലീസും സർക്കാരും മാത്രമല്ല മാധ്യമങ്ങളും തങ്ങളെ അവ​ഗണിക്കുകയാണെന്ന് ബിൻസി പറഞ്ഞു. മനോരമ ചാനലും പത്രവും ഇങ്ങനെയൊരു സംഭവം നടക്കുന്ന കാര്യം അറിഞ്ഞിട്ടുകൂടിയില്ല. ഇന്നലെ നടന്ന പ്രകടനത്തിൽ പൊലീസ് ഞങ്ങളെ തല്ലിച്ചതച്ചു. ഇതൊന്നും ഒരു പത്രത്തിൽ പോലും വരുന്നില്ല. റിമ കല്ലിങ്കൽ സമരപ്പന്തലിൽ വന്നു. ഒരു കോളം വാർത്ത പോലും വന്നില്ല. ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം ടൗൺ അറിയരുത്. അതാണ് അവരുടെ ലക്ഷ്യമെന്നും യുഎൻഎ ഭാരത് ആശുപത്രി യൂണിറ്റിന്റെ ട്രഷറർ കൂടിയായ ബിൻസി പറഞ്ഞു.നിരാഹാര സമരം നടക്കുന്ന സ്ഥലത്ത് പൊലീസ് അവരുടെ ജോലി ചെയ്യുന്നില്ലെങ്കിലും ആത്മഹത്യാ ശ്രമത്തിന് വിജിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ സമരം ചെയ്ത നഴ്സുമാരെ മാനേജ്മെന്റ് പ്രതിനിധി സിബ് ഈരി ലിം​ഗം പ്രദർശിപ്പിച്ചതിനെതിരെ നഴ്സുമാർ നൽകിയ പരാതി പൊലീസ് സ്വീകരിച്ചിരുന്നില്ല. നഴ്സുമാർ പരാതിക്കൊപ്പം സമർപ്പിച്ച വീഡിയോയിൽ ലിം​ഗം കാണുന്നില്ലെന്നാണ് പൊലീസ് കേസെടുക്കാത്തതിന് കാരണം പറഞ്ഞത്.