'കുത്തിത്തിരിപ്പ് ചോദ്യങ്ങള്‍ ഏറെ'; കന്യാസ്ത്രീ സമരം നേരിടുന്ന ആ ചോദ്യങ്ങളുടെ ഉത്തരം ഇതാണ്?

ഏഴു ദിവസങ്ങള്‍ക്കു മുന്‍പ് ഏകദിന ഉപവാസമായി തുടങ്ങിയ കന്യാസ്ത്രീ സമരം തികച്ചും അവിചാരിതമായാണ് അനിശ്ചിതകാല സമര പ്രസ്ഥാനമായി മാറിയത്. സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

കുത്തിത്തിരിപ്പ് ചോദ്യങ്ങള്‍ ഏറെ; കന്യാസ്ത്രീ സമരം നേരിടുന്ന ആ ചോദ്യങ്ങളുടെ ഉത്തരം ഇതാണ്?

കന്യാസ്ത്രീ സമരം നയിക്കുന്നത് ആരാണ്?

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് മൂവ്‌മെന്റും കുടുംബാംഗങ്ങളും.

തുടങ്ങിയതോ?

കാത്തലിക് നവീകരണ പ്രസ്ഥാനം

മറ്റേതെങ്കിലും സംഘടനകള്‍ സമരത്തിലുണ്ടോ?

-ഒരു സമര സഹായ സമിതിയുണ്ട്. അതൊരു സ്വതന്ത്ര സ്വഭാവത്തിലാണ്.

-കേരളത്തില്‍ ജനകീയ സമരങ്ങളിലേര്‍പ്പെട്ട അനേകം സാമൂഹിക പ്രവര്‍ത്തകുണ്ട്. അതൊരു ഐക്യദാര്‍ഢ്യ പ്രസ്ഥാനമായാണ് ഒപ്പമുള്ളത്.

കന്യാസ്ത്രീകള്‍ ആരുടെ നേതൃത്വത്തിലാണ് സമരത്തിലേയ്ക്ക് ഇറങ്ങിയത്?

കാത്തലിക് നവീകരണ പ്രസ്ഥാനമാണ് ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

സമരം നയിക്കുന്നത് മതവിരുദ്ധരാണോ?

അല്ല, ഉപവസിക്കുന്ന സ്റ്റീഫന്‍ മാത്യുവടക്കം ദൈവവിശ്വാസികളാണ്. യുക്തിവാദികളല്ല.

സംഘപരിവാറുമായുള്ള ബന്ധം?

സംഘപരിവാര്‍ സംഘടനകളിലെ നേതാക്കളടക്കം സമരവേദിയിലെത്തി പിന്തുണയ്ക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണം എന്ന പൊതുകാര്യത്തോട് അഭിപ്രായമുള്ള അനേകര്‍ എത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിക്കുമോ?

ഇല്ല. തീരുമാനമെടുത്ത് കുടംബാംഗങ്ങളുടെ പിന്തുണയോടെയാണ് സമരം. ഫ്രാങ്കോ അറസ്റ്റിലായാല്‍ 15 കന്യാസ്ത്രീകള്‍ കൂടി പരാതിയുമായി പൊലീസില്‍ എത്തുമെന്ന് ഇവര്‍.

പരാതിക്കാരിയായ കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ സമരത്തിലുണ്ടോ?

ഉണ്ട്. സഹോദരിയും സഹോദരനും സമരത്തിലുണ്ട്.

ഫണ്ട് ആരാണ്?

സമരസ്ഥലത്ത് രസീതു വച്ച് പിരിക്കുന്നു. കൂടാതെ ബക്കറ്റുമുണ്ട്.

ചെലവ് എന്താണ്?

ജനറേറ്റര്‍, പന്തല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ചെലവ്. ദിവസം അയ്യായിരം രൂപയില്‍ കൂടുതല്‍ വേണ്ട. ആര്‍ട്ടിസ്റ്റുകളും വ്യക്തികളും സംഭാവനയായി ശേഷികള്‍ വിനിയോഗിക്കുന്നു.

സമരത്തിന്റെ ഭാവി എന്താണ്?

ഇതൊരു നവീകരണ പ്രസ്ഥാനമാണ്. ആ പോരാട്ടം ബിഷപ്പ് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടോ ഇല്ലയോ എന്നതില്‍ തുടങ്ങുന്നതോ, തീരുന്നതോ അല്ല. മാറിനില്‍ക്കാതിരിക്കുക, സാന്നിധ്യം കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്നത് അവരവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ചെയ്യേണ്ടതാണ്.

സ്ത്രീകള്‍ക്ക് സമരത്തില്‍ പ്രാതിനിധ്യമുണ്ടോ?

ഇല്ല. സ്വാഭാവികമായി ആണുങ്ങള്‍ നയിക്കുന്ന സംഘടനകളാണ് സമരത്തിന് തുടക്കമിട്ടത്. ബോധപൂര്‍വ്വം ഇടപെട്ട്- ഉറക്കെ പറഞ്ഞ്/ ആവശ്യപ്പെട്ടുതന്നെ സ്ത്രീകള്‍ സമരത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതുണ്ട്. സമര വേദിയില്‍ സംഘടനകളെ പ്രതിനിധീകരിച്ച് എത്തുന്നതിലധികവും ആണുങ്ങളാണ്. മുഴങ്ങുന്നതിലേറെ ആണ്‍ഗ്വാഗ്വോകളാണ്. എന്നാല്‍, സമരത്തിന്റെ ഏറ്റവും തീഷ്ണമായ ദിവസം കെ. അജിത, സാറാജോസഫ്, പി.ഗീത, കുസുംമം ടീച്ചര്‍ തുടങ്ങി കേരളത്തിന്റെ ഫെമിനിസ്റ്റ് നേതൃത്വം എത്തുകയും സ്ത്രീശബ്ദങ്ങള്‍ ശക്തമായി ഉയരുകയും ചെയ്ത വ്യാഴാഴ്ചയാണ്.

ഇനി?

ജോയിന്റ് ക്രിസ്ത്യൻ കൗണ്‍സിലിനൊപ്പം കേരളത്തിലെ സ്ത്രീ മുന്നേറ്റ- ജനകീയ സമര പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് സമരത്തോട് ചേര്‍ന്ന് ഒന്നിച്ച് നടത്തുന്ന ജനാധിപത്യ നവീകരണ സമരമായി ഇപ്പോഴത് മാറി കഴിഞ്ഞു. മതവും ജനാധിപത്യവും നവീകരിക്കപ്പെടുന്ന ഉള്ളടക്കത്തിലേയ്ക്കാണ് സമരത്തിന്റെ ഓരോ നിമിഷവും കടന്നു പോകുന്നത്.മാറി നിന്ന് സമരം തങ്ങളുടേതല്ലെന്നു കരുതുന്നവരെക്കാളും കടന്നു വന്ന് ഏറ്റെടുക്കുന്നവരുടെ പ്രസ്ഥാനമായാണ് സമരം മാറുന്നത്.

ഒരുപക്ഷെ?

കൂടെ ആരുമില്ലെങ്കിലും ഞങ്ങള്‍ സമരം തുടരും എന്ന് കന്യാസ്ത്രീകള്‍ തീരുമാനിക്കുകയും തെരുവില്‍ സമരവുമായി തുടരുകയും ചെയ്യും. ഒപ്പം അവരുടെ കുടുംബവും ഉണ്ടാകും.

ഭീഷണിയുണ്ടോ?

ഉണ്ട്. സാമ്പത്തിക പ്രലോഭനവുമുണ്ട്.

സമരത്തിലുള്ള കന്യാസ്ത്രീകള്‍ ഏത് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ്?

എല്ലാവരും സീറോമലബാര്‍ സഭാംഗങ്ങളുടെ എറണാകുളം രൂപതയില്‍പ്പെട്ടവരാണ്.