അടിതെറ്റി എൻഎസ്എസ്സും ഓർത്തഡോക്സ് സഭയും; ഉപതെരഞ്ഞെടുപ്പിലെ പാളിയ സമുദായ സമവാക്യങ്ങൾ

വട്ടിയൂർക്കാവിൽ എൻഎസ്എസ്സ് പിന്തുണച്ച കോൺഗ്രസും ,കോന്നിയിൽ ഓർത്തോഡോക്സ് സഭ പിന്തുണച്ച ബിജെപിയും പരാജയപ്പെട്ടു

അടിതെറ്റി എൻഎസ്എസ്സും ഓർത്തഡോക്സ് സഭയും; ഉപതെരഞ്ഞെടുപ്പിലെ പാളിയ സമുദായ സമവാക്യങ്ങൾ

വട്ടിയൂർക്കാവിലെ ഇടതുപക്ഷ സ്ഥാനാർഥി വികെ പ്രശാന്തിന്റെയും,കോന്നിയിൽ കെയു ജനീഷ് കുമാറിന്റെയും അട്ടിമറി വിജയങ്ങൾ ജാതി,മത സംഘടനകളുടെ പരാജയം കൂടിയായി മാറുകയാണ്. വട്ടിയൂർക്കാവിൽ എൻഎസ്എസ്സ് പിന്തുണച്ച കോൺഗ്രസും ,കോന്നിയിൽ ഓർത്തോഡോക്സ് സഭ പിന്തുണച്ച ബിജെപിയും പരാജയപ്പെട്ടു. രണ്ടിടങ്ങളിലും എൽഡിഎഫാണ് വിജയിച്ചത്. ജാതിമത സമവാക്യങ്ങളെയെല്ലാം മറികടന്ന് വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്ത് നിന്ന് വിജയിക്കാൻ കഴിഞ്ഞതും,കോന്നിയിൽ 23 വർഷമായുള്ള യുഡിഎഫ് കോട്ടപിടിക്കാൻ കഴിഞ്ഞതും ഇടതുപക്ഷത്തെ സംബന്ധിച്ച് രാഷ്ട്രീയമായ വലിയ നേട്ടമാണ്.

വട്ടിയൂർക്കാവിൽ 42 % ശതമാനം വോട്ടുകളിൽ നിർണ്ണായക സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട എൻഎസ്എസ്സ് നേതൃത്വം, ശബരിമല വിഷയവുമായി ബന്ധപെട്ട് ശരിദൂരമെന്ന പേരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കരയോഗങ്ങളുടെ നേതൃത്വത്തിൽ യുഡിഎഫിന് വേണ്ടി സ്‌ക്വാഡ് പ്രവർത്തനവും എൻഎസ്എസ്സ് നടത്തിയിരുന്നു. പള്ളിത്തർക്കത്തിന്റെ പേരിൽ കോന്നിയിൽ ഓർത്തോഡോക്സ് സഭയും പരസ്യമായി ബിജെപിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു. എന്നാൽ അതൊന്നും വിലപ്പോയില്ല.

വട്ടിയൂർക്കാവിൽ 14438 വോട്ടുകൾക്കാണ് വികെ പ്രശാന്തിന്റെ അട്ടിമറി വിജയം. തുടക്കം മുതലേ ലീഡ് നിലയിൽ പിറകോട്ട് പോവാതെയുള്ള മിന്നുന്ന വിജയമാണ് പ്രശാന്തിന്റേത്. സമുദായമല്ല സ്ഥാനാർത്ഥിയാണ് വലുതെന്ന് വികെ പ്രശാന്ത് പ്രതികരിച്ചിരുന്നു. 9552 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെയു ജനീഷ് കുമാറിന്റെ വിജയം. കോന്നിയിൽ യുഡിഎഫിന്റെ കുത്തക തകർത്തത് ഇടതുപക്ഷം നേടിയ വിജയത്തിൽ ബിജെപിയുടെ താര സ്ഥാനാർത്ഥിയും ഓർത്തോഡോക്സ് സഭ പിന്തുണക്കുകയും ചെയ്ത കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് പോയി. രാഷ്ട്രീയത്തലിടപ്പെട്ട് ജനാധിപത്യ പ്രക്രിയകളെ ദുർബലപ്പെടുത്താനുള്ള ജാതിമത സംഘടനകളുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് വിധി എന്ന കാര്യത്തിൽ തർക്കമില്ല.

Read More >>