'തെറ്റിദ്ധരിപ്പിച്ച് അഡ്മിഷൻ എടുപ്പിച്ചു'; തക്കല നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാർത്ഥിനികളുടെ പ്രതിഷേധ വീഡിയോ

എല്ലാത്തരത്തിലും തങ്ങൾ പെട്ടുപോയെന്നും,ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷമാണ് നഷ്ടമായതെന്നും ഇവർ പറയുന്നു.

നാഗർകോവിൽ:തക്കലയിലുള്ള നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിക്കെതിരെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്ത്.ബി.എസ്.സി സയൻസ് ആൻഡ് അലയൻസ് മൂന്നാം വർഷ വിദ്യാർത്ഥിനികളാണ് ലൈവ് വീഡിയോയിലൂടെ പ്രതിഷേധിച്ചിരിക്കുന്നത്. പാരാമെഡിക്കൽ കോഴ്‌സ് ആണെന്ന് വിശ്വസിപ്പിച്ചാണ്‌ തങ്ങൾ ഇവിടെ അഡ്‌മിഷൻ എടുത്തതെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.ഇപ്പോളാണ് ഇത് ടെക്‌നിക്കൽ കോഴ്‌സ് ആണെന്ന് മനസ്സിലാക്കുന്നതെന്നും വിദ്യാർത്ഥിനികൾ പറയുന്നു. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വിദ്യാർത്ഥിനികൾ അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.

എന്നാൽ വെറും അഞ്ച് വിദ്യാർത്ഥിനികൾ മാത്രമാണ് ഇത്തരത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നതെന്നും വിദ്യാർത്ഥിനികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോളേജ് മാനേജർ ജനാർദ്ദനൻ നാരദാ ന്യൂസിനോട് പ്രതികരിച്ചു. വിദ്യാർത്ഥിനികൾ പറയുന്ന പോലെ ഈ കോഴ്സ് പാരാമെഡിക്കൽ വിഭാഗത്തിലോ ടെക്നിക്കൽ വിഭാഗത്തിലോ ഉൾപ്പെടുന്നതല്ല. കല്പിത സർവകലാശാല എന്ന നിലയിൽ ഏതു കോഴ്‌സും ബന്ധപ്പെട്ട അതോറിട്ടിയുടെ അനുമതിയോടെ നടത്താൻ സാധിക്കുമെന്നും ജനാർദ്ദനൻ വ്യക്തമാക്കി.

കോളേജിനെതിരെ നിരവധി ഗൗരവമേറിയ പരാതികൾ വീഡിയോയിൽ വിദ്യാർത്ഥിനികൾ ഉന്നയിക്കുന്നുണ്ട്. ഫീസ് ,ഡൊണേഷൻ,എൻ.ആർ.ഐ എന്നിങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഇവർ അടച്ചത്.അതിൽ ഫീസ് മാത്രം ആറ് ലക്ഷം വരും.ഇതിനൊന്നും ഒരു തെളിവുകളുമില്ല.ലാബ് സൗകര്യമില്ല,ആവിശ്യത്തിന് ഫാക്കൽറ്റിയില്ല,സ്വന്തമായി ഡിപ്പാർട്മെന്റില്ല.പ്രസ്തുത കോഴ്‌സിന് യൂ.ജി.സി യുടെ അംഗീകാരം ഉണ്ടെന്നുള്ള കോളേജിൻറെ അവകാശവാദത്തെയും ഇവർ സംശയിക്കുന്നു.ഇതോടൊപ്പം എഞ്ചിനീയറിംഗ് കോളേജിൽ എങ്ങനെയാണ് മെഡിക്കൽ കോഴ്സ് നടത്താൻ സാധിക്കുന്നതെന്നുള്ള അടിസ്ഥാനപരമായ സംശയം ഇവർ ഉന്നയിക്കുന്നു.

എല്ലാത്തരത്തിലും തങ്ങൾ പെട്ടുപോയെന്നും,ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷമാണ് നഷ്ടമായതെന്നും ആയതിനാൽ ഒന്നുകിൽ അടച്ച ഫീസ് മുഴുവൻ തിരിച്ചുനൽകണമെന്നും അല്ലെങ്കിൽ അംഗീകാരമുള്ള മറ്റേതെങ്കിലും കോളേജിലേക്ക് മാറ്റം വേണമെന്നുമാണ് ഇവരുടെ ആവിശ്യം. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട്പോകാനാണ് ഇവരുടെ തീരുമാനം.