ഫോൺ വിവാദം: മം​ഗളം സിഇഒ അജിത് കുമാർ അടക്കം ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

കുറ്റകരമായ ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ​ക്രൈം ബ്രാഞ്ച് പൊലീസാണ് കേസെടുത്തത്. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.ടി ആക്ട്, ​ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോ​ഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേർ നൽകിയ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഫോൺ വിവാദം: മം​ഗളം സിഇഒ അജിത് കുമാർ അടക്കം ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

മുൻ മന്ത്രി എ കെ ശശീന്ദ്രൻ രാജിക്കു കാരണമായ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് മം​ഗളം ടെലിവിഷൻ സിഇഒ ആർ അജിത്കുമാറിനും മറ്റ് ഒമ്പതു പേർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കുറ്റകരമായ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ​ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഐ.ടി ആക്ട്, ​ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോ​ഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേർ നൽകിയ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തുടർന്ന്, എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷൻ പുറത്തുവിട്ട സംഭവങ്ങൾ അന്വേഷിക്കാൻ ആറംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ സം​ഘമാണ് ഇപ്പോൾ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈടെക് സെൽ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഐ ജി ദിനേന്ദ്ര കശ്യപാണ് മേൽനോട്ടം വഹിക്കുക. പാലക്കാട് എസ്പി പ്രതിഷ്, കോട്ടയം എസ്പി എൻ. രാമചന്ദ്രൻ, ക്രൈംബ്രാഞ്ച് ഡിവൈ എസ്പി ഷാനവാസ്, സബ് ഇൻസ്പെക്ടർ സുധാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ചാനലിന്റെ ഉദ്ഘാടന ദിവസം ബി​ഗ് ബ്രേക്കിങ് ആയി പുറത്തുവിട്ട വാർത്തയാണ് വിവാദമായത്. പരാതിക്കാരിയോട് മന്ത്രി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തി എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ ഫോൺ സംഭാഷണം പുറത്തുവിട്ടത്. ഇതിൽ മന്ത്രിയുടെ മാത്രം ശബ്ദമായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീയുടെ ശബ്ദം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിരുന്നു. ഇത് സംശയങ്ങൾക്കിടയാക്കി. ഇതേ തുടർന്ന് ചാനലിനെതിരെ വൻ വിമർശനങ്ങൾ ഉണ്ടാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. തുടർന്ന്, തെറ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ ധാർമികത ഉയർത്തിപ്പിടിച്ച് താൻ രാജിവയ്ക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു.

ഇതോടെ, വാർത്ത ചാനലിന്റെ ഹണി ട്രാപ്പായിരുന്നുവെന്നും ചാനലിലെ തന്നെ ജീവനക്കാരിയെ ഉപയോ​ഗിച്ചാണ് ഇത് ചെയ്തതെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ചാനലിന്റെ നടപടിക്കെതിരെ മുതിർന്ന മാധ്യമപ്രവർത്തകരടക്കം വിമർശനവുമായി രം​ഗത്തെത്തി. തുടർന്ന്, വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും റിട്ട. ജസ്റ്റിസ് പി എ ആന്റണിയെ കമ്മീഷനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു സമാന്തരമായി പൊലീസും അന്വേഷണം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഇതിനിടെ, ചാനലിന്റെ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് ബ്യൂറോ ചീഫ് ഉൾപ്പെടെ നാലുപേർ രാജിവച്ചിരുന്നു. ഇതോടെ, വാർത്താ സംപ്രേഷണത്തിൽ തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് ഇന്നലെ രാത്രി മം​ഗളം സിഇഒ ആർ അജിത്കുമാർ രം​ഗത്തുവന്നു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷൻ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത് പറഞ്ഞു. മം​ഗളത്തിലെ തന്നെ ഒരു ജീവനക്കാരിയെ വച്ചുനടത്തിയ സ്റ്റിങ് ഓപറേഷനായിരുന്നു ഇതെന്നും മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നും അജിത്കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ‌

അതേസമയം, കർശന നടപടികളുമായി സർക്കാരും ക്രൈംബ്രാഞ്ചും മുന്നോട്ടുപോവുമെന്നുറപ്പായതോടെയാണ് ചാനൽ മാപ്പുപറഞ്ഞ് തടിയൂരാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം. എന്നാൽ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാരും പൊലീസും.