വയനാട് വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു; ലോറിയില്‍ വെള്ളമെത്തിച്ച് വനപാലകര്‍ കുളങ്ങള്‍ നിറയ്ക്കുന്നു

പൊന്‍കുഴി പുഴയില്‍ നിന്നും കാരാപ്പുറ റിസര്‍വോയറില്‍ നിന്നുമായാണ് കുളങ്ങള്‍ നിറയ്ക്കാനുള്ള വെള്ളം ശേഖരിക്കുന്നത്. എലിഫെന്റ് ആംബുലന്‍സില്‍ 5000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന രണ്ട് ടാങ്കുകളിലാണ് വെള്ളം നിറയ്ക്കുന്നത്. ഇത് കുളത്തിലേക്ക് ഓസിട്ടാണ് ഒഴുക്കുന്നത്. ഒരു ദിവസം 80,000 ലിറ്റര്‍ വെള്ളംവരെ ഇപ്രകാരം കുളം നിറയ്ക്കാന്‍ ശേഖരിക്കുന്നുണ്ടെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു; ലോറിയില്‍ വെള്ളമെത്തിച്ച് വനപാലകര്‍ കുളങ്ങള്‍ നിറയ്ക്കുന്നു

നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലെ പ്രധാന വന്യജീവിസങ്കേതമായ വയനാട്ടില്‍ വനത്തിനകത്തെ ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ ലോറിയില്‍ വെള്ളമെത്തിച്ച് വനപാലകര്‍ കുളങ്ങള്‍ നിറയ്ക്കുന്നു. വനാന്തരങ്ങള്‍ വരണ്ടുണങ്ങുകയും ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ഗ്രാമപ്രദേശങ്ങളിലേക്ക് പലായനം ചെയ്യല്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വയനാട് വൈല്‍ഡ് ലൈഫിലെ വനപാലകര്‍ കുളംനിറയ്ക്കല്‍ പരിപാടിക്കു തുടക്കമിട്ടിരിക്കുന്നത്.

344 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുമൃഗങ്ങള്‍ക്കു വെള്ളം കുടിക്കാനും നീരാടാനുമായി 269 കുളങ്ങളാണുള്ളത്. ഇതില്‍ ബന്ദിപ്പൂര്‍ കടുവാസങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയിലെ 70ഓളം കുളങ്ങളാണ് വറ്റിയത്. ഈ ഭാഗത്താണ് വ്യാപകമായി കാട്ടുതീയുണ്ടായത്.

പൊന്‍കുഴി പുഴയില്‍ നിന്നും കാരാപ്പുറ റിസര്‍വോയറില്‍ നിന്നുമായാണ് കുളങ്ങള്‍ നിറയ്ക്കാനുള്ള വെള്ളം ശേഖരിക്കുന്നത്. എലിഫെന്റ് ആംബുലന്‍സില്‍ 5000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന രണ്ട് ടാങ്കുകളിലാണ് വെള്ളം നിറയ്ക്കുന്നത്. ഇത് കുളത്തിലേക്ക് ഓസിട്ടാണ് ഒഴുക്കുന്നത്. ഒരു ദിവസം 80,000 ലിറ്റര്‍ വെള്ളംവരെ ഇപ്രകാരം കുളം നിറയ്ക്കാന്‍ ശേഖരിക്കുന്നുണ്ടെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

നാല് റെയ്ഞ്ചുകളില്‍ നിന്നായി രാവിലെ ആറുമുതല്‍ സന്ധ്യവരെ ഒമ്പത് ജീവനക്കാരാണ് കുളം നിറയ്ക്കല്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നത്. ബത്തേരി, മുത്തങ്ങ, തോല്‍പ്പട്ടി, കുറിച്ച്യാട് റെയ്ഞ്ചുകളിലാണ് ഇത്രയും കുളങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം 500 കിലോമീറ്റര്‍ ദൂരം വെള്ളവുമായി എലിഫെന്റ് ആംബുലന്‍സ് സഞ്ചരിക്കുന്നുണ്ട്. ബത്തേരിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് കടമായാണ് ഇന്ധനം നിറയ്ക്കുന്നത്. വനസംരക്ഷണത്തിനു കാര്യമായ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് വനപാലകരുടെ ഈ സാഹസം.

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല വയനാടാണ്. അതുകൊണ്ടുതന്നെ നവംബര്‍ മാസത്തോടെ തന്നെ ഇവിടെ വരള്‍ച്ച രൂക്ഷമായിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന സസ്യങ്ങള്‍ വ്യാപകമായിട്ടുണ്ട്. മാത്രമല്ല മണ്ണിരയും ഞണ്ടുമെല്ലാം ചത്തൊടുങ്ങുന്ന പ്രതിഭാസവും മാസങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ദിപ്പൂരില്‍ കാട്ടുതീയുണ്ടായപ്പോള്‍ ഏറെ ത്യാഗം സഹിച്ചാണ് കേരളത്തിലെ വനപാലകര്‍ ഇത് അതിര്‍ത്തി കടക്കാതെ തടഞ്ഞുനിര്‍ത്തിയത്. വയനാട്ടില്‍ മൂന്നു തവണ കാര്യമായ മഴ ലഭിച്ചിരുന്നുവെങ്കിലും വരള്‍ച്ചയെ മറികടക്കാന്‍ ഇതുകൊണ്ടൊന്നുമായില്ല എന്നതാണ് യാഥാര്‍ഥ്യം.